
ബദ്ർ യുദ്ധവേളയിലും ഖൈബർ യുദ്ധവേളയിലും ഹുബാബ് ബിനുൽ മുൻദിർ(റ) നൽകിയ യുദ്ധതന്ത്രപരമായ ഉപദേശങ്ങളെക്കുറിച്ചുള്ള ഹദീസിന്റെ ലളിതമായ ആശയം ഇങ്ങനെ വായിക്കാം. യഹ്‌യ ബിനു സഈദ്(റ)വിൽ നിന്ന് അബൂ ദാവൂദ്(റ) നിവേദനം ചെയ്യുന്നു.
“തിരുനബിﷺ ബദ്ർ ദിനത്തിൽ അനുചരന്മാരോട് ആലോചന നടത്തി. അപ്പോൾ ഹുബാബ് ബിനുൽ മുൻദിർ(റ) പറഞ്ഞു: ‘ഞങ്ങൾ യുദ്ധമുറകൾ അറിയുന്നവരാണ്. ഒരു കിണർ ഒഴികെ ബാക്കിയുള്ള എല്ലാ ജലസ്രോതസ്സുകളും മൂടിക്കളയണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. അങ്ങനെ ആ ഒരിടത്തുവെച്ച് നമുക്ക് ശത്രുക്കളെ നേരിടാം.’ അങ്ങനെ നബിﷺ കൽപ്പിക്കുകയും ബദ്റിലെ ആ ഒരു കിണർ ഒഴികെ ബാക്കിയുള്ളവയെല്ലാം മൂടിക്കളയുകയും ചെയ്തു. ആ കിണറിന് അരികിൽ വെച്ച് അവർ ശത്രുക്കളെ നേരിട്ടു.
പിന്നീട് ഖൈബറിലെത്തിയപ്പോൾ എവിടെ താവളമടിക്കണം എന്നതിനെക്കുറിച്ച് നബിﷺ ജനങ്ങളോട് ആലോചന നടത്തി. അപ്പോൾ ഹുബാബ് ബിനുൽ മുൻദിർ(റ) പറഞ്ഞു: ‘അങ്ങു കോട്ടകൾക്കിടയിൽ താവളമടിക്കണം. എങ്കിൽ അവർക്കിടയിലുള്ള വാർത്താവിനിമയം തടയാൻ നമുക്ക് സാധിക്കും.’ അങ്ങനെ തിരുനബിﷺ കോട്ടകൾക്കിടയിൽ താവളമടിച്ചു.”
അനസ് (റ), ഹസൻ(റ) ഹൈസമി(റ), മജ്മഉസ്സവാഇദിൽ ഉദ്ധരിച്ച ഒരു നിവേദനത്തിന്റെ ആശയം ഇപ്രകാരമാണ്. “ബദ്ർ ദിനത്തിൽ തടവുകാരെ എന്തുചെയ്യണം എന്ന കാര്യത്തിൽ തിരുനബിﷺ ജനങ്ങളോട് ആലോചന നടത്തി. അവിടുന്ന് പറഞ്ഞു: ‘അല്ലാഹു അവരെ നിങ്ങളുടെ കൈകളിൽ ഏൽപ്പിച്ചിരിക്കുന്നു.’ അപ്പോൾ ഉമർ ബിനുൽ ഖത്താബ്(റ) എഴുന്നേറ്റ് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേﷺ, അവരുടെ കഴുത്തറുക്കുക. തിരുനബിﷺ അദ്ദേഹത്തിൽ നിന്ന് മുഖം തിരിച്ചു. തുടർന്ന് അല്ലാഹുവിന്റെ ദൂതർﷺ വീണ്ടും പറഞ്ഞു: ‘ജനങ്ങളേ, അല്ലാഹു അവരെ നിങ്ങളുടെ അധീനതയിലാക്കിയിരിക്കുന്നു, എന്നാൽ ഇന്നലെവരെ അവർ നിങ്ങളുടെ സഹോദരങ്ങളായിരുന്നു.’ അപ്പോഴും ഉമർ(റ) എഴുന്നേറ്റ് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേﷺ, അവരുടെ കഴുത്തറുക്കുക.’ അല്ലാഹുവിന്റെ ദൂതർﷺ വീണ്ടും അദ്ദേഹത്തിൽ നിന്ന് മുഖം തിരിച്ചു.
മൂന്നാമതും തിരുനബിﷺ ജനങ്ങളോട് ഇതുതന്നെ ആവർത്തിച്ചപ്പോൾ അബൂബക്കർ സിദ്ദീഖ്(റ) എഴുന്നേറ്റ് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേﷺ, അങ്ങ് അവർക്ക് മാപ്പ് നൽകുകയും അവരിൽ നിന്ന് മോചനദ്രവ്യം സ്വീകരിക്കുകയും ചെയ്യുന്നതാണ് ഉചിതമെന്ന് ഞാൻ കരുതുന്നു.’ അപ്പോൾ അല്ലാഹു സൂറത്തുൽ അൻഫാലിലെ 68 ആമത്തെ വചനം അവതരിപ്പിച്ചു: ‘അല്ലാഹുവിന്റെ പക്കൽ നിന്ന് നേരത്തെ രേഖപ്പെടുത്തിയ ഒരു നിശ്ചയമില്ലായിരുന്നുവെങ്കിൽ നിങ്ങൾ മോചനദ്രവ്യം വാങ്ങിയതിൻ്റെ പേരിൽ നിങ്ങൾക്ക് വലിയ ശിക്ഷ ബാധിക്കുമായിരുന്നു’.
തിരുനബിﷺയുടെ സാമൂഹിക വ്യവഹാരങ്ങളിൽ അടിസ്ഥാനപരമായി പാലിച്ചിരുന്ന പ്രധാനപ്പെട്ട രണ്ട് മൂല്യങ്ങളെയാണ് ഈ നിവേദനങ്ങൾ പരിചയപ്പെടുത്തുന്നത്. പാപ സുരക്ഷിതരായ തിരുനബിﷺക്ക് ഓരോ കാര്യത്തിനും വ്യക്തമായ തീരുമാനങ്ങളും നിലപാടുകളുമുണ്ടായിരിക്കുമ്പോൾ തന്നെ ഒപ്പമുള്ളവരോടും അനുചരന്മാരോടും കൂടിയാലോചിക്കുന്നതിൽ തിരുനബിﷺക്ക് യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല. കൂടിയാലോചന ഒരു സംസ്കാരമായി തന്നെ നിലനിൽക്കണമെന്നാണ് തിരുനബിﷺ സൂചിപ്പിച്ചത്. അഭിപ്രായങ്ങൾ ആരായുമ്പോഴും ജനങ്ങളിൽനിന്ന് സ്വീകരിക്കുമ്പോഴും കൃത്യമായ വിശദാംശങ്ങളോടെ അറിയുകയും കാരുണ്യപരമായ നിലപാടുകൾക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്തു. അനുനയിപ്പിക്കാനും അടുത്തുനിർത്താനും നന്മയിലേക്ക് കടന്നു വരാനും ഉതകുന്ന സമീപനങ്ങൾക്കാണ് പ്രാധാന്യം നൽകിയത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
