Tweet 1293

    Tweet 1293
    December 28, 2025 • Sunday
    Post Header

    തിരുനബിﷺയുടെ അനുചരനായ വാസില ബിൻ അൽ അസ്ഖഅ്(റ) നിവേദനം ചെയ്യുന്ന ഈ ഹദീസിന്റെ ആശയം ഇങ്ങനെ വായിക്കാം.

    “ഞാൻ അല്ലാഹുവിന്റെ ദൂതർﷺയുടെ അടുത്തേക്ക് ഹിജ്റ ഉദ്ദേശിച്ചുകൊണ്ട് പുറപ്പെട്ടു. അവിടുന്ന് നിസ്കാരത്തിലായിരുന്നു. നിസ്കാരത്തിന് ശേഷം സലാം വീട്ടിയപ്പോൾ, ആളുകൾ പള്ളിയിൽ നിന്ന് പുറത്തേക്ക് പോകാനും എഴുന്നേറ്റ് നിൽക്കാനും തുടങ്ങി. അപ്പോൾ നബിﷺ അവിടെ ഇരിക്കുന്ന ഓരോരുത്തരുടെയും അടുത്തേക്ക് ചെന്ന് അവരോട് ചോദിക്കുന്നുണ്ടായിരുന്നു: ‘നിനക്ക് വല്ല ആവശ്യവുമുണ്ടോ?’ അവിടുന്ന് ആദ്യത്തെ നിരയിൽ നിന്ന് തുടങ്ങി. രണ്ടാമത്തെയും മൂന്നാമത്തെയും നിരകൾ കഴിഞ്ഞ് എന്റെ അടുത്തേക്ക് എത്തി. എന്നിട്ട് ചോദിച്ചു: ‘നിനക്ക് വല്ല ആവശ്യവുമുണ്ടോ?’ ഞാൻ പറഞ്ഞു: ‘അതേ, അല്ലാഹുവിന്റെ പ്രവാചകരേﷺ.’ അപ്പോൾ ചോദിച്ചു: ‘എന്താണ് നിന്റെ ആവശ്യം?’ ഞാൻ പറഞ്ഞു: ‘ഇസ്‌ലാം സ്വീകരിക്കണം.’ ഉടനെ പറഞ്ഞു: ‘അത് നിനക്ക് ഉത്തമമാണ്.’

    പിന്നീട് അവിടുന്ന് ചോദിച്ചു: ‘നീ ഹിജ്റ പോകുന്നുണ്ടോ?’ ഞാൻ പറഞ്ഞു: ‘അതേ.’ ശരി, ഗ്രാമീണ ഹിജ്റയാണോ അഥവാ ഹിജ്റത്തുൽ ബാദിയ, അതോ സമ്പൂർണ്ണ ഹിജ്റ അഥവാ ഹിജ്റത്തുൽ ബാത്തയാണോ?’ ഞാൻ ചോദിച്ചു: ‘ഇതിൽ ഏതാണ് ശ്രേഷ്ഠമായത്?’ അപ്പോൾ പറഞ്ഞു: ‘സമ്പൂർണ്ണ ഹിജ്റയാണ് ശ്രേഷ്ഠം. സമ്പൂർണ്ണ ഹിജ്റ എന്നാൽ നീ അല്ലാഹുവിന്റെ റസൂലിﷺനോടൊപ്പം ഉറച്ചുനിൽക്കുക എന്നതാണ്. എന്നാൽ ഗ്രാമീണ ഹിജ്റയെന്നാൽ നീ നിന്റെ ഗ്രാമത്തിലേക്ക് തന്നെ മടങ്ങുക എന്നതാണ്. എങ്കിലും നിന്റെ പ്രയാസത്തിലും സന്തോഷത്തിലും ഇഷ്ടമില്ലാത്ത സാഹചര്യത്തിലും ഉന്മേഷമുള്ളപ്പോഴും നിന്നേക്കാൾ മറ്റുള്ളവർക്ക് മുൻഗണന നൽകപ്പെടുമ്പോഴും അധികാരികളെ കേൾക്കാനും അനുസരിക്കാനും നീ ബാധ്യസ്ഥനാണ്.’

    അപ്പോൾ ഞാൻ എന്റെ കൈ തിരുനബിﷺക്ക് നീട്ടിക്കൊടുക്കുകയും ബൈഅത്ത് അഥവാ പ്രതിജ്ഞ ചെയ്യുകയും ചെയ്തു. അപ്പോൾ എനിക്ക് വേണ്ടി ഞാൻ പോലും കരുതാത്ത ഒരു ഇളവ് അവിടുന്ന് നൽകി: പ്രതിജ്ഞാ വാചകത്തിൽ ‘നിനക്ക് കഴിയുന്ന കാര്യങ്ങളിൽ’ എന്ന് ചേർത്തു തന്നു.

    പിന്നീട് തബൂഖ് യുദ്ധത്തിനായി തിരുനബിﷺ വിളംബരം ചെയ്തപ്പോൾ ഞാൻ എന്റെ കുടുംബത്തിന്റെ അടുത്തേക്ക് പോയി. അവിടെ വെയിൽ കായുന്ന രീതിയിലിരിക്കുന്ന എന്റെ പിതാവിനെ ഞാൻ കണ്ടു. ഞാൻ അദ്ദേഹത്തിന് ഇസ്‌ലാമിക രീതിയിൽ സലാം ചൊല്ലി. അദ്ദേഹം ചോദിച്ചു: ‘നീ നിന്റെ മതം മാറ്റിയോ?’ ഞാൻ പറഞ്ഞു: ‘ഞാൻ ഇസ്‌ലാം സ്വീകരിച്ചു.’ അപ്പോൾ അദ്ദേഹം പറഞ്ഞു: ‘അല്ലാഹു ഇതിൽ എനിക്കും നിനക്കും നന്മ നൽകുമാറാകട്ടെ!’ ആ മറുപടിയിൽ ഞാൻ സംതൃപ്തനായി.”

    നിസ്കാരശേഷം വിശ്വാസികളുടെ ആവശ്യങ്ങൾ നേരിട്ട് ചോദിച്ചറിയുന്ന പ്രവാചക സ്വഭാവം എത്രമേൽ വിശാലമായ ഹൃദയത്തോടെയുള്ള സഹവാസമാണ് നമുക്ക് പകർന്നു തരുന്നത്.

    ഏത് സാഹചര്യത്തിലും നേതൃത്വത്തെ അനുസരിക്കേണ്ടതിന്റെ പ്രാധാന്യം എത്ര ലളിതമായിട്ടാണ് തിരുനബിﷺ അവതരിപ്പിച്ചത്. ഹിജ്റയുടെ ആത്മാവും സന്ദേശവും സർവ്വാത്മനാ സമർപ്പണത്തിന്റേതാണെന്ന് എത്ര വിനീതമായിട്ടാണ് തിരുനബിﷺ പറഞ്ഞുവെച്ചത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...