Tweet 1292

    Tweet 1292
    December 27, 2025 • Saturday
    Post Header

    അലിയ്യ് ബിൻ അബീ ത്വാലിബ്(റ) നിവേദനം ചെയ്യുന്നു:
    വലീദ് ബിൻ ഉഖ്‌ബയുടെ പത്നി അല്ലാഹുവിന്റെ ദൂതർﷺയുടെ അടുക്കൽ വന്നു, തന്റെ ഭർത്താവ് തന്നെ ഉപദ്രവിക്കുന്നു എന്ന് പരാതിപ്പെട്ടു.
    അപ്പോൾ തിരുനബിﷺ അവരോട് പറഞ്ഞു: “നീ മടങ്ങിപ്പോവുക, എന്നിട്ട് അദ്ദേഹത്തോട് പറയുക: അല്ലാഹുവിന്റെ റസൂൽﷺ എനിക്ക് സംരക്ഷണം നൽകിയിരിക്കുന്നു.”

    അലിയ്യ്(റ) പറയുന്നു: അവർ പോയി കുറച്ചു സമയം കഴിഞ്ഞപ്പോൾ വീണ്ടും മടങ്ങിവന്നു പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, അദ്ദേഹം എന്നെ ഉപദ്രവിക്കുന്നത് നിർത്തിയില്ല.”
    അപ്പോൾ നബിﷺ തന്റെ വസ്ത്രത്തിന്റെ ഒരു കഷണം മുറിച്ചെടുത്ത് അവർക്ക് നൽകിയിട്ട് പറഞ്ഞു: “ഇത് കൊണ്ടുപോയി അദ്ദേഹത്തോട് പറയുക: അല്ലാഹുവിന്റെ റസൂൽﷺ എനിക്ക് സംരക്ഷണം നൽകിയിരിക്കുന്നു, ഇതാ തിരുനബിﷺയുടെ വസ്ത്രത്തിന്റെ അടയാളം.”

    അവർ പോയി കുറച്ചു സമയം കഴിഞ്ഞ് വീണ്ടും മടങ്ങിവന്നു പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, ഇത് കണ്ടപ്പോൾ അദ്ദേഹം എന്നെ കൂടുതൽ അടിക്കുകയാണ് ചെയ്തത്.”
    അപ്പോൾ അല്ലാഹുവിന്റെ റസൂൽﷺ അവിടുത്തെ ഇരു കൈകളും ആകാശത്തേക്ക് ഉയർത്തി ഇപ്രകാരം പ്രാർത്ഥിച്ചു: “അല്ലാഹുവേ, വലീദിന്റെ കാര്യം നിന്നിൽ ഏൽപ്പിക്കുന്നു.” രണ്ട് അല്ലെങ്കിൽ മൂന്ന് തവണ അവിടുന്ന് ഇത് ആവർത്തിച്ചു.

    തിരുനബിﷺയുടെ സാമൂഹിക വ്യവഹാരങ്ങളിലെ മികച്ച ഒരുദാഹരണമാണിത്. ഓരോ സാധാരണക്കാരുടെയും നൊമ്പരങ്ങൾ കേൾക്കാനും സ്ത്രീകളുടെ ദൈന്യതകൾ വരെ അറിഞ്ഞിടപെടാനും പരിഹാരങ്ങൾ നിർദ്ദേശിക്കാനും അവിടുന്ന് സമയം കണ്ടെത്തി. പരാതിക്കാർ ആവർത്തിച്ചു വരുമ്പോഴും സഹിഷ്ണുതയോടെ കേൾക്കാനും നൊമ്പരങ്ങളിൽ ഭാഗമാവാനും അവിടുന്ന് സമയം ചെലവഴിച്ചു. ഒരു സ്ത്രീക്ക് സമാധാനത്തിനു വേണ്ടി അഭയം നൽകാൻ തെളിവുകൾ വരെ കൊടുത്തയച്ചു വിശാല ഹൃദയത്തോടെ പെരുമാറി. സമാധാനപരമായി പരിഹരിക്കാനാവില്ലെന്ന് കണ്ടപ്പോൾ തിരുനബിﷺയുടെ കരങ്ങൾ അല്ലാഹുവിൻ്റെ കോടതിയിലേക്ക് ഉയർന്നു. തിരുനബിﷺക്ക് മേൽ കോടതിയായി പരമാധികാരിയായ അല്ലാഹുവിൻ്റെ സമക്ഷം മാത്രമാണല്ലോ ഉള്ളത്. പല ദുർഘടസന്ധികളിലും സ്വന്തം കാര്യമായപ്പോൾ സഹിഷ്ണുതയോടുകൂടി പെരുമാറിയ തിരുനബിﷺ ദുർബലയായ ഒരു വനിതയുടെ നൊമ്പരത്തിനു പരിഹാരം കാണാൻ വേണ്ടി അല്ലാഹുവിലേക്ക് ഉയർത്തി.

    അരമനകളിൽ ആശ്വാസത്തോടെ കഴിഞ്ഞു കൂടിയ ഒരു നേതാവിൻ്റെ പേരല്ല മുഹമ്മദ് നബിﷺ. അധികാര സിരാകേന്ദ്രത്തിലും ആസ്ഥാനത്തിലും സംവിധാനങ്ങളുടെ അമരത്ത് ആദരവുകൾ അനുഭവിച്ച് സ്വസ്ഥമായി കഴിഞ്ഞു കൂടിയ ഭരണാധികാരിയുമല്ല അവിടുന്ന്. മനുഷ്യജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾക്കിടയിലൂടെ സഞ്ചരിക്കുകയും നോവും നനവും നൊമ്പരവും പ്രതിസന്ധികളും നേരിട്ട് കണ്ടും കേട്ടും ഇടപെട്ടും പരിഹരിച്ചും മനുഷ്യർക്കിടയിൽ ജീവിച്ചു മുന്നോട്ടു പോവുകയായിരുന്നു അവിടുന്ന്. കാരുണ്യത്തിന്റെ മഹാപ്രപഞ്ചമെന്ന് ഖുർആൻ പരിചയപ്പെടുത്തിയ വിലാസത്തിന്റെ പര്യായമായിരുന്നല്ലോ ആ ജീവിതം.

    തിരുനബിﷺ അദ്ദേഹത്തിന് എതിരെ പ്രാർഥിച്ചു എന്നറിഞ്ഞപ്പോൾ വലീദ് ഭയപ്പെടുകയും തന്റെ തെറ്റായ പ്രവൃത്തിയിൽ നിന്ന് പിന്തിരിയുകയും ചെയ്തു എന്നാണ് സംഭവത്തിന്റെ തുടർച്ച. അദ്ദേഹത്തിൻ്റെ ജീവിതരീതിയിൽ ചില സ്വഹാബികളും ഇടപെട്ട് സംസാരിക്കേണ്ടി വന്നിട്ടുണ്ട്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...