
ഖാളി അബൂബക്കർ അല് ബാഖില്ലാനി(റ) പറഞ്ഞു:
“മറ്റ് വേദഗ്രന്ഥങ്ങളായ തൗറാത്തും ഇൻജീലും ഖുർആനിനെപ്പോലെ അത്ഭുതസിദ്ധി അഥവാ മുഅ്ജിസത്തുള്ളതാണോ എന്ന ചോദ്യത്തിന് ഞങ്ങളുടെ മറുപടി ഇതാണ്: അവയൊന്നും തന്നെ അതിന്റെ രചനാശൈലിയിലോ കോർവ /നള്മിലോ ഖുർആനിനെപ്പോലെ അത്ഭുതകരമല്ല. എന്നാൽ ഖുർആനിനെപ്പോലെ തന്നെ അദൃശ്യ കാര്യങ്ങൾ പ്രവചിക്കുന്നു എന്ന കാര്യത്തിൽ അവയും അത്ഭുതകരമായിരിക്കാം. അവ രചനാപരമായി മുഅ്ജിസത്താകാത്തതിന് കാരണം, ഖുർആനിനെ വിശേഷിപ്പിച്ചതുപോലെ അല്ലാഹു അവയെ വിശേഷിപ്പിച്ചിട്ടില്ല എന്നതാണ്. കൂടാതെ, ഖുർആനിലേതുപോലെ അവക്ക് സമാനമായതൊന്ന് കൊണ്ടുവരാൻ ഒരു വെല്ലുവിളി /തഹദ്ദി ഉണ്ടായതായും നമുക്കറിയില്ല. മാത്രമല്ല, മുൻ വേദങ്ങളുടെ ഭാഷകളിൽ അഥവാ ഹീബ്രു, സുറിയാനി എന്നീ ഭാഷകളിൽ ഇഅ്‌ജാസിന്റെ തലത്തിലേക്ക് എത്തുന്ന തരത്തിലുള്ള സാഹിത്യപരമായ ഏറ്റക്കുറച്ചിലുകൾ സാധ്യവുമല്ല.”
ഇബ്നു ജിന്നി(റ) തന്റെ ‘അൽ-ഖാത്വിരിയ്യാത്ത്’ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്:
“മൂസാ(അ), ഒന്നുകിൽ നീ ഇടുക, അല്ലെങ്കിൽ ഞങ്ങളാകാം ആദ്യം ഇടുന്നത്” എന്ന ആശയമുള്ള വിശുദ്ധ ഖുർആൻ ത്വാഹാ അധ്യായത്തിലെ 65 ആമത്തെ സൂക്തത്തിൽ പ്രയോഗിച്ചിരിക്കുന്ന ശൈലീപരമായ മാറ്റങ്ങൾക്ക് രണ്ട് ലക്ഷ്യങ്ങളുണ്ട്:
ഒന്ന്. വാചികമായ ലക്ഷ്യം അഥവാ സൂക്തങ്ങളുടെ അവസാന വാക്കുകൾ തമ്മിലുള്ള താളം /Rhyme നിലനിർത്തുക എന്നത്.
രണ്ട്. ആശയപരമായ ലക്ഷ്യം: മാരണക്കാരുടെ മാനസിക കരുത്തും മൂസാ നബി(അ)യോടുള്ള അവരുടെ നിസ്സാരഭാവവും വെളിപ്പെടുത്തുക എന്നത്. അതുകൊണ്ടാണ് മൂസാ നബി(അ) പ്രവൃത്തി ചെയ്യുന്നതിനേക്കാൾ പൂർണ്ണമായ രൂപത്തിൽ തങ്ങൾ അത് ചെയ്യുമെന്നതിനെക്കുറിച്ച് അവർ സംസാരിച്ചത്.
തുടർന്ന് അദ്ദേഹം ഒരു ചോദ്യം ഉന്നയിക്കുന്നു: “ആ സിഹ്‌റുകാർ അറബി ഭാഷ സംസാരിക്കുന്നവരായിരുന്നില്ലല്ലോ, പിന്നെങ്ങനെയാണ് അവർക്ക് ഇത്രയും ഉയർന്ന സാഹിത്യശൈലിയിലുള്ള സംസാരം സാധ്യമാകുക?”
