Tweet 1291

    Tweet 1291
    December 26, 2025 • Friday
    Post Header

    ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്നു. അനസ് ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു:
    അബൂസുഫ്‌യാൻ മക്കയിൽ നിന്നുള്ള കച്ചവടസംഘവുമായി വരുന്നുണ്ടെന്ന വാർത്ത അറിഞ്ഞപ്പോൾ അല്ലാഹുവിന്റെ ദൂതർﷺ സ്വഹാബികളോട് കൂടിയാലോചന നടത്തി. അബൂബക്കർ(റ) സംസാരിച്ചു, പക്ഷേ തിരുനബിﷺ അദ്ദേഹത്തെ ശ്രദ്ധിച്ചില്ല. കൂടുതൽ അഭിപ്രായങ്ങൾ തേടി. ശേഷം ഉമർ(റ) സംസാരിച്ചു, അദ്ദേഹത്തെയും അവിടുന്ന് ശ്രദ്ധിച്ചില്ല. അപ്പോൾ സഅദ് ബിൻ ഉബാദ(റ) എഴുന്നേറ്റു ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേﷺ, അങ്ങ് ഞങ്ങളെ അഥവാ അൻസ്വാരികളെ ആണോ ഉദ്ദേശിക്കുന്നത്? എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! അങ്ങ് ഞങ്ങളോട് കടലിൽ ചാടാൻ കൽപിച്ചാൽ ഞങ്ങൾ അതിൽ ചാടും. ‘ബർകുൽ ഗിമാദ്’ അഥവാ ദൂരെയുള്ള ഒരിടം വരെ മൃഗങ്ങളെ തെളിക്കാൻ കൽപിച്ചാലും ഞങ്ങൾ അത് ചെയ്യും.”

    അനസ്(റ) പറയുന്നു: അപ്പോൾ റസൂൽﷺ ജനങ്ങളെ പ്രതിരോധ യുദ്ധത്തിന് പ്രേരിപ്പിച്ചു. അവർ പുറപ്പെട്ട് ‘ബദറിൽ’ എത്തി. അവിടെ വെച്ച് ഖുറൈശികളുടെ വെള്ളം ചുമക്കുന്ന ഒരടിമയെ അവർ പിടികൂടി. അബൂസുഫ്‌യാനെക്കുറിച്ച് അവർ അവനോട് ചോദിക്കുമ്പോൾ അവൻ പറയും: “എനിക്ക് അബൂസുഫ്‌യാനെക്കുറിച്ച് അറിയില്ല, പക്ഷേ അബൂജഹൽ, ഉത്ബ, ശൈബ, ഉമയ്യത്ത് ബിൻ ഖലഫ് എന്നിവർ അവിടെയുണ്ട്.” ഇത് കേൾക്കുമ്പോൾ സ്വഹാബികൾ അവനെ അടിക്കും, അവൻ കള്ളം പറയുകയാണെന്ന് കരുതി. അപ്പോൾ അവൻ പറയും: “ശരി, ഞാൻ പറയാം. ഇത് അബൂസുഫിയാന്റെ സംഘമാണ്.” അപ്പോൾ അവർ അവനെ വിടും. വീണ്ടും ചോദിക്കുമ്പോൾ അവൻ പഴയത് തന്നെ ആവർത്തിക്കും.

    തിരുനബിﷺ അപ്പോൾ നിസ്കരിക്കുകയായിരുന്നു. നിസ്കാരശേഷം അവിടുന്ന് പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! അവൻ സത്യം പറയുമ്പോൾ നിങ്ങൾ അവനെ അടിക്കുന്നു, അവൻ കള്ളം പറയുമ്പോൾ നിങ്ങൾ അവനെ വിടുകയും ചെയ്യുന്നു.”

    ശേഷം നബിﷺ പറഞ്ഞു: “ഇന്ന ആൾ വീഴുന്ന സ്ഥലം ഇതാണ്.” അവിടുത്തെ കൈകൊണ്ട് ഭൂമിയിൽ ഓരോ സ്ഥലങ്ങൾ തൊട്ടു കാണിച്ചുകൊണ്ട് പറഞ്ഞു: “ഇവിടെ ഇന്നയാൾ, ഇവിടെ ഇന്നയാൾ.” അനസ്(റ) പറയുന്നു: തിരുനബിﷺ കൈ വെച്ച അടയാളത്തിൽ നിന്ന് ഒരിഞ്ച് പോലും മാറാതെയാണ് യുദ്ധശേഷം അവരോരോരുത്തരുടെയും മൃതദേഹങ്ങൾ കാണപ്പെട്ടത്.

    ഈ ഹദീസ് ബദ്ർ യുദ്ധവേളയിലെ ചില പ്രധാന കാര്യങ്ങൾ വ്യക്തമാക്കുന്നു:
    കൂടിയാലോചന അഥവാ ശൂറ: അബൂബക്കർ(റ), ഉമർ(റ) എന്നിവർ സംസാരിച്ചിട്ടും തിരുനബിﷺ അൻസ്വാരികളുടെ മറുപടിക്കായി കാത്തുനിന്നു. കാരണം, മദീനയ്ക്ക് പുറത്തുപോയി യുദ്ധം ചെയ്യുമെന്ന് അൻസ്വാരികൾ അഖബ ഉടമ്പടിയിൽ പറഞ്ഞിരുന്നില്ല. അവരുടെ പൂർണ്ണ സമ്മതം നബിﷺ ആഗ്രഹിച്ചു.

    അൻസ്വാരികളുടെ വിശ്വസ്തത: സഅദ് ബിൻ മുആദ്(റ) നൽകിയ മറുപടി അൻസ്വാരികൾക്ക് നബിﷺയോടുള്ള സ്നേഹവും അർപ്പണബോധവും വ്യക്തമാക്കുന്നു. ഏത് ദൂരത്തേക്കും ഏത് കടലിലേക്കും ഇറങ്ങാൻ അവർ തയ്യാറായിരുന്നു.

    സത്യവും അസത്യവും തിരിച്ചറിയൽ: പിടിക്കപ്പെട്ട അടിമ പറഞ്ഞ അബൂജഹലും സൈന്യവും വന്ന കാര്യം സത്യമായിരുന്നു. എന്നാൽ അബൂസുഫ്‌യാന്റെ കച്ചവടസംഘത്തെ പിടിക്കാനായിരുന്നു സ്വഹാബികളുടെ താല്പര്യം. അവൻ സത്യം പറഞ്ഞപ്പോൾ അവർ വിശ്വസിച്ചില്ല, അവൻ കള്ളം പറഞ്ഞപ്പോൾ അഥവാ അബൂസുഫ്‌യാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ അവർ അവനെ വെറുതെ വിട്ടു. ഇത് തിരുത്തിക്കൊടുക്കുകയാണ് തിരുനബിﷺ ചെയ്തത്.

    തിരുനബിﷺയുടെ മുഅ്ജിസത്തായിരുന്നു അത്. യുദ്ധം തുടങ്ങുന്നതിന് മുൻപേ ശത്രുനേതാക്കൾ എവിടെയൊക്കെ വീണുമരിക്കുമെന്ന് നബിﷺ കൃത്യമായി അടയാളപ്പെടുത്തി. ഖുറൈശി പ്രമുഖരായ അബൂജഹൽ, ഉത്ബ തുടങ്ങിയവർ പ്രവാചകൻﷺ പറഞ്ഞ അതേ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...