
ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. അനസ് ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു:
തിരുനബിﷺ ഖൈബറിലെത്തി. അല്ലാഹു അവിടുത്തേക്ക് ആ കോട്ട കീഴടക്കിക്കൊടുത്തപ്പോൾ, ഹുയയ്യ് ബിൻ അഖ്തബിന്റെ മകൾ സഫിയ്യ(റ)യെക്കുറിച്ച് തിരുനബിﷺയോട് പറയപ്പെട്ടു. അവരുടെ ഭർത്താവ് യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. അവർ ഒരു നവവധുവുമായിരുന്നു. അല്ലാഹുവിന്റെ റസൂൽﷺ അവരെ തനിക്കായി തിരഞ്ഞെടുത്തു വിവാഹം കഴിച്ചു.
തുടർന്ന് അവരുമായി പുറപ്പെട്ട തിരുനബിﷺ ‘സദ്ദുർ റൗഹാഅ്’ എന്ന സ്ഥലത്തെത്തിയപ്പോൾ അവർ ശുദ്ധിയാവുകയും ചെയ്തു. പിന്നീട് ഒരു ചെറിയ തുകൽ വിരിപ്പിൽ തിരുനബിﷺ ‘ഹൈസ്’ അഥവാ ഈന്തപ്പഴവും നെയ്യും പൊടിയും ചേർത്തുണ്ടാക്കുന്ന വിഭവം തയ്യാറാക്കി. എന്നിട്ട് അവിടുന്ന് എന്നോട് പറഞ്ഞു: “നിന്റെ ചുറ്റുമുള്ളവരെ ഭക്ഷണത്തിനായി ക്ഷണിക്കുക.” സഫിയ്യ(റ)യുമായുള്ള വിവാഹത്തിന് തിരുനബിﷺ നൽകിയ വലീമ അഥവാ വിവാഹ സദ്യ ഇതായിരുന്നു.
പിന്നീട് ഞങ്ങൾ മദീനയിലേക്ക് പുറപ്പെട്ടു. തിരുനബിﷺ ഒട്ടകപ്പുറത്ത് അവർക്ക് ഇരിക്കാനായി പിന്നിൽ ഒരു പുതപ്പുകൊണ്ട് മറയുണ്ടാക്കുന്നത് ഞാൻ കണ്ടു. പിന്നീട് അവിടുന്ന് ഒട്ടകത്തിന്റെ അരികിൽ ഇരിക്കുകയും കാൽമുട്ട് വെച്ചുകൊടുക്കുകയും ചെയ്യും. അപ്പോൾ സഫിയ്യ(റ) പ്രവാചകന്റെﷺ കാൽമുട്ടിൽ ചവിട്ടിക്കൊണ്ട് ഒട്ടകപ്പുറത്ത് കയറുകയും ചെയ്യുമായിരുന്നു.
ഈ ഹദീസിന്റെ ഓരം പറ്റിക്കൊണ്ടുള്ള ഒരു അനുബന്ധം ഇങ്ങനെ വായിക്കാം. തിരുനബിﷺ അബൂത്വൽഹ(റ)യോട് പറഞ്ഞു: “നമ്മൾ ഖൈബറിലേക്ക് പുറപ്പെടുന്നത് വരെ എനിക്ക് സേവനം ചെയ്യാൻ നിങ്ങളുടെ കുട്ടികളിൽ ഒരാളെ അന്വേഷിക്കുക.” അബൂത്വൽഹ(റ) എന്നെയും കൂട്ടി പുറപ്പെട്ടു. അന്ന് ഞാൻ പ്രായപൂർത്തിയോടടുത്ത ഒരു ബാലനായിരുന്നു. പ്രവാചകൻﷺ എവിടെ ഇറങ്ങുമ്പോഴും ഞാൻ വേണ്ട സേവനങ്ങൾ ചെയ്യുമായിരുന്നു. തിരുനബിﷺ ഇപ്രകാരം അധികമായി പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടു: “അല്ലാഹുവേ, ഖേദത്തിൽ നിന്നും ദുഃഖത്തിൽ നിന്നും കഴിവുകേടിൽ നിന്നും മടിയിൽ നിന്നും പിശുക്കിൽ നിന്നും ഭീരുത്വത്തിൽ നിന്നും കടബാധ്യതയിൽ നിന്നും ജനങ്ങളുടെ അടിച്ചമർത്തലിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.”
പിന്നീട് ഞങ്ങൾ ഖൈബറിലെത്തി. അല്ലാഹു ആ കോട്ട കീഴടക്കിക്കൊടുത്തപ്പോൾ സഫിയ്യ ബിൻത് ഹുയയ്യ്(റ)നെക്കുറിച്ച് പ്രവാചകനോﷺട് പറയപ്പെട്ടു. അവരുടെ ഭർത്താവ് കൊല്ലപ്പെട്ടിരുന്നു.
തുടർന്ന് ഞങ്ങൾ മദീനയുടെ അടുത്തെത്തിയപ്പോൾ ഉഹ്ദ് മലയെ നോക്കി പ്രവാചകൻﷺ പറഞ്ഞു: “ഇത് നമ്മെ സ്നേഹിക്കുന്ന മലയാണ്. നമ്മൾ ഇതിനെയും സ്നേഹിക്കുന്നു.” പിന്നീട് മദീനയെ നോക്കി ഇങ്ങനെ പ്രാർഥിച്ചു: “അല്ലാഹുവേ, ഇബ്റാഹീം നബി(അ) മക്കയെ പവിത്രമാക്കിയത് പോലെ മദീനയുടെ രണ്ട് കുന്നുകൾക്കിടയിലുള്ള പ്രദേശത്തെ ഞാൻ പവിത്രമാക്കുന്നു. അല്ലാഹുവേ, അവരുടെ അളവുപാത്രങ്ങളായ ‘മുദ്ദിലും’ ‘സ്വാഇലും’ നീ അനുഗ്രഹം നൽകേണമേ.”
നബി ജീവിതത്തിന്റെ സഞ്ചാരങ്ങളും വ്യവഹാരങ്ങളും മുഴുവനും ഒരുപാട് സംഭവങ്ങൾ നിറഞ്ഞതാണ്. അവിടുത്തെ ഉത്തമമായ സ്വഭാവത്തിന്റെയും ശ്രേഷ്ഠമായ സമീപനങ്ങളുടെയും തുല്യതയില്ലാത്ത ഉദാഹരണങ്ങൾ കൂടിയായിരുന്നു അവ.
നബി ജീവിതത്തിലേക്ക് കടന്നുവന്ന ഓരോ സഹധർമ്മിണികളും കൃത്യമായ ചില സാഹചര്യങ്ങളിലും സംരക്ഷണം ആവശ്യമായ ഘട്ടങ്ങളിലും പരിഗണനകൾ കൊണ്ട് സാമൂഹിക നിർമാണം സാധ്യമാകേണ്ട സന്ദർഭങ്ങളിലുമായിരുന്നു കടന്നുവന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
