Tweet 1316

    Tweet 1316
    January 20, 2026 • Tuesday
    Post Header

    ഖുർആനിന്റെ അത്ഭുതസിദ്ധി /ഇഅ്‌ജാസ് അനിവാര്യമായ അറിവിലൂടെ ആണോ അറിയാൻ കഴിയുക എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. അറബിയിൽ ഇതിന് ളറൂരിയ്യായ അറിവ് എന്ന് പറയും.
    ഖാളി അബൂബക്കർ ബാഖില്ലാനി(റ) പറഞ്ഞു:
    ശൈഖ് അബുൽ ഹസൻ അൽ അശ്അരി(റ) അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്: “ഈ അത്ഭുതം തിരുനബിﷺയുടെ കൈകളിലൂടെയാണ് പ്രകടമായത് എന്നത് അനിവാര്യമായും അറിയാവുന്ന കാര്യമാണ്. എന്നാൽ അത് ഒരു ‘മുഅ്ജിസത്ത്’ /അത്ഭുതസിദ്ധി ആണെന്ന കാര്യം ചിന്തയിലൂടെയും തെളിവുകളിലൂടെയും മാത്രമേ ബോധ്യപ്പെടുകയുള്ളൂ.”

    ഖാളി(റ) അവർകൾ തുടരുന്നു:
    “ഞങ്ങൾ പറയുന്നത് ഇതാണ്: അറബി ഭാഷ അറിയാത്ത ഒരാൾക്കോ , ഭാഷാസാഹിത്യത്തിൽ പ്രാവീണ്യമില്ലാത്ത ഒരാൾക്കോ ചിന്തയിലൂടെയും പഠനത്തിലൂടെയും അല്ലാതെ ഖുർആനിന്റെ അത്ഭുതസിദ്ധി മനസ്സിലാക്കാൻ കഴിയില്ല. എന്നാൽ അറബികളുടെ ഭാഷാപ്രയോഗങ്ങളിലും സാഹിത്യ രഹസ്യങ്ങളിലും പ്രാവീണ്യമുള്ള ഒരു പണ്ഡിതനെ സംബന്ധിച്ചിടത്തോളം, ഖുർആനിന് തുല്യമായ ഒന്ന് കൊണ്ടുവരാൻ തനിക്കോ മറ്റാർക്കെങ്കിലുമോ സാധ്യമല്ല എന്ന കാര്യം അനിവാര്യമായും അയാൾക്ക് ബോധ്യമാകുന്നതാണ്.”

    ഖുർആൻ ഭാഷാപരമായ അത്യുന്നത നിലവാരത്തിലാണെന്ന കാര്യത്തിൽ എല്ലാവരും യോജിക്കുന്നു. ആശയങ്ങൾ പ്രകടിപ്പിക്കുന്നതിൽ ഇതിനേക്കാൾ അനുയോജ്യമായതോ സന്തുലിതമായതോ ആയ മറ്റൊരു രചനാരീതിയുമില്ല. എന്നാൽ, ഖുർആനിലെ വചനങ്ങൾക്കിടയിൽ ഫസാഹത്തിന്റെ അഥവാ ഭാഷാശുദ്ധി/സാഹിത്യമികവ് കാര്യത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.

    ഇത്തരത്തിലുള്ള ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്ന വാദത്തെ ഖാളി ബാഖില്ലാനി(റ) നിരാകരിക്കുന്നു. ഖുർആനിലെ ഓരോ വാക്കും അതിന്റെ സാഹിത്യപരമായ അത്യുന്നത നിലവാരത്തിൽ പരകോടിയിൽ തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ ചിലർക്ക് മറ്റുള്ളവരേക്കാൾ ഈ സാഹിത്യഭംഗി തിരിച്ചറിയാൻ കൂടുതൽ കഴിവുണ്ടായേക്കാം എന്ന് മാത്രം.
    എന്നാൽ അബുന്നസ്വർ അൽ ഖുശൈരി(റ)യും മറ്റു ചിലരും ഏറ്റക്കുറച്ചിലുകളുണ്ടെന്ന വാദത്തെ അംഗീകരിക്കുന്നു. ഖുർആനിലെ എല്ലാം ഒരേപോലെ ഏറ്റവും ഉയർന്ന സാഹിത്യ നിലവാരത്തിലാണെന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഖുർആനിൽ ‘അഫ്‌സ്വഹ്’ /ഏറ്റവും ശുദ്ധമായത്, ‘ഫസ്വീഹ്’ /ശുദ്ധമായത് എന്നിങ്ങനെ വകഭേദങ്ങളുണ്ടെന്ന് ഇവർ കരുതുന്നു. ശൈഖ് ഇസ്സുദ്ദീൻ ബിൻ അബ്ദിസ്സലാമും(റ) ഈ അഭിപ്രായത്തോടാണ് യോജിക്കുന്നത്.

