
തിരുനബിﷺയുടെ മുഅ്ജിസത്തുകളിൽ പ്രമുഖമായ വിശുദ്ധ ഖുർആൻ്റെ തന്നെ അത്ഭുതങ്ങളുടെ എണ്ണം ആയിരമോ രണ്ടായിരമോ അതിലധികമോ ആയി കണക്കാക്കാൻ സാധിക്കില്ല. കാരണം, നബിﷺ ഖുർആനിലെ ഒരൊറ്റ സൂറത്ത് അഥവാ അധ്യായം കൊണ്ടുവരാൻ വെല്ലുവിളിക്കുകയും അവർക്ക് അതിന് കഴിയാതെ വരികയും ചെയ്തിട്ടുണ്ട്.
വിജ്ഞാനികൾ പറയുന്നത് ഇപ്രകാരമാണ്: ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത് ‘ഇന്നാ അഅ്ത്വയ്നാക്കൽ കൗസർ’ എന്നതാണ്. കാരണം അത് മൂന്ന് ആയത്തുകളാണ്. മൂന്ന് ആയത്തുകളുള്ള മറ്റൊരു സൂറത്തായ ‘ഖുൽ ഹുവല്ലാഹു അഹദ്’ എന്നതിലെ അക്ഷരങ്ങളേക്കാൾ കുറവാണ് ഇതിലെ അക്ഷരങ്ങൾ. ഖുർആനിലെ ഓരോ ദീർഘമായ ആയത്തും, അല്ലെങ്കിൽ ആയത്തുകളിലെ ഓരോ പദങ്ങളും അക്ഷരങ്ങളും തുല്യതയോ സാമ്യമോ ഇല്ലാത്ത വിധം അത്ഭുതകരമാണ് /മുഅ്ജിസത്താണ്. ഖുർആൻ ഉൾക്കൊള്ളുന്നതും എണ്ണിയാൽ തീരാത്തതുമായ മുഅ്ജിസത്തുകളെ കുറിച്ച് വിശദീകരിക്കുന്ന ഭാഗത്ത്, സൂറത്തുൽ കൗസറിൽ അടങ്ങിയിരിക്കുന്ന അത്ഭുതങ്ങളെക്കുറിച്ച് നാം വിശദമായി പ്രതിപാദിക്കുന്നതാണ്.”
ഖാളി ഇയാള്(റ) വീണ്ടും പറയുന്നു: തിരുനബിﷺയുടെ അത്ഭുതങ്ങൾ രണ്ട് വിഭാഗമാണ്.
ഒന്നാമത്തേത്: ഖണ്ഡിതമായി അറിയപ്പെട്ടതും, ‘മുതവാത്തിർ’ ആയി അഥവാ മുറിയാത്ത പരമ്പരയിലൂടെ നമുക്ക് കൈമാറി വന്നതുമായ കാര്യങ്ങൾ. വിശുദ്ധ ഖുർആൻ ഇതിൽ പെടുന്നു. തിരുനബിﷺ ഖുർആനുമായാണ് വന്നതെന്ന കാര്യത്തിലോ അത് തിരുനബിയിലൂടെയാണ് വെളിപ്പെട്ടതെന്ന കാര്യത്തിലോ യാതൊരു തർക്കമോ സംശയമോ ഇല്ല. അവിടുത്തെ പ്രവാചകത്വം തെളിയിക്കാനും സർവ്വ ലോകരിലേക്കുമുള്ള ദൂതനാണെന്ന് സ്ഥാപിക്കാനും ഖുർആനിനെയാണ് തിരുനബിﷺ തെളിവായി സമർപ്പിച്ചത്.
സത്യം അറിഞ്ഞിട്ടും അത് നിഷേധിക്കുന്ന, നേർവഴിയിൽ നിന്ന് തെറ്റിപ്പോയ ഒരു വാശിക്കാരൻ മാത്രമേ ഖുർആൻ തിരുനബിﷺ കൊണ്ടുവന്നതാണെന്നതിനെ എതിർക്കുകയുള്ളൂ. അത്തരക്കാരുടെ നിഷേധം, മുഹമ്മദ് നബിﷺ ഈ ലോകത്ത് ജീവിച്ചിരുന്നു എന്നതിനെ നിഷേധിക്കുന്നത് പോലെ അസംബന്ധമാണ്. എന്നാൽ, ഖുർആൻ ഒരു പ്രമാണമാണെന്നതിനെ മാത്രമാണ് സത്യനിഷേധികൾ എതിർത്തത്. ഖുർആൻ അല്ലാഹുവിന്റെ വചനമാണെന്ന കാര്യത്തിൽ അവർ പറഞ്ഞു: ‘ഇത് പണ്ടുള്ളവരുടെ കെട്ടുകഥകളാണ്’, ‘അല്ലാഹു ഒരു മനുഷ്യനിലേക്കും ഒന്നും ഇറക്കിയിട്ടില്ല’, ‘ഇത് വ്യക്തമായ മന്ത്രവാദമാണ്’ എന്നൊക്കെ.
എന്നാൽ, ഖുർആൻ സ്വയമേവ ഒരു അത്ഭുതമാണെന്നത് അവിതർക്കിതമായ കാര്യമാണ്. ശത്രുക്കൾ പോലും ഇതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വലീദ് ബിൻ മുഗീറയെപ്പോലെയുള്ളവർ ഖുർആൻ കേട്ടപ്പോൾ ഇപ്രകാരം പറഞ്ഞു: ‘തീർച്ചയായും ഇതിന് ഒരു പ്രത്യേക മധുരമുണ്ട്. ഇതിന് ഒരു പ്രത്യേക ശോഭയുണ്ട്. ഇതിന്റെ താഴ്ഭാഗം സമൃദ്ധമാണ്. ഇതിന്റെ മുകൾഭാഗം ഫലഭൂയിഷ്ഠമാണ്. ഇത് ഒരിക്കലും ഒരു മനുഷ്യന്റെ സംസാരമല്ല.’
ഖുർആനിന്റെ അദ്ഭുത വശങ്ങൾ അഥവാ ഇഅ്ജാസ് വ്യക്തമാണ്. അതിന്റെ പദങ്ങളുടെ ഗാംഭീര്യം, കോർവകളുടെ മനോഹാരിത, അങ്ങേയറ്റത്തെ സാഹിത്യഭംഗി, വാചകങ്ങളുടെ ഒഴുക്ക്, സൂക്തങ്ങളുടെ ക്രമം, ചുരുങ്ങിയ വാക്കുകളിൽ വലിയ കാര്യങ്ങൾ പറയുന്ന രീതി, ഓരോ അധ്യായത്തിന്റെയും തുടക്കത്തിലെയും ഒടുക്കത്തിലെയും വൈവിധ്യവും ചാരുതയും—ഇതെല്ലാം ഖുർആൻ ഒരു അത്ഭുതമാണെന്ന് മനസ്സിലാക്കാൻ മറ്റൊരു തെളിവ് ആവശ്യമില്ലാത്ത വിധം വ്യക്തമാണ്.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
