Tweet 1294

    Tweet 1294
    December 29, 2025 • Monday
    Post Header

    തിരുനബിﷺയുടെ ജീവിതവും വ്യക്തിത്വവും വായിക്കുമ്പോൾ സുപ്രധാനമായ ഒരു അധ്യായമാണ് അവിടുത്തെ മുഅ്ജിസത്തുകൾ അഥവാ അസാധാരണവും അമാനുഷികവുമായ സംഭവങ്ങൾ.
    ഇമാം ഖാളി ഇയാള്(റ) പറഞ്ഞു: “നീതിപൂർവ്വം ചിന്തിക്കുന്ന ഒരാൾ തിരുനബിﷺയുടെ മനോഹരമായ സ്വാധീനത്തെക്കുറിച്ചും പുകഴ്ത്തപ്പെട്ട ജീവിതരീതിയെക്കുറിച്ചും അവിടുത്തെ അറിവിന്റെ ആഴത്തെയും ബുദ്ധിശക്തിയെയും കുറിച്ചും പൂർണ്ണതയെയും തൃപ്തികരമായ സ്വഭാവഗുണങ്ങളെയും കുറിച്ചും ആലോചിക്കുകയാണെങ്കിൽ, തിരുദൂതരുﷺടെ നുബുവ്വത്തിന്റെ /പ്രവാചകത്വത്തിന്റെ സത്യസന്ധതയിലും ജനങ്ങളെ സത്യത്തിലേക്ക് ക്ഷണിക്കുന്നതിലെ ആത്മാർത്ഥതയിലും ഒട്ടും സംശയിക്കുകയില്ല. പലർക്കും ഇസ്‌ലാം സ്വീകരിക്കാനും നബിﷺയിൽ വിശ്വസിക്കാനും ഈ കാര്യങ്ങൾ മാത്രം മതിയായിരുന്നു.”

    ഇതുമായി ബന്ധപ്പെട്ട ചില നിവേദനങ്ങൾ ഇപ്രകാരം വായിക്കാം.
    1. അബ്ദുല്ലാഹി ബിൻ സലാമി(റ)ന്റെ സാക്ഷ്യം.
    തിർമിദി(റ)യും ഇബ്നു ഖാനിഉം(റ) അബ്ദുല്ലാഹി ബിൻ സലാം(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു:
    “തിരുനബിﷺ മദീനയിൽ വന്നപ്പോൾ അവിടുത്തെ ഒന്ന് കാണാനായി ഞാൻ ചെന്നു. മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ തന്നെ എനിക്ക് മനസ്സിലായി, ഇത് ഒരു കള്ളം പറയുന്ന വ്യക്തിയുടെ മുഖമല്ല എന്ന്.”

    2. അബൂ റിംഥ(റ) പറഞ്ഞു: “ഞാൻ എന്റെ മകനെയും കൂട്ടി തിരുനബിﷺയുടെ അടുത്തെത്തി. കണ്ടപ്പോൾ തന്നെ ഞാൻ പറഞ്ഞു: ‘അവിടുന്ന് അല്ലാഹുവിന്റെ പ്രവാചകൻﷺ തന്നെയാണ്’.” പ്രകടമായി കണ്ട സത്യസന്ധതയുടെയും അടയാളങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു പ്രയോഗമെന്ന് ഇബ്നു സഅ്ദ്(റ) ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

    3. ളിമാദ്(റ) എന്ന വ്യക്തി വന്നപ്പോൾ ഖുറൈശികളിലെ ചിലർ ഒരു നിവേദന പ്രകാരം സത്യനിഷേധികളായ ആളുകൾ “മുഹമ്മദിന് ഭ്രാന്താണ്” എന്ന് പറയുന്നത് കേട്ടു. അദ്ദേഹം നബിﷺയോട് ചോദിച്ചു: “മുഹമ്മദ്ﷺ, ഞാൻ മന്ത്രിക്കാറുണ്ട്. നിങ്ങൾക്ക് വല്ലതുമുണ്ടെങ്കിൽ ഞാൻ മന്ത്രിക്കട്ടെ?” അപ്പോൾ തനിക്കെതിരെ ആരോപിക്കപ്പെട്ട കാര്യങ്ങൾ നിഷേധിച്ചുകൊണ്ട് തിരുനബിﷺ ഇപ്രകാരം പറഞ്ഞു:
    “തീർച്ചയായും സർവ്വസ്തുതിയും അല്ലാഹുവിനാണ്. നാം അവനെ സ്തുതിക്കുകയും അവനോട് സഹായം തേടുകയും ചെയ്യുന്നു. അല്ലാഹു ആരെ നേർവഴിയിലാക്കുന്നുവോ അവനെ വഴിപിഴപ്പിക്കാൻ ആരുമില്ല. അവൻ ആരെ വഴിപിഴപ്പിക്കുന്നുവോ അവനെ നേർവഴിയിലാക്കാനും ആരുമില്ല. അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനില്ലെന്നും മുഹമ്മദ്ﷺ അവന്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.”

    ഇത് കേട്ട ളിമാദ്(റ) പറഞ്ഞു: “ആ വാക്കുകൾ എനിക്ക് ഒന്നുകൂടി ആവർത്തിച്ചു തരൂ. അവ സമുദ്രത്തിന്റെ ആഴങ്ങളോളം എത്തുന്നവയാണ്. കൈ തരൂ, ഞാൻ ബൈഅത്ത് ചെയ്യുന്നു അഥവാ ഇസ്‌ലാം സ്വീകരിക്കുന്നു.” ആ വാക്കുകളുടെ സാഹിത്യഭംഗിയിലും സന്ദർഭത്തിനനുസരിച്ചുള്ള പ്രയോഗത്തിലും അത്ഭുതപ്പെട്ടാണ് അദ്ദേഹം ഇത് പറഞ്ഞത്.

    4. ഇമാം ബൈഹഖി(റ) ജാമിഅ് ബിൻ ശദ്ദാദിൽ നിന്ന് നിവേദനം ചെയ്യുന്നു: താരിഖ് എന്ന് പേരുള്ള ഒരാൾ മദീനയിൽ വെച്ച് റസൂൽﷺയെ കണ്ട സംഭവം വിവരിച്ചു. തിരുനബിﷺ ചോദിച്ചു: “നിങ്ങളുടെ കൈവശം വിൽക്കാൻ വല്ലതുമുണ്ടോ?” ഞങ്ങൾ പറഞ്ഞു: “ഈ ഒട്ടകമുണ്ട്.” അപ്പോൾ ചോദിച്ചു: “എത്രയാണ് വില?” ഞങ്ങൾ ഇത്രയിത്ര ഈത്തപ്പഴം എന്ന് പറഞ്ഞു. തിരുനബിﷺ അതിന്റെ മൂക്കുകയർ പിടിച്ചു മദീനയിലേക്ക് നടന്നു.
    ആരാണ് ആ ആൾ എന്ന് അറിയാതെയാണല്ലോ നാം ഒട്ടകത്തെ വിറ്റത് എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. അപ്പോൾ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു സ്ത്രീ പറഞ്ഞു: “ആ ഒട്ടകത്തിന്റെ വിലയ്ക്ക് ഞാൻ ജാമ്യം നിൽക്കാം. പൂർണ്ണചന്ദ്രനെപ്പോലെയുള്ള ഒരു മുഖമാണ് ഞാൻ കണ്ടത്, അദ്ദേഹം നിങ്ങളെ വഞ്ചിക്കുകയില്ല.”
    പിന്നീട് പ്രഭാതമായപ്പോൾ ഒരാൾ ഈത്തപ്പഴവുമായി വന്നു പറഞ്ഞു: “ഞാൻ അല്ലാഹുവിന്റെ റസൂലിﷺന്റെ ദൂതനാണ്. നിങ്ങളോട് ഈ ഈത്തപ്പഴം തിന്നാനും ബാക്കി അളന്നു തിട്ടപ്പെടുത്തി വാങ്ങാനും അവിടുന്ന് കൽപ്പിച്ചിരിക്കുന്നു.” ഞങ്ങൾ അങ്ങനെ തന്നെ ചെയ്തു.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...