Tweet 1264

    Tweet 1264
    November 29, 2025 • Saturday
    Post Header

    ആഇശ(റ)യില് നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു.
    “നിങ്ങൾ ഖുറൈശികളെ പ്രതിരോധിച്ചു കവിത ചൊല്ലുക; തീർച്ചയായും അത് അമ്പുകൾ എയ്യുന്നതിനേക്കാൾ അവർക്ക് കഠിനമാണ്.” അങ്ങനെ തിരുനബിﷺ ഇബ്നു റവാഹ(റ)യെ വിളിച്ചു: “അവരെ പ്രതിരോധിക്കുക,” എന്ന് പറഞ്ഞു. അദ്ദേഹം അവരെ പ്രതിരോധിച്ചെങ്കിലും അത് തൃപ്തികരമായില്ല. പിന്നീട് കഅബ് ബ്നു മാലിക്കി(റ)നെ വിളിച്ചു, എന്നിട്ട് ഹസ്സാൻ ബ്നു സാബിത്തി(റ)നെ വിളിച്ചു. തിരുനബിﷺയുടെ അടുത്തേക്ക് വന്നപ്പോൾ, ഹസ്സാൻ(റ) പറഞ്ഞു: “ഈ വാലാട്ടുന്ന സിംഹത്തിന്റടുക്കലേക്ക് അഥവാ എന്റെയടുക്കലേക്ക് നിങ്ങൾ ആളയക്കാൻ സമയമായിരിക്കുന്നു.”

    ശേഷം, അദ്ദേഹം തന്റെ നാവ് പുറത്തേക്ക് നീട്ടി ചലിപ്പിച്ചു കൊണ്ട് പറഞ്ഞു: “സത്യവുമായി അങ്ങയെ നിയോഗിച്ചവൻ അഥവാ അല്ലാഹു തന്നെയാണ് സത്യം! ഞാൻ എൻ്റെ നാവ് കൊണ്ട് തുകൽ കീറിയെടുക്കുന്നതുപോലെ അവരെ കീറിയെടുക്കും.”
    അപ്പോൾ റസൂലുല്ലാഹിﷺ പറഞ്ഞു: “നിങ്ങൾ ധൃതി കാണിക്കരുത്; കാരണം ഖുറൈശികളുടെ വംശാവലിയെക്കുറിച്ച് ഖുറൈശികളിൽ ഏറ്റവും അറിവുള്ളയാൾ അബൂബക്കറാ(റ)ണ്. എനിക്ക് അവരിൽ ഒരു