അദ്ദേഹം തന്നെ മറുപടി നൽകുന്നു:
“കഴിഞ്ഞുപോയ സമുദായങ്ങളിലെ അറബിയിതര ഭാഷക്കാർ പറഞ്ഞതായി ഖുർആനിൽ വന്നിട്ടുള്ളതെല്ലാം അവരുടെ ആശയങ്ങളുടെ വിവർത്തനമാണ്, അല്ലാതെ അവർ പ്രയോഗിച്ച അതേ വാക്കുകളല്ല. അതുകൊണ്ടാണ് “ഈ രണ്ടുപേരും നിങ്ങളെ നാട്ടിൽ നിന്ന് പുറത്താക്കാൻ ആഗ്രഹിക്കുന്ന രണ്ട് സിഹ്‌റുകാരാണ് അഥവാ മാരണക്കാരാണ്” എന്ന ആശയം നൽകുന്ന ത്വാഹാ അധ്യായത്തിലെ 63 ആമത്തെ വചനത്തിലെ സാഹിത്യത്തികവ് ഒരിക്കലും ഒരു അജമി / അനറബി ഭാഷയിൽ ഉണ്ടായതല്ല എന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയുന്നത്.”
“ഇത് അല്ലാഹു അല്ലാത്തവരുടെ അടുക്കൽ നിന്നുള്ളതായിരുന്നുവെങ്കിൽ ഇതിൽ ധാരാളം വൈരുദ്ധ്യങ്ങൾ അവർ കണ്ടെത്തുമായിരുന്നു” എന്ന ആശയമുള്ള സൂറത്തു നിസാഅ് 82 ആമത്തെ ഖുർആനിക വചനത്തിന്റെ അർഥത്തെക്കുറിച്ച് ഇമാം ഗസ്സാലി(റ) ചോദിക്കപ്പെട്ടു. അവിടുന്ന് ഇപ്രകാരം മറുപടി നൽകി. ‘ഇഖ്തിലാഫ്’ അഥവാ വൈരുദ്ധ്യം/വ്യത്യാസം എന്നത് ഒന്നിലധികം അർഥങ്ങളുള്ള ഒരു പദമാണ്. ഇവിടെ ജനങ്ങൾ ഖുർആനിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങൾ പറയുന്നതിനെയല്ല നിരാകരിക്കുന്നത്, മറിച്ച് ഖുർആനിന്റെ സ്വഭാവത്തിലുള്ള വൈരുദ്ധ്യങ്ങളെയാണ്. ഒരു സംസാരം ‘വ്യത്യസ്തമാണ്’ ആദ്യമൊരു നിലവാരവും പിന്നൊരു നിലവാരവും എന്ന് പറയപ്പെടുന്നത് പ്രധാനമായും താഴെ പറയുന്ന സാഹചര്യങ്ങളിലാണ്:
ഒന്ന്. സാഹിത്യപരമായ വ്യത്യാസം: അതിന്റെ തുടക്കവും ഒടുക്കവും ഒരേ സാഹിത്യ നിലവാരത്തിൽ അല്ലാതിരിക്കുക.
രണ്ട്. ലക്ഷ്യത്തിലെ വ്യത്യാസം: ഒരു ഭാഗം ദീനിലേക്ക് ക്ഷണിക്കുമ്പോൾ മറുഭാഗം ദുനിയാവിലേക്ക് ഭൗതിക ലോകത്തേക്ക് ക്ഷണിക്കുക.
മൂന്ന്. ശൈലിയിലെ വ്യത്യാസം: ഒരു ഭാഗം കവിതയുടെ രൂപത്തിലും മറ്റൊരു ഭാഗം താളം തെറ്റിയ രീതിയിലും, ചിലത് ഗൗരവമുള്ള ശൈലിയിലും മറ്റു ചിലത് അതിൽ നിന്ന് തീർത്തും വ്യത്യസ്തമായ ശൈലിയിലും ആവുക.
എന്നാൽ ഖുർആനിക വചനങ്ങൾ ഇത്തരത്തിലുള്ള എല്ലാ വ്യത്യാസങ്ങളിൽ നിന്നും പരിശുദ്ധമാണ്. ഖുർആൻ അതിന്റെ രചനാശൈലിയിൽ ഒരേ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. അതിന്റെ തുടക്കവും ഒടുക്കവും പരസ്പരം പൊരുത്തപ്പെട്ടു നിൽക്കുന്നു. അത് സാഹിത്യത്തിന്റെ അത്യുന്നത നിലവാരത്തിലാണ്. അതിൽ മോശമായതോ നിലവാരമില്ലാത്തതോ ആയ വരികളില്ല. അതിന്റെ ലക്ഷ്യമാകട്ടെ പടപ്പുകളെ അല്ലാഹുവിലേക്ക് ക്ഷണിക്കുക, അവരെ ദുനിയാവിൽ നിന്ന് ദീനിലേക്ക് തിരിക്കുക എന്ന ഒരൊറ്റ കാര്യവുമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
