
എന്തുകൊണ്ടാണ് ഖുർആൻ കവിതയല്ലാത്തത്? ചന്തമുള്ള കവിതകൾ സാധാരണ സംസാരത്തേക്കാൾ ഉയർന്ന പദവിയുള്ളതായി കണക്കാക്കപ്പെടുമ്പോഴും, ഖുർആനെ കവിതാ ശൈലിയിൽ നിന്ന് മാറ്റിനിർത്തിയതിന്റെ രഹസ്യം എന്തായിരിക്കും? ഇങ്ങനെ വിശദീകരിക്കാം: ഖുർആൻ സത്യത്തിന്റെ ഉറവിടവും പരമമായ സത്യങ്ങൾ കൂടിച്ചേരുന്ന ഇടവുമാണ്. എന്നാൽ കവികളുടെ പ്രധാന ലക്ഷ്യം ഭാവനകളാണല്ലോ. അവർ അസത്യത്തെ സത്യമായി ചിത്രീകരിക്കുകയും പുകഴ്ത്തുമ്പോൾ അതിരുവിടുകയും ആക്ഷേപിക്കുമ്പോൾ കടുത്ത രീതിയിൽ അധിക്ഷേപിക്കുകയും ചെയ്യുന്നു. അവർ സത്യം വെളിപ്പെടുത്താനോ അത് സ്ഥാപിക്കാനോ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അല്ലാഹു അവന്റെ പ്രവാചകനെﷺ കവിതയിൽ നിന്ന് പവിത്രമാക്കിയത്. കവിതകൾ നുണകൾക്ക് പേര് കേട്ടതുകൊണ്ട് തന്നെ, യുക്തിവാദികൾ തെറ്റായ നിഗമനങ്ങളിലേക്ക് നയിക്കുന്ന വാദങ്ങളെ ‘കവിതാപരമായ വാദങ്ങൾ’ /Poetic arguments എന്ന് വിളിക്കാറുണ്ട്.
ചില ജ്ഞാനികൾ പറഞ്ഞു: “സത്യസന്ധനായ ഒരു മതവിശ്വാസിയും തന്റെ കവിതകളിൽ പൂർണ്ണമായി വിജയിച്ചതായി കാണാറില്ല.” ഇനി, ഖുർആനിൽ ചിലയിടങ്ങളിലെ വരികളുടെ താളം കവിതയോട് സമാനമായി വരുന്നുണ്ടല്ലോ എന്ന നിരീക്ഷണത്തിന് മറുപടി ഇപ്രകാരമാണ്: അതിനെ ‘കവിത’ എന്ന് വിളിക്കാനാവില്ല. കാരണം കവിതയാകാൻ അത് കവിതയായിരിക്കണം എന്ന ഉദ്ദേശ്യം വേണമല്ലോ. കേവലം താളം ഒത്തു വന്നു എന്നത് കൊണ്ട് മാത്രം ഒരാൾ കവിയാകുകയാണെങ്കിൽ ലോകത്തുള്ള എല്ലാവരും കവികളാകുമായിരുന്നു; കാരണം മനുഷ്യ സംസാരത്തിൽ എപ്പോഴെങ്കിലും ഇത്തരം താളങ്ങൾ ഒത്തു വരാതിരിക്കില്ല.
അറബിയിലെ മഹാന്മാരായ സാഹിത്യകാരന്മാർ ഖുർആൻ കേട്ടിട്ടുണ്ട്. ഖുർആൻ കവിതയാണെന്ന് അവർക്ക് തോന്നിയിരുന്നെങ്കിൽ അവർ അതിനെ ഉടൻ തന്നെ എതിർക്കുമായിരുന്നു. കാരണം ഖുർആനെ എങ്ങനെയെങ്കിലും കുറ്റപ്പെടുത്താൻ അവർ അത്രയേറെ ആഗ്രഹിച്ചിരുന്നു. ഖുർആനിലെ ചില വരികളിൽ ഇത്തരം താളങ്ങൾ അനുഭവപ്പെടുന്നത് ആ വചനങ്ങൾ അങ്ങേയറ്റം ഒഴുക്കുള്ളതും സംഗീതാത്മകവും ആയതുകൊണ്ടാണ്.
