Tweet 1270

    Tweet 1270
    December 5, 2025 • Friday
    Post Header

    തിരുനബിﷺയുടെ ജീവിതത്തിലെ ചില ചിട്ടകളും മര്യാദകളും അവിടുന്ന് പാലിച്ചിരുന്ന രീതികളും വായിച്ചു കൊണ്ടിരിക്കുകയാണല്ലോ നാം.
    അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ തുമ്മുകയാണെങ്കിൽ, അവിടുത്തെ മുഖം വസ്ത്രംകൊണ്ടോ കൈകൊണ്ടോ മറയ്ക്കുകയും, എന്നിട്ട് അതുവഴി ശബ്ദം താഴ്ത്തുകയും/നിയന്ത്രിക്കുകയും ചെയ്തിരുന്നു.”

    ഇത് സംബന്ധമായ മറ്റൊരു ഹദീസ് അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്. “നിങ്ങളിലൊരാൾ തുമ്മിയാൽ, അവൻ ‘അൽഹംദുലില്ലാഹ്’ അഥവാ സ്തുതി സർവ്വവും അല്ലാഹുവിനാണ് എന്ന് പറയട്ടെ. അപ്പോൾ അവന്റെ സഹോദരനോ -അല്ലെങ്കിൽ കൂട്ടുകാരനോ- അവനോട് ‘യർഹമുകല്ലാഹ്’ അഥവാ അല്ലാഹു താങ്കൾക്ക് കരുണ ചെയ്യട്ടെ എന്ന് പറയട്ടെ. അവനോട് ‘യർഹമുകല്ലാഹ്’ എന്ന് പറഞ്ഞാൽ, അവൻ അഥവാ തുമ്മിയ ആൾ ‘യഹ്ദീക്കുമുല്ലാഹു വ യുസ്‌ലിഹു ബാലകും’ അഥവാ അല്ലാഹു നിങ്ങൾക്ക് മാർഗ്ഗദർശനം നൽകുകയും നിങ്ങളുടെ അവസ്ഥകൾ നന്നാക്കുകയും ചെയ്യട്ടെ എന്ന് പറയട്ടെ.”

    മനുഷ്യജീവിതത്തിൽ വളരെ ലളിതവും നിസ്സാരവുമായി കാണുന്ന ഒരു കാര്യം പ്രാധാന്യത്തോടെ പഠിക്കുകയും പരിഗണിക്കുകയും ആലോചിക്കാനും അനുഷ്ഠിക്കാനുമുള്ള ചില ചിട്ടകൾ നിർദ്ദേശിക്കുകയും ചെയ്യുന്നു എന്നത് നിസ്സാരമായ ഒരു കാര്യമല്ല. തുമ്മുമ്പോൾ മനുഷ്യന് ലഭിക്കുന്ന ആശ്വാസവും അതുവഴി മനുഷ്യന് ലഭിച്ചുകൊണ്ടിരിക്കുന്ന ചില സംരക്ഷണങ്ങളും കൃത്യമായി ആലോചിക്കുമ്പോൾ ഇതെല്ലാം സംവിധാനിച്ച സ്രഷ്ടാവിനെ സ്തുതിക്കാതിരിക്കാൻ ആവില്ലല്ലോ! നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഓരോ അനുഗ്രഹങ്ങളുടെയും വലിപ്പവും അതൊരുക്കി തന്ന ദാതാവിന്റെ മഹത്വവും തിരിച്ചറിയുക എന്നത് മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ മൂല്യമാണ്. ആ മൂല്യ വിചാരത്തിലേക്കാണ് സ്തുതി വാചകം കൂട്ടിക്കൊണ്ടുപോകുന്നത്. എൻ്റെ കൂട്ടുകാരനോ സഹോദരനോ സമീപസ്ഥനോ അല്ലാഹുവിനെ സ്തുതിക്കുമ്പോൾ അയാൾക്കു ലഭിച്ച അനുഗ്രഹത്തെയും അനുഗ്രഹത്തിന് നന്ദി പറയാൻ കഴിഞ്ഞ ഭാഗ്യത്തെയും പ്രശംസിച്ചുകൊണ്ട് തൊട്ടടുത്തുള്ളയാൾ അല്ലാഹു നിനക്ക് റഹ്മത്ത് ചൊരിയട്ടെ എന്ന് പ്രാർഥിക്കുന്നു. തന്നോട് ചേർന്നുനിന്ന് തൻ്റെ നന്മയ്ക്കുവേണ്ടി പ്രാർഥിച്ചയാളെ പരിഗണിക്കുകയും അയാൾക്ക് പ്രത്യുപകാരമായി വിജയപ്രാർഥന നിർവഹിക്കുകയും ചെയ്യുന്നു. ഈയൊരു പെരുമാറ്റവും രീതിയും വ്യക്തികൾക്കിടയിൽ ഉണ്ടായിരിക്കേണ്ട ആത്മബന്ധത്തെയും ഗുണകാംക്ഷയേയും കൃത്യമായി അടയാളപ്പെടുത്തുകയാണ്.

    എല്ലാ മനുഷ്യരുടെയും നിത്യജീവിതത്തിൽ നിസ്സാരമെന്നു തോന്നുന്ന ഒരു കാര്യത്തെ വ്യക്തിയുടെ ആത്മീയ പുരോഗതിക്കും വ്യക്തികൾക്കിടയിലെ ആത്മബന്ധ വളർച്ചക്കും എത്ര മനോഹരമായിട്ടാണ് ഇസ്‌ലാം പാകപ്പെടുത്തിയിരിക്കുന്നത്. വേറെ ഏതെങ്കിലും വ്യവസ്ഥിതിയിൽ വ്യക്തികളുടെ ഇഴയടുപ്പം വർദ്ധിപ്പിക്കാൻ ഇതുപോലെയുള്ള കൗതുകകരവും മനോഹരവുമായ ആചാരങ്ങളോ സംസ്കാരങ്ങളോ ഉണ്ടോ!

    വിശ്വാസികൾക്കിടയിൽ സാധാരണ നടക്കുന്ന ഒരു രീതിയാണെങ്കിലും ഇതിൻ്റെ ആശയത്തിലേക്കും നിർമാണപരമായ ആത്മീയ തലത്തിലേക്കും കൃത്യമായി ആലോചിച്ചാൽ ആശ്ചര്യകരമായ നിരവധി ആശയങ്ങൾ ഇതിലെല്ലാം നിറഞ്ഞു നിൽക്കുന്നുണ്ട്. തിരുനബിﷺ ജീവിതത്തിലൂടെ അവതരിപ്പിക്കുകയും അനുയായികൾ അനുകരിക്കാൻ നിർദ്ദേശിക്കപ്പെടുകയും ചെയ്ത ഓരോ സമീപനങ്ങൾക്കും കൃത്യമായ ലക്ഷ്യങ്ങളും മൂല്യങ്ങളുമുണ്ട്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...