Tweet 1303

    Tweet 1303
    January 7, 2026 • Wednesday
    Post Header

    തിരുനബിﷺ പറഞ്ഞു: “മനുഷ്യർ വിശ്വസിക്കാൻ പോന്ന ദൃഷ്ടാന്തങ്ങൾ /ആയാത്ത് നൽകപ്പെടാത്ത ഒരു പ്രവാചകനും കഴിഞ്ഞുപോയിട്ടില്ല. അല്ലാഹു എനിക്ക് നൽകിയ വഹ്‌യ് /ദിവ്യസന്ദേശമാണ് എനിക്ക് ലഭിച്ച ദൃഷ്ടാന്തം. അതിനാൽ അന്ത്യദിനത്തിൽ ഏറ്റവും കൂടുതൽ അനുയായികളുള്ള പ്രവാചകൻ ഞാനായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്ത ഹദീസിൻ്റെ ആശയമാണിത്.

    “നബിമാർക്ക് നൽകപ്പെട്ടു” എന്ന ഹദീസിലെ വാചകത്തിന് ഹാഫിള് ഇബ്നു ഹജർ(റ) നൽകിയ വിശദീരണം ഇങ്ങനെയാണ്. പ്രവാചകന്മാരുടെ സത്യസന്ധത ബോധ്യപ്പെടാൻ കാണുന്നവർക്ക് നിർബന്ധമായും ഒരു ‘മുഅ്ജിസത്ത്’ /അത്ഭുതം ആവശ്യമാണ് എന്നാണ്. ശാഠ്യം പിടിച്ചു നിൽക്കുന്നവരുടെ നിഷേധം ആ പ്രവാചകനെ ബാധിക്കില്ല.
    ഇബ്നു ഖുർഖൂൽ(റ) ഈ ഹദീസിനെ ഭാഷാപരമായി വിശകലനം ചെയ്തുകൊണ്ട് പറയുന്നു:
    ഓരോ പ്രവാചകനും പ്രവാചകത്വം തെളിയിക്കുന്ന അത്ഭുതങ്ങൾ അല്ലാഹു നൽകിയിട്ടുണ്ട്. അത് കണ്ടാൽ ഏതൊരു മനുഷ്യനും സത്യം വിശ്വസിക്കാൻ നിർബന്ധിതനാകും. “ഇതിന് സദൃശമായ ഒരു സൂറത്ത്/അധ്യായം നിങ്ങൾ കൊണ്ടുവരിക” എന്ന ഖുർആനിലെ ദൃഷ്ടാന്തം കാണുമ്പോൾ മനുഷ്യർക്ക് അതിൽ വിശ്വസിക്കാതിരിക്കാൻ കഴിയില്ല.

    ഇതിന്റെ സാരം ഇപ്രകാരമാണ്: ഓരോ പ്രവാചകനും തങ്ങളുടെ പ്രവാചകത്വം തെളിയിക്കുന്നതിനായി ആ കാലഘട്ടത്തിന് അനുയോജ്യമായ അത്ഭുതപ്രവൃത്തികൾ നൽകപ്പെട്ടിരുന്നു. ആ കാലഘട്ടം കഴിയുന്നതോടെ ആ അത്ഭുതപ്രവൃത്തിയുടെ പ്രഭാവവും അവസാനിക്കുന്നു.
    മൂസാ നബി(അ)യുടെ കാലത്ത് വടി പാമ്പായി മാറിയതും കൈ വെള്ളനിറത്തിൽ പ്രകാശിച്ചതും മന്ത്രവാദികൾ കെട്ടിച്ചമച്ചതിനെ വിഴുങ്ങിക്കളയുന്നതായിരുന്നു. ഓരോ പ്രവാചകനും അവിടുത്തെ ജനതയുടെ അവസ്ഥയ്ക്ക് അനുയോജ്യമായ അത്ഭുതങ്ങൾ മുഖേനയാണ് പ്രവാചകത്വം തെളിയിച്ചത്. മൂസാ നബി(അ)യുടെ കാലത്ത് മന്ത്രവാദമായിരുന്നു പ്രബലമായിരുന്നത്. ഫിർഔന്റെ അടുക്കൽ അത് സർവ്വസാധാരണമായിരുന്നു. അതിനാൽ അവർക്ക് അറിവുള്ളതിനേക്കാൾ വലിയ ഒന്നുമായി മൂസാ നബി(അ) വന്നു. അതോടെ മൂസാനബി(അ)യെ വിശ്വസിക്കാൻ അവർ നിർബന്ധിതരായി. ഇത് മറ്റാർക്കും സംഭവിക്കാത്തതായിരുന്നു.

    ഈസാ നബി(അ)യുടെ കാലത്ത് വൈദ്യശാസ്ത്രത്തിനായിരുന്നു പ്രാധാന്യം. അന്ന് വൈദ്യശാസ്ത്രത്തിന് അസാധ്യമായ കാര്യങ്ങളുമായി അവിടുന്ന് വന്നു. ജന്മനാ കാഴ്ചയില്ലാത്തവനെ സുഖപ്പെടുത്തുക, കുഷ്ഠരോഗിയെ ഭേദമാക്കുക, മനുഷ്യർക്ക് സാധ്യമല്ലാത്ത വിധത്തിൽ മരിച്ചവനെ ജീവിപ്പിക്കുക എന്നിവയായിരുന്നു അത്.

    എന്നാൽ, തിരുനബിﷺ നിയോഗിക്കപ്പെട്ടത് ഭാഷാശുദ്ധിയുടെയും സാഹിത്യത്തിന്റെയും വശ്യതയുടെയും ഉറവിടമായ ശുദ്ധ അറബികൾക്കിടയിലേക്കാണ്. സംസാരകലയുടെ ഉന്നത തലങ്ങളിലായിരുന്ന അവർക്ക് മുന്നിൽ ഖുർആൻ സമർപ്പിക്കപ്പെട്ടു. അതിലെ ഏറ്റവും ചെറിയ അധ്യായത്തിന് തുല്യമായ ഒന്ന് കൊണ്ടുവരാൻ പോലും അവരെ അത് അശക്തരാക്കി. പ്രവാചകത്വത്തിന്റെ ഒരിക്കലും അവസാനിക്കാത്ത പ്രമാണവും രേഖയുമായി വിശുദ്ധ ഖുർആൻ അവശേഷിക്കുന്നു. ലോകാവസാനം വരെയും അത് പ്രമാണമായി തന്നെ തുടരുകയും ചെയ്യും. ഖുർആൻ മുന്നോട്ടുവച്ച ആശയങ്ങളും ഉയർത്തിക്കാട്ടിയ വെല്ലുവിളിയും തുടരുന്നു. അത് തുടർന്നു കൊണ്ടേയിരിക്കുകയും ചെയ്യും.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...