മറ്റൊരു അഭിപ്രായം ഇങ്ങനെയാണ്: കേവലം ഒരു വരിയോ ആ വരിയുടെ താളമോ ഉണ്ടായതുകൊണ്ട് അതിനെ കവിത എന്ന് വിളിക്കില്ല. ചുരുങ്ങിയത് രണ്ട് വരികളെങ്കിലും ഉണ്ടെങ്കിലേ കവിതയാകൂ. മറ്റൊന്ന്: ‘റജസ്’ അഥവാ ഒരു പ്രത്യേക അറബി വൃത്തം എന്നത് കവിതയുടെ ഗണത്തിൽ പെടുന്നില്ല. ഇനി റജസ് കവിതയാണെന്ന് വാദിച്ചാൽ തന്നെ ചുരുങ്ങിയത് നാല് വരികളെങ്കിലും വേണം; ഖുർആനിൽ അങ്ങനെയൊന്ന് ഒരിടത്തുമില്ല.
ഖുർആനിലെ വെല്ലുവിളി ആർക്കെല്ലാം എന്ന ഒരു ചർച്ച കൂടിയുണ്ട്. ചില പണ്ഡിതന്മാർ ഇപ്രകാരം അഭിപ്രായപ്പെട്ടു: ഖുർആൻ കൊണ്ടുവരാനുള്ള വെല്ലുവിളി മനുഷ്യരോട് മാത്രമാണ്, ജിന്നുകളോടല്ല. കാരണം ജിന്നുകൾക്ക് ഖുർആൻ അവതരിപ്പിക്കപ്പെട്ട അറബി ഭാഷയുടെ ശൈലികളിൽ പ്രാവീണ്യമില്ല. “മനുഷ്യരും ജിന്നുകളും ഒന്നിച്ചു ചേർന്നാലും…” എന്ന് സൂറത്തുൽ ഇസ്റാഅ് അധ്യായത്തിൽ 88 ആം വചനത്തിൽ ജിന്നുകളെ പരാമർശിച്ചത് ഖുർആനിന്റെ അത്ഭുതസിദ്ധിയെ മഹത്വപ്പെടുത്താനാണ്. കാരണം വ്യക്തികളേക്കാൾ കൂടുതൽ കരുത്ത് സംഘം ചേരുമ്പോഴുണ്ടാകുമല്ലോ. അപ്പോൾ മനുഷ്യരും ജിന്നുകളും പരസ്പരം സഹായികളായി നിന്നിട്ടുപോലും അതിന് സാധിക്കുന്നില്ലെങ്കിൽ, ഒരു വിഭാഗത്തിന് മാത്രം അത് അസാധ്യമായിരിക്കും എന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
മറ്റു ചില പണ്ഡിതന്മാർ പറഞ്ഞു: അല്ല, ഈ വെല്ലുവിളി ജിന്നുകൾക്കും ബാധകമാണ്. മലക്കുകളും ഈ വചനത്തിന്റെ ഉദ്ദേശ്യത്തിൽ ഉൾപ്പെടുമെന്നും പറയപ്പെട്ടിട്ടുണ്ട്. കാരണം ഖുർആനിന് സമാനമായ ഒന്ന് കൊണ്ടുവരാൻ അവർക്കും സാധ്യമല്ല.
അബൂ മൻസൂർ അൽ കിർമാനി(റ) തന്റെ ‘ഗറാഇബു തഫ്സീർ’ എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: ഈ വചനത്തിൽ മനുഷ്യരെയും ജിന്നുകളെയും മാത്രം പരാമർശിച്ചത്, പ്രവാചകൻﷺ നിയോഗിക്കപ്പെട്ടത് ഈ രണ്ട് വിഭാഗങ്ങളിലേക്കുമായതുകൊണ്ടാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
