
വ്യക്തികൾക്ക് പേരുവെക്കുന്നതിനും പേരുവിളിക്കുന്നതിലും തിരുനബിﷺക്ക് ഹൃദ്യമായ കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളുമുണ്ടായിരുന്നു.
ഹൻളലത്ത് ബ്നു ഹുദൈം(റ) നിവേദനം ചെയ്യുന്നു. ഒരാളെ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പേര് ഉപയോഗിച്ചോ, അല്ലെങ്കിൽ ഏറ്റവും ഇഷ്ടപ്പെട്ട വിളിപ്പേര്/കുനിയത്ത് ഉപയോഗിച്ചോ വിളിക്കുന്നത് തിരുനബിﷺക്ക് ഇഷ്ടമായിരുന്നു.
പ്രസ്തുത കാഴ്ചപ്പാടിൽ നിന്നുകൊണ്ട് മോശമായ അർഥമുള്ള പല പേരുകളും പറയപ്പെടുമ്പോൾ നല്ല പുതിയ പേരുകൾ നിർണയിച്ച് തിരുനബിﷺ തന്നെ പുനർനാമകരണം ചെയ്യുമായിരുന്നു. ഈ വിഷയം മഹതി ആഇശ(റ)യിൽ നിന്ന് ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്ന ഹദീസിൽ വ്യക്തമായി തന്നെ പറയുന്നുണ്ട്.
തിരുനബിﷺ മാറ്റം വരുത്തിയ ചില പേരുകളുടെ ഉദാഹരണങ്ങളും വായിക്കാൻ കഴിയും. അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) അടക്കമുള്ളവർ നിവേദനം ചെയ്യുന്നു. ഉമറി(റ)ന്റെ മകൾക്ക് ആസിയ എന്ന പേരുണ്ടായിരുന്നു. പാപം ചെയ്തവൾ എന്നാണല്ലോ അതിൻ്റെ പ്രാഥമിക അർഥം. ഈ പേരുകേട്ടതും തിരുനബിﷺ സുന്ദരി എന്നർത്ഥമുള്ള ജമീല എന്ന് നാമകരണം ചെയ്തു. അബൂസലമ(റ)യുടെ മകൾക്ക് ബർറാ എന്ന പേര് സ്വയംപെരുമയ്ക്ക് നിമിത്തമാകും എന്ന വീക്ഷണത്തിൽ സൈനബ് എന്ന് പുനർനാമകരണം ചെയ്തു. അബൂഹുറൈറ(റ) തന്നെ ഉദ്ധരിച്ച ഹദീസിൽ ഇക്കാര്യം വായിക്കാൻ കഴിയും.
അലിയ്യ് ബ്നു അബീത്വാലിബ്(റ) പറയുന്നു: ഹസൻ(റ) ജനിച്ചപ്പോൾ ഞാൻ അദ്ദേഹത്തിന് ‘ഹർബ് /യുദ്ധം’ എന്ന് പേരിട്ടു. അപ്പോൾ തിരുനബിﷺ വന്നു ചോദിച്ചു: “എൻ്റെ മകനെ എന്നെ ഒന്ന് കാണിക്കൂ, നിങ്ങൾ അവന് എന്ത് പേരാണ് നൽകിയത്?”
ഞങ്ങൾ പറഞ്ഞു: “ഹർബ് എന്ന്.”
അവിടുന്ന് പറഞ്ഞു: “അല്ല, പകരം അവൻ ഹസൻ /നല്ലവൻ ആണ്.”
ഹുസൈൻ(റ) ജനിച്ചപ്പോൾ ഞാൻ അദ്ദേഹത്തിന് ‘ഹർബ്’ എന്ന് പേരിട്ടു. അപ്പോൾ തിരുനബിﷺ വന്നു ചോദിച്ചു: “എൻ്റെ മകനെ എന്നെ കാണിക്കൂ, നിങ്ങൾ അവന് എന്ത് പേരാണ് നൽകിയത്?”
ഞങ്ങൾ പറഞ്ഞു: “ഹർബ് എന്ന്.”
അവിടുന്ന് പറഞ്ഞു: “അല്ല, പകരം അവൻ ഹുസൈൻ/ ചെറിയ നല്ലവനാണ്.”
എൻ്റെ മൂന്നാമത്തെ മകൻ ജനിച്ചപ്പോൾ ഞാൻ അവന് ‘ഹർബ്’ എന്ന് പേരിട്ടു. അപ്പോൾ നബിﷺ വന്നു ചോദിച്ചു: “എൻ്റെ മകനെ എന്നെ കാണിക്കൂ, നിങ്ങൾ അവന് എന്ത് പേരാണ് നൽകിയത്?”
ഞങ്ങൾ പറഞ്ഞു: “ഞങ്ങൾ അവന് ഹർബ് എന്ന് പേരിട്ടു.”
അവിടുന്ന് പറഞ്ഞു: “അല്ല, പകരം അവൻ മുഹ്സിൻ/നന്മ ചെയ്യുന്നവനാണ്.”
ശേഷം, അവിടുന്ന് പറഞ്ഞു: “ഞാൻ അവർക്ക് പേരിട്ടത് ഹാറൂൻ നബി(അ)യുടെ മക്കളുടെ പേരുകളാണ്: ശബ്ബർ, ശുബൈർ, മുശബ്ബിർ.
അലി(റ)യുടെ ധീരതയും സൈനിക മനസ്സും ഉൾക്കൊള്ളുന്ന നാമകരണമായിരുന്നു മക്കൾക്ക് ഉദ്ദേശിച്ചതെങ്കിലും സൗന്ദര്യമുള്ള നാമങ്ങൾ തിരുനബിﷺ നിർണയിച്ചു കൊടുത്തു. അവർ സ്വർഗ്ഗത്തിലെ യുവാക്കളുടെ നേതാക്കളാണെന്നും അവരെ പ്രശംസിച്ചു. ഹസ്സൻ(റ)ൻ്റെ പിതാവ് എന്ന് അഭിമാനപൂർവ്വം അലിയ്യ്(റ) സ്വയം പരിചയപ്പെടുത്തി.
ധീരതയും പ്രതിരോധശക്തിയും ഒക്കെ അടയാളപ്പെടുത്തേണ്ട സമയത്ത് സധൈര്യം തിരുനബിﷺ അത്തരം മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു. സൗന്ദര്യഭാവങ്ങളെ പരിപാലിക്കേണ്ട ഇടങ്ങളിൽ ആർദ്രതയും സൗന്ദര്യവും വിലാസമാക്കി കാണിച്ചു. എല്ലാ നന്മയുടെയും എല്ലാ ഭാവങ്ങളെയും അതിമനോഹരമായി തിരുനബിﷺ സമ്മേളിപ്പിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
