
ചില ഇമാമുകൾ ഇപ്രകാരം പറയുന്നു. തിരുനബിﷺയുടെ മുഅ്ജിസത്തുകളിൽ പെട്ട ഈ രണ്ടാമത്തെ വിഭാഗം, ഖണ്ഡിതമായി അറിയപ്പെട്ടതും ‘മുതവാത്തിർ’ അഥവാ കളവാക്കാനാവാത്ത അത്രയും സംഘം പരമ്പരയായി പറഞ്ഞു വന്നതായി നമുക്ക് ലഭിച്ചതുമാണ്. തിരുനബിﷺയിലൂടെ അസാധാരണമായ നിരവധി സംഭവങ്ങളും പ്രകൃതിനിയമങ്ങൾക്ക് അതീതമായ കാര്യങ്ങളും വെളിപ്പെട്ടിട്ടുണ്ട്. അവയിൽ ഓരോ കാര്യവും വ്യക്തിഗതമായി നോക്കിയാൽ ഒരുപക്ഷേ ‘ഖണ്ഡിതം’ എന്ന തരത്തിൽ പറയാനാവില്ലെങ്കിലും, അവയെല്ലാം മൊത്തമായി പരിഗണിക്കുമ്പോൾ അത് തീർച്ചയായും ഉറപ്പുള്ള അറിവ് നൽകുന്നു.
അതുകൊണ്ട് തന്നെ, തിരുനബിﷺയിലൂടെ ഇത്തരത്തിലുള്ള അത്ഭുതങ്ങൾ നടന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അവയെല്ലാം അവിടുത്തെ സത്യസന്ധതയെ വിളിച്ചോതുന്നതും പ്രവാചകത്വത്തിന് സാക്ഷ്യം വഹിക്കുന്നതുമാണ്. തിരുനബിﷺ മുഖേന അത്ഭുതങ്ങൾ വെളിപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തിൽ സത്യവിശ്വാസിയെന്നോ അവിശ്വാസിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരും യോജിക്കുന്നു.
എന്നാൽ ഈ അത്ഭുതങ്ങൾ അല്ലാഹുവിങ്കൽ നിന്നുള്ളതാണോ എന്ന കാര്യത്തിൽ മാത്രമാണ് ശത്രുക്കൾ തർക്കിച്ചത്. വാസ്തവത്തിൽ, ഒരു പ്രവാചകൻ വെല്ലുവിളിയുമായി ഇത്തരമൊരു മുഅ്ജിസത്ത് പ്രകടമാക്കുമ്പോൾ അത് ‘എന്റെ ദാസൻ, അവിടുന്ന് വാദിക്കുന്ന പ്രവാചകത്വത്തിൽ സത്യവാനാണ്’ എന്ന് അല്ലാഹു പ്രഖ്യാപിക്കുന്നതിന് തുല്യമാണ്.
തിരുനബിﷺയിൽ നിന്ന് ഇത്തരത്തിലുള്ള അസാധാരണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് അവിതർക്കിതമായ വസ്തുതയാണ്. അതിനെ എതിർക്കാൻ വരുന്നവരെ അശക്തരാക്കുന്ന വിധത്തിലാണ് അവ വെളിപ്പെട്ടത്. ഇത് എങ്ങനെയെന്നാൽ: ഹാതിം ത്വാഇയുടെ ഉദാരതയെക്കുറിച്ചും അന്തറയുടെ ധീരതയെക്കുറിച്ചും അഹ്‌നഫ് ബിൻ ഖൈസി(റ)ന്റെ വിവേകത്തെക്കുറിച്ചും നമുക്ക് ലഭിച്ച അറിവ് പോലെയാണത്. ഇവർ ഓരോരുത്തരെയും സംബന്ധിച്ചുള്ള ഓരോരോ വാർത്തകൾ മാത്രമായി എടുത്താൽ ഒരുപക്ഷേ അത് ‘മുതവാത്തിർ’ ആയ ഉറപ്പുള്ള അറിവ് നൽകണമെന്നില്ല. എന്നാൽ അവരെക്കുറിച്ച് വന്ന എല്ലാ വാർത്തകളും ഒത്തുചേരുമ്പോൾ ഹാതിം ഉദാരനായിരുന്നുവെന്നും അന്തറ ധീരനായിരുന്നുവെന്നുമുള്ള കാര്യം സംശയലേശമന്യേ നാം വിശ്വസിക്കുന്നു. അതുപോലെയാണ് നബിﷺയുടെ മുഅ്ജിസത്തുകളുടെ കാര്യവും.”
നബിﷺയുടെ മുഅ്ജിസത്തുകളിൽ രണ്ടാമത്തെ വിഭാഗം, ഖുർആനിനെപ്പോലെ ഖണ്ഡിതമായ അറിവിന്റെ അത്രയും ഉയർന്ന തലത്തിൽ എത്തിയവയല്ല. അവ തന്നെ രണ്ട് തരത്തിലുണ്ട്:
ഒന്ന്: പ്രശസ്തവും വ്യാപകവുമായവ. ധാരാളം ആളുകൾ ഇവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹദീസ് പണ്ഡിതന്മാർക്കിടയിലും ചരിത്രകാരന്മാർക്കിടയിലും ഇവ വളരെ പ്രസിദ്ധമാണ്. തിരുനബിﷺയുടെ വിരലുകൾക്കിടയിലൂടെ വെള്ളം ഉറവയെടുത്തതും ഭക്ഷണം വർദ്ധിച്ചതും അഥവാ അല്പം ഭക്ഷണത്തിൽ നിന്ന് വലിയൊരു സംഘത്തിന് തികഞ്ഞത് പോലുള്ളവ ഇതിന് ഉദാഹരണങ്ങളാണ്.
രണ്ട്: അത്രയധികം പ്രശസ്തമോ വ്യാപകമോ അല്ലാത്തവ. ഒന്നോ രണ്ടോ പേർ മാത്രം റിപ്പോർട്ട് ചെയ്തതോ, വളരെ കുറഞ്ഞ ആളുകൾ മാത്രം നിവേദനം ചെയ്തതോ ആയവയാണിത്. മറ്റ് അത്ഭുതങ്ങളെപ്പോലെ ഇവ അത്ര പ്രസിദ്ധമല്ലായിരിക്കാം. എങ്കിലും, ഇത്തരം ഓരോ സംഭവങ്ങളെയും സമാനമായ മറ്റ് സംഭവങ്ങളുമായി ചേർത്ത് വെച്ച് നോക്കുമ്പോൾ അവയെല്ലാം ‘മുഅ്ജിസത്ത്’എന്ന ഒരൊറ്റ ലക്ഷ്യത്തിൽ ഒത്തുചേരുന്നു. തിരുനബിﷺയുടെ കൈകളിലൂടെ അത്ഭുതങ്ങൾ നടന്നിട്ടുണ്ട് എന്ന പൊതുവായ കാര്യത്തിൽ ഇവയെല്ലാം ഏകാഭിപ്രായമുള്ളവയാണ്. നാം നേരത്തെ സൂചിപ്പിച്ചത് പോലെ, ഇത്തരം അറിവുകൾ ഓരോന്നായി ചേരുമ്പോൾ അത് ഖണ്ഡിതമായ ഉറപ്പ് നൽകുന്നു.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
