
തിരുനബിﷺയുടെ ശീലങ്ങളും സമ്പ്രദായങ്ങളും വായിക്കുമ്പോൾ നവജാത ശിശുക്കളെ സ്വീകരിച്ച രീതിയെക്കുറിച്ച് ഇങ്ങനെ വായിക്കാൻ,കഴിയും. റസൂലുല്ലാഹിﷺയുടെ അടിമ അബൂ റാഫിഅ്(റ) പറയുന്നു. തിരുനബിﷺ ഹസൻ്റെ(റ)യും ഹുസൈൻ്റെ(റ)യും ചെവികളിൽ ബാങ്ക് കൊടുത്തു. ഒരു നിവേദന പ്രകാരം അങ്ങനെ ചെയ്യാൻ കൽപ്പിക്കുകയും ചെയ്തു.
ഹസൻ(റ), ഹുസൈൻ(റ), മുഹ്‌സിൻ(റ) എന്നീ പേരക്കുട്ടികൾക്ക് പേര് വിളിച്ചതും അവർക്ക് വേണ്ടി അഖീഖ അറവ് നടത്തിയതും അവരുടെ തലമുടി വടിച്ചതും അതിൻ്റെ ഭാരത്തിന് തുല്യമായത് ദാനം ചെയ്തതും അതിനെല്ലാം കൽപ്പിച്ചതും തിരുനബിﷺ തന്നെയായിരുന്നു. അവർക്ക് ചേലാകർമ്മം നടത്തിക്കുകയും ചെയ്തു.
നവജാത ശിശുക്കൾക്ക് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് കർമത്തിലൂടെയും നിർദ്ദേശത്തിലൂടെയും തിരുനബിﷺ പഠിപ്പിക്കുകയായിരുന്നു. വിശ്വാസിലോകത്തിന് അനുകരിക്കാനും പ്രയോഗിക്കാനുമുള്ള ചര്യയാണത്. ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ഏത് മേഖലയിലും ആരോടുമുള്ള സമീപനങ്ങളെയും കൃത്യമായ ചിട്ടയോടെയും നിയമനിർദ്ദേശങ്ങളോടെയും പരിപാലിക്കുന്നു എന്നതാണ് ഇസ്‌ലാമിൻ്റെ സമ്പൂർണ്ണത.
കുഞ്ഞുങ്ങളോട് എങ്ങനെയാണ് വാത്സല്യം കാണിക്കേണ്ടതെന്നും തിരുനബിﷺയുടെ പേരമക്കളോടൊപ്പമുള്ള സഹവാസത്തിൽ നിന്ന് അവിടുന്ന് പഠിപ്പിച്ചിട്ടുണ്ട്. ഇമാം ബുഖാരി(റ) തന്നെ അദബുൽ മുഫ്റദിൽ രേഖപ്പെടുത്തുന്നു. ഹസ്സൻ(റ), ഹുസൈൻ(റ) എന്നീ മക്കളെ തോളിൽ വഹിച്ചുകൊണ്ട് തിരുനബിﷺ പറഞ്ഞു. ഞാൻ ഇവരെ ഇഷ്ടപ്പെടുന്നു. നിങ്ങൾ ഇവരെ ഇഷ്ടപ്പെടുക. ഈ രംഗത്തിന് സാക്ഷിയായ ബറാഅ(റ) എന്നവരാണ് നിവേദനം ചെയ്യുന്നത്.
അബൂ ലൈല(റ) എന്നവർ നിവേദനം ചെയ്യുന്നു. ഞാൻ ഒരിക്കൽ തിരുനബിﷺയുടെ സമീപത്തുണ്ടായിരുന്നു. അവിടുത്തെ പേരമക്കൾ ഹസ്സനും(റ) ഹുസൈനും(റ) തിരുനബിﷺയുടെ മാറത്തും ശരീരത്തും ചേർന്നിരുന്നു കളിക്കുകയായിരുന്നു. ഇടയിൽ വെച്ച് അവരിൽ ഒരാൾ മൂത്രമൊഴിച്ചു. ഞാൻ വേഗം എഴുന്നേറ്റ് അടുത്തേക്ക് ചെന്നപ്പോൾ അവരെ ബേജാറാക്കണ്ട, മൂത്രമൊഴിച്ചു കഴിഞ്ഞു കൊള്ളട്ടെ എന്ന് തിരുനബിﷺ പറയുകയും ചെയ്തു.
മക്കളോടുള്ള കാരുണ്യവും വാത്സല്യവും എങ്ങനെയാകണമെന്നും കുഞ്ഞുമക്കളെ താലോലിച്ചും പരിപാലിച്ചും എങ്ങനെ കൊണ്ടുനടക്കണമെന്നും ഔദ്യോഗിക തിരക്കുകളുടെയും ഗൗരവമായ പ്രശ്നങ്ങളുടെയും ഇടയിലും തിരുനബിﷺ സ്വന്തം ജീവിതം കൊണ്ട് അധ്യാപനം നൽകി.
കുഞ്ഞുങ്ങളോട് തിരുനബിﷺ കാണിച്ച വാത്സല്യവും നൽകിയ സ്നേഹ ചുംബനങ്ങളും ജാഹിലിയ്യാക്കാലത്തെ ചിലരെ ആശ്ചര്യപ്പെടുത്തി. 10 സന്താനങ്ങളുണ്ടായിട്ടും ഒരാളെപ്പോലും ഒരിക്കലും ചുംബിച്ചിട്ടില്ല എന്നതായിരുന്നു ഒരാൾ അഭിമാനമായി പറഞ്ഞത്. തിരുനബിﷺ അതിനോട് അതിമനോഹരമായി പ്രതികരിച്ചു. കാരുണ്യം നിറഞ്ഞ ഹൃദയങ്ങളിൽ നിന്നുണ്ടാകുന്ന കരുണാ പ്രകാശനമാണ് കുഞ്ഞുങ്ങൾക്ക് നൽകുന്ന വാത്സല്യവും ചുംബനങ്ങളും എന്നായിരുന്നു അത്. കുട്ടികളോട് വാത്സല്യമുണ്ടാകണമെന്നും വലിയവരെ ആദരിക്കണമെന്നും സുപ്രധാനമായ ഒരു പ്രമേയമായി തന്നെ തിരുനബിﷺ പറയാറുണ്ടായിരുന്നു. ഒഴിവുസമയങ്ങളിലും മക്കളോടൊപ്പം കളിക്കുകയും അവരുടെ വിനോദങ്ങളിൽ ഒപ്പം ചേരുകയും അവർക്കിടയിൽ കൗതുകകരമായ മത്സരങ്ങൾ സംഘടിപ്പിക്കുകയും തിരുനബിﷺയുടെ പതിവായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
