Tweet 1302

    Tweet 1302
    January 6, 2026 • Tuesday
    Post Header

    മൂന്ന്: എതിർക്കാനും വെല്ലുവിളിക്കാനുമുള്ള ആഹ്വാനം.
    ഇമാം ജൗഹരി(റ) പറഞ്ഞു: ഒരാളെ ഞാൻ ‘തഹദ്ദി’ ചെയ്തു എന്ന് പറഞ്ഞാൽ, ഒരു പ്രവൃത്തിയിൽ മത്സരിക്കുകയും തോൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് അർത്ഥം. ‘ഹദാ’ എന്നാൽ ഒട്ടകങ്ങളെ നയിക്കുന്നവൻ പാടുന്ന പാട്ടാണ്. ആലങ്കാരികമായി പറഞ്ഞാൽ, സമന്മാരായ ആളുകൾ പരസ്പരം മത്സരിക്കുകയും ജയത്തിനായി പോരാടുകയും ചെയ്യുന്നതിനെ ‘തഹദ്ദി’ എന്ന് വിളിക്കുന്നു. ഈ പ്രയോഗത്തിന്റെ അടിസ്ഥാനം രണ്ട് പാട്ടുകാർ പരസ്പരം മത്സരിക്കുകയും ഓരോരുത്തരും മറ്റൊരാളുടെ പാട്ടിനെ വെല്ലുവിളിക്കുകയും ചെയ്യും എന്നതിൽ നിന്നാണ്. ഇമാം ത്വീബി(റ) രേഖപ്പെടുത്തിയതുപോലെ, പിന്നീട് ഈ പദം എല്ലാത്തരം മത്സരങ്ങൾക്കും ഉപയോഗിച്ചു തുടങ്ങി.

    നാല്: ‘മുഅ്ജിസത്ത്’ എന്ന പദത്തിലെ
    ”ഹാ/താ മർബൂത്വ എന്ന അക്ഷരം ആ ഗുണത്തിന്റെ തീവ്രതയെയും ഉറപ്പിനെയും സൂചിപ്പിക്കുന്നു. ‘അല്ലാമ/അതിയായ അറിവുള്ളവൻ, ‘നസ്സാബ/വംശാവലിയിൽ അഗാധ പണ്ഡിതൻ എന്നീ പദപ്രയോഗങ്ങൾക്ക് തുല്യമാണിത്. മറ്റു അക്ഷരങ്ങൾക്ക് പകരം ഈ അക്ഷരം തിരഞ്ഞെടുത്തത്, ‘മുഅ്ജിസത്ത്’ എന്നത് അത്ഭുതം എന്നതിലുപരി, മറ്റുള്ളവരെ അശക്തരാക്കുന്നത് എന്ന അർത്ഥത്തിൽ നിന്നാണ് ഉണ്ടായത്.

    അഞ്ച്: മുഅ്ജിസത്തും ആയത്തും തമ്മിലുള്ള പ്രയോഗം ഇങ്ങനെ കൂടി വായിക്കാം. ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്: പ്രമുഖരായ ഇമാമുകൾ പ്രവാചകന്മാരുടെ അത്ഭുതങ്ങളെ ‘ദലാഇലുന്നുബുവ്വ’ /പ്രവാചകത്വത്തിന്റെ തെളിവുകൾ, ‘ആയാതുന്നുബുവ്വ’ /പ്രവാചകത്വത്തിന്റെ ദൃഷ്ടാന്തങ്ങൾ എന്നാണ് വിളിച്ചിരുന്നത്. ഖുർആനിലോ സുന്നത്തിലോ ‘മുഅ്ജിസത്ത്’ എന്ന പദം നേരിട്ട് വന്നിട്ടില്ല. പകരം ആയത്ത് /ആടയാളം, ബയ്യിനത്ത് /വ്യക്തമായ തെളിവ്, ബുർഹാൻ /പ്രമാണം എന്നീ പദങ്ങളാണുള്ളത്.

    ‘മുഅ്ജിസത്ത്’ എന്ന പദം പിൽക്കാലത്ത് മുത്തകല്ലിമീങ്ങളായ പണ്ഡിതന്മാർ പ്രവാചകന്മാരുടെ ദൃഷ്ടാന്തങ്ങൾക്ക് സാങ്കേതികമായി നൽകിയ പേരാണ്. എല്ലാ മുഅ്ജിസത്തുകളും ഒരു ആയത്തോ ബുർഹാനോ ബയ്യിനത്തോ ആണ്. എന്നാൽ, തിരിച്ച് എല്ലാ അർത്ഥത്തിലും ആയിക്കൊള്ളണമെന്നില്ല.

    തിരുനബിﷺയുടെ ഏറ്റവും ആധികാരിക പ്രമാണമായ ഖുർആൻ സംബന്ധിച്ച ഒരു വായന കൂടി നമുക്ക് നിർവഹിക്കാം.

    ഖുർആൻ മനുഷ്യ വചനങ്ങൾക്ക് സദൃശമല്ലെന്ന് ശത്രുക്കൾ വരെ അംഗീകരിക്കുകയും അത്തരം ബോധ്യങ്ങളിൽ നിന്ന് ചിലർ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അല്ലാഹു തന്നെ പ്രസ്താവിക്കുന്നു.
    “പറയുക: ഈ ഖുർആനിന് സദൃശമായ ഒന്ന് കൊണ്ടുവരാൻ മനുഷ്യരും ജിന്നുകളും ഒന്നിച്ചു ചേർന്നാലും, അവർ പരസ്പരം സഹായികളായാൽ പോലും അതിന് സദൃശമായ ഒന്ന് കൊണ്ടുവരാൻ അവർക്കാവില്ല.” ഇസ്രാഅ് അധ്യായത്തിലെ 88 ആം സൂക്തത്തിന്റെ ആശയമാണിത്.

    അറബി ഭാഷയിൽ അഗാധ പാണ്ഡിത്യമുള്ളവരും വാഗ്മികളും ഇതിനായി പരമാവധി ശ്രമിച്ചാലും ഖുർആനിന്റെ അലങ്കാരത്തിനോ, അതിന്റെ മനോഹരമായ ഘടനയ്ക്കോ തുല്യമായ ഒന്ന് കൊണ്ടുവരാൻ അവർക്ക് സാധ്യമല്ല. ഈ വെല്ലുവിളിയിൽ മലക്കുകളെ ഉൾപ്പെടുത്താതിരുന്നത് വെല്ലുവിളിക്കപ്പെട്ടവർ മനുഷ്യരും ജിന്നുകളും ആയതിനാലാണ്. ഖുർആനിന്റെ അത്യുന്നതമായ ഭാഷാശൈലിയിൽ അത്ഭുതപ്പെട്ട ജിന്നുകൾ ഇപ്രകാരം പറഞ്ഞു: “തീർച്ചയായും അത്ഭുതകരമായ ഒരു ഖുർആൻ ഞങ്ങൾ കേട്ടിരിക്കുന്നു. അത് സന്മാർഗത്തിലേക്ക് വഴിനടത്തുന്നു, അതിനാൽ ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു.” ജിന്ന് അധ്യായത്തിലെ ആദ്യത്തെ രണ്ട് സൂക്തങ്ങളുടെ സംക്ഷിപ്തമാണിത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...