Tweet 1287

    Tweet 1287
    December 22, 2025 • Monday
    Post Header

    തിരുനബിﷺ അവിടുത്തെ സന്നിധിയിലേക്ക് പലായനം അഥവാ ഹിജ്റ ചെയ്തു വരുന്ന വിശ്വാസിനികളായ സ്ത്രീകളെ വിശുദ്ധ ഖുർആനിലെ മുംതഹന അധ്യായത്തിലെ പന്ത്രണ്ടാം സൂക്തം ഓതിക്കേൾപ്പിച്ചുകൊണ്ട് പരീക്ഷിക്കാറുണ്ടായിരുന്നു:
    “അല്ലയോ പ്രവാചകരേﷺ, വിശ്വാസികളായ സ്ത്രീകള്‍ തങ്ങളുടെ അടുക്കല്‍ വന്ന്, അവര്‍ യാതൊന്നിനെയും അല്ലാഹുവിന്റെ പങ്കാളിയാക്കുകയില്ലെന്നും മോഷ്ടിക്കുകയില്ലെന്നും വ്യഭിചരിക്കുകയില്ലെന്നും മക്കളെ കൊല്ലുകയില്ലെന്നും തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ ഒരുതരത്തിലുള്ള വ്യാജവും കെട്ടിച്ചമക്കുകയില്ലെന്നും യാതൊരു സൽക്കാര്യത്തിലും തങ്ങളെ ധിക്കരിക്കുകയില്ലെന്നും പ്രതിജ്ഞ ചെയ്താല്‍ അവരുടെ ആ പ്രതിജ്ഞ അവിടുന്ന് സ്വീകരിച്ചുകൊള്ളുക. അവര്‍ക്കുവേണ്ടി പാപമോചനം തേടുക. നിശ്ചയം, അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാകുന്നു.”

    ഉർവ്വ(റ) റിപ്പോർട്ട് ചെയ്യുന്നു, ആഇശ(റ) പറഞ്ഞു: “വിശ്വാസിനികളായ സ്ത്രീകളിൽ ആരെങ്കിലും ഈ നിബന്ധനകൾ അംഗീകരിച്ചാൽ അല്ലാഹുവിന്റെ റസൂൽﷺ അവരോട് പറയും: ‘നിന്റെ ബൈഅത്ത് അഥവാ ഉടമ്പടി ഞാൻ സ്വീകരിച്ചിരിക്കുന്നു’. വാക്കുകൾ കൊണ്ട് മാത്രമായിരുന്നു ഇത് പറഞ്ഞിരുന്നത്. അല്ലാഹുവാണെ സത്യം! ബൈഅത്ത് ചെയ്യുമ്പോൾ അവിടുത്തെ കരം ഒരിക്കലും ഒരു സ്ത്രീയുടെ കരത്തെയും സ്പർശിച്ചിട്ടില്ല. ‘ഇക്കാര്യങ്ങളിൽ നിന്റെ ബൈഅത്ത് ഞാൻ സ്വീകരിച്ചിരിക്കുന്നു’ എന്ന് വാക്കാൽ പറയുകയല്ലാതെ മറ്റൊന്നും അവിടുന്ന് ചെയ്തിരുന്നില്ല.”

    അല്ലാഹു തിരുദൂതനോﷺട്, ഹിജ്റ വന്ന വിശ്വാസിനികളെ പരീക്ഷിക്കാൻ കൽപ്പിച്ചു. അവരുടെ വിശ്വാസത്തിന്റെ സത്യസന്ധതയും ഇസ്‌ലാമിലെ ഉറപ്പും ബോധ്യപ്പെടാനായിരുന്നു ഇത്. അവരുടെ സത്യസന്ധത ബോധ്യപ്പെട്ടാൽ തിരുനബിﷺ അവരിൽ നിന്ന് ഇസ്‌ലാമിലെ പ്രതിജ്ഞ അഥവാ ബൈഅത്ത് സ്വീകരിക്കുകയും അവർക്ക് അഭയം നൽകുകയും ചെയ്യുമായിരുന്നു. അവരെ പിന്നീട് ഒരിക്കലും സത്യനിഷേധികളിലേക്ക് തിരിച്ചയച്ചിരുന്നില്ല.
    ഈ ഹദീസിലൂടെ ഉമ്മുൽ മുഅ്മിനീൻ ആഇശ(റ) വിശദീകരിക്കുന്നത്, പ്രവാചക സന്നിധിയിൽ ഇസ്‌ലാം പരസ്യപ്പെടുത്താൻ എത്തുന്ന മുഹാജിറുകളായ സ്ത്രീകളെ നബിﷺ പരീക്ഷിച്ചിരുന്നു എന്നാണ്. അവരോട് സത്യം ചെയ്യിച്ചും അടയാളങ്ങൾ നിരീക്ഷിച്ചുമായിരുന്നു ഈ പരീക്ഷണം. ചില നിവേദനങ്ങൾ പ്രകാരം ഇങ്ങനെ കൂടിയുണ്ട്. ഭർത്താവിനോടുള്ള ദേഷ്യം കൊണ്ടോ മറ്റൊരു നാട്ടിൽ പോയി താമസിക്കാനുള്ള താല്പര്യം കൊണ്ടോ ഭൗതികമായ എന്തെങ്കിലും ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടോ അല്ല മറിച്ച് അല്ലാഹുവിനോടും അവൻ്റെ റസൂലിﷺനോടുള്ള ശരിയായ സ്നേഹവും താൽപര്യവും മുന്നിൽ വച്ചുകൊണ്ട് മാത്രമാണ് പ്രവാചക സവിധത്തിൽ എത്തിയതെന്നും ആദർശത്തെ സ്വീകരിക്കുന്നതെന്നും തീർച്ചപ്പെടുത്താൻ വേണ്ടി കൂടിയായിരുന്നു ഇത്.

    അന്യ സ്ത്രീകളോടുള്ള വ്യവഹാരങ്ങളും ഇടപെടലുകളും എങ്ങനെയായിരിക്കണം എന്ന് കൃത്യമായ ഒരു മാതൃകയിലൂടെ തിരുനബിﷺ പഠിപ്പിക്കുകയായിരുന്നു. ഇസ്‌ലാമിനെയും ഇസ്‌ലാമിൻ്റെ ആദർശ കർമാനുഷ്ഠാനങ്ങളെയും സ്വീകരിക്കാമെന്ന ഉടമ്പടിയിൽ ചേരുമ്പോൾ പോലും സ്ത്രീകൾക്ക് ഹസ്തദാനം ചെയ്യുകയോ കൈപിടിച്ച് കരാർ ചെയ്യുകയോ ചെയ്തിരുന്നില്ല. പരസ്പരം ശബ്ദം കേട്ട് സമ്മതിക്കുക മാത്രമായിരുന്നു സ്ത്രീകളുമായുള്ള ഉടമ്പടിയുടെ രീതി. പുരുഷന്മാരോടായിരുന്നപ്പോൾ കൈപിടിച്ചു കരാർ ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്. അന്യസ്ത്രീ പുരുഷന്മാർ തമ്മിൽ നിശ്ചിതമായ അകലങ്ങൾ പാലിക്കണമെന്നും സ്പർശന ദർശനങ്ങളിൽ കൃത്യമായി ചിട്ടകളുണ്ടായിരിക്കണമെന്നും ഇസ്‌ലാമും പ്രവാചകനുംﷺ നിർദ്ദേശിക്കുന്നു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...