    ഈ അഭിപ്രായത്തെ തുടർന്ന് ഇങ്ങനെ ഒരു ചോദ്യമുണ്ടാകാം: എന്തുകൊണ്ടാണ് ഖുർആൻ മുഴുവനായും ഏറ്റവും ഉയർന്ന /അഫ്‌സ്വഹ് നിലവാരത്തിൽ തന്നെ വരാത്തത്?
    സ്വദ്‌ർ മൗഹൂബ് അൽ ജസരി(റ) നൽകിയ മറുപടിയുടെ സാരം ഇപ്രകാരമാണ്:
    “ഖുർആൻ മുഴുവനും അത്യുന്നത നിലവാരത്തിൽ മാത്രമായിരുന്നെങ്കിൽ അത് അറബികൾക്കിടയിൽ പതിവുള്ള സംസാര രീതിയിൽ അഥവാ ഏറ്റവും മികച്ചതും എന്നാൽ നല്ലതുമായ വാക്കുകൾ കലർത്തി സംസാരിക്കുന്ന രീതിൽ നിന്ന് വ്യത്യസ്തമാകുമായിരുന്നു. അങ്ങനെയെങ്കിൽ ഇതിന്റെ അത്ഭുതസിദ്ധി /ഇഅ്‌ജാസ് തെളിയിക്കപ്പെടുകയില്ല. അറബികളുടെ പതിവ് ശൈലിയിൽ തന്നെ ഖുർആൻ വന്നതുകൊണ്ടാണ്, അതിനെ എതിർക്കാൻ അവർക്ക് കഴിയില്ലെന്ന് വരുമ്പോൾ അവരുടെ പരാജയം പൂർണ്ണമാകുന്നത്.”

    ഇതിനൊരു ഉദാഹരണവും അദ്ദേഹം നൽകുന്നുണ്ട്.
    “കാഴ്ചയുള്ള ഒരാൾക്ക് അന്ധനായ ഒരാളോട് ‘ഞാൻ നിന്നെ കാഴ്ചയിൽ തോൽപ്പിച്ചു’ എന്ന് പറയാൻ കഴിയില്ല. കാരണം അന്ധൻ ഇപ്രകാരം മറുപടി നൽകും: ‘നിനക്ക് എന്നെ തോൽപ്പിക്കാൻ കഴിയുന്നത് എനിക്കും കാഴ്ചയുണ്ടായിരിക്കുകയും എന്റെ കാഴ്ചയേക്കാൾ നിന്റെ കാഴ്ച ശക്തമാവുകയും ചെയ്യുമ്പോഴാണ്. എന്നാൽ എനിക്ക് കാഴ്ചയേ ഇല്ലെങ്കിൽ പിന്നെ എവിടെയാണ് മത്സരം?'” അതുപോലെ, അറബികൾക്ക് പരിചിതമായ ഭാഷാശൈലിയിൽ തന്നെ ഖുർആൻ വന്നാലേ അവർക്ക് അത് അനുകരിക്കാൻ ശ്രമിക്കാനും പരാജയപ്പെടുമ്പോൾ അതിന്റെ അമാനുഷികത ബോധ്യപ്പെടാനും സാധിക്കൂ. //അല്ലാഹുവിനാണ് ഏറ്റവും നന്നായി അറിയാവുന്നത്.//

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...