
ഒമാൻ രാജാവായ ജുലന്ദ(റ)യുടെ വാർത്തയെക്കുറിച്ച് ഇബ്നു മൂസ(റ) ‘കിതാബുൽ റിദ്ദ’യിൽ ഇബ്നു ഇസ്ഹാഖി(റ)നെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. അല്ലാഹുവിന്റെ ദൂതർﷺ തന്നെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു എന്ന വാർത്ത ലഭിച്ചപ്പോൾ ജുലന്ദ(റ) പറഞ്ഞു: “അല്ലാഹുവാണെ സത്യം! ഈ ‘ഉമ്മിയായ’ അഥവാ സാമ്പ്രദായികമായ അക്ഷരജ്ഞാനം നേടിയിട്ടില്ലാത്ത പ്രവാചകനെക്കുറിച്ച് എനിക്ക് ബോധ്യപ്പെട്ട കാര്യം ഇതാണ്: അവിടുന്ന് ഒരു നന്മ കൽപ്പിക്കുകയാണെങ്കിൽ അത് ആദ്യം പ്രവർത്തിക്കുന്നത് അവിടുന്നായിരിക്കും. ഒരു തിന്മ വിരോധിക്കുകയാണെങ്കിൽ അത് ആദ്യം ഉപേക്ഷിക്കുന്നതും അവിടുന്നായിരിക്കും. വിജയിച്ചാൽ അഹങ്കരിക്കുകയില്ല, പരാജയപ്പെട്ടാൽ തളരുകയോ പരിധി ലംഘിക്കുകയോ ഇല്ല. കരാർ പാലിക്കുകയും വാഗ്ദാനം നിറവേറ്റുകയും ചെയ്യുന്നു. ഈ സൽഗുണങ്ങൾ ഒത്തുചേർന്ന ഒരാൾ പ്രവാചകനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.” ഈ ഗുണങ്ങൾ പ്രവാചകത്വത്തെ അംഗീകരിക്കാൻ അദ്ദേഹത്തിന് പ്രേരണയായി എന്നു സാരം.
അല്ലാഹുവിന്റെ വചനമായ സൂറത്തുന്നൂർ – 35, “അതിലെ എണ്ണ തീ സ്പർശിച്ചില്ലെങ്കിൽ പോലും പ്രകാശിക്കുമാറാകുന്നു” എന്നതിനെക്കുറിച്ച് നഫ്ത്വവൈഹി(റ) പറയുന്നു: “ഇത് അല്ലാഹു അവൻ്റെ പ്രവാചകന്ﷺ നൽകിയ ഒരു ഉപമയാണ്. അതായത്, ഖുർആൻ പാരായണം ചെയ്തില്ലെങ്കിൽ പോലും അവിടുത്തെ രൂപം തന്നെ പ്രവാചകത്വത്തിന് തെളിവായി ഭവിക്കുന്നു.” ഇബ്നു റവാഹ(റ) പാടിയതുപോലെ:
തിരുനബിﷺയുടെ വ്യക്തമായ ദൃഷ്ടാന്തങ്ങൾ ഇല്ലായിരുന്നുവെങ്കിൽ പോലും, അവിടുത്തെ രൂപം തന്നെ നിനക്ക് സത്യം അറിയിച്ചു തരുമായിരുന്നു.”
അൽ-മുഅ്ജിസ അഥവാ അത്ഭുതസിദ്ധിയെ കുറിച്ച് പണ്ഡിതന്മാർ പറയുന്നു: പ്രവാചകന്മാരുടെ സത്യസന്ധത വെളിപ്പെടുത്തുന്നതിനായി അല്ലാഹു നൽകുന്ന, സാധാരണ പ്രകൃതി നിയമങ്ങൾക്ക് വിരുദ്ധമായ /അമാനുഷികമായ കാര്യങ്ങളാണ് ‘മുഅ്ജിസ’. ഇതിന് ചില നിബന്ധനകളുണ്ട്:
ഒന്ന്: അത് പ്രകൃതി നിയമങ്ങൾക്ക് വിരുദ്ധമായിരിക്കണം.
ഉദാഹരണത്തിന്: ചന്ദ്രൻ പിളരുന്നത്, വിരലുകൾക്കിടയിൽ നിന്ന് വെള്ളം ഉറവയെടുക്കുന്നത്, വടി പാമ്പായി മാറുന്നത്, പാറയിൽ നിന്ന് ഒട്ടകം പുറത്തുവരുന്നത് എന്നിവ. ദിവസവും സൂര്യൻ ഉദിക്കുന്നത് പോലുള്ള സാധാരണ കാര്യങ്ങൾ ഇതിൽ ഉൾപ്പെടില്ല.
രണ്ടാമത്തെ നിബന്ധന: അത് വെല്ലുവിളിയുമായി ബന്ധപ്പെട്ടതായിരിക്കണം. എന്നാൽ ചില പണ്ഡിതന്മാർ വെല്ലുവിളി ഒരു നിബന്ധനയായി കണക്കാക്കുന്നില്ല. കാരണം, നബിﷺയിൽ നിന്ന് പ്രകടമായ അമാനുഷിക കാര്യങ്ങളിൽ ഭൂരിഭാഗവും വെല്ലുവിളിയുമായി ബന്ധപ്പെട്ടതല്ല എന്നതാണവർ പറയുന്ന ന്യായീകരണം. വെല്ലുവിളി നിർബന്ധമാണെന്ന് പറയുന്ന പക്ഷം, അത്തരം കാര്യങ്ങളെ ‘മുഅ്ജിസ’ എന്ന് വിളിക്കാൻ കഴിയില്ല എന്നത് ശരിയായ വീക്ഷണമല്ല.
ഇങ്ങനെ ഒരു അനുബന്ധ വിശദീകരണം കൂടി ചേർത്തു വായിക്കുകയും വേണം. തിരുനബിﷺ പ്രവാചകത്വം വാദിച്ചപ്പോൾ തന്നെ അഥവാ പ്രബോധനത്തിന്റെ തുടക്കം മുതൽ ഓരോ അമാനുഷിക കാര്യവും ആ വാദത്തിനുള്ള മറുപടിയായാണ് ഉണ്ടായത്. അതിനാൽ പ്രവാചകനിﷺൽ നിന്ന് സംഭവിച്ച ഓരോ അത്ഭുത പ്രവൃത്തിയും പ്രവാചകത്വ വാദത്തോടൊപ്പം ഉണ്ടായതായിത്തന്നെ കണക്കാക്കപ്പെടും. “ഞാൻ സൃഷ്ടികളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാണ്” എന്ന് തിരുനബിﷺ ഓരോ നിമിഷവും പറയുന്നത് പോലെയാണത്. അമാനുഷിക കാര്യങ്ങൾ സംഭവിക്കുമ്പോഴെല്ലാം “ഇത് എന്റെ സത്യസന്ധതയ്ക്കുള്ള തെളിവാണ്” എന്ന് പറയുന്നതിന് തുല്യവുമാണ്. ശൈഖ് കമാലുദ്ദീൻ ഇബ്നുൽ ഹുമാം(റ) ‘അൽ-മുസായറ’ എന്ന ഗ്രന്ഥത്തിലും അദ്ദേഹത്തിന്റെ ശിഷ്യൻ ശൈഖ് കമാലുദ്ദീൻ ഇബ്നു അബീ ശരീഫ്(റ) അതിന്റെ വ്യാഖ്യാനത്തിലും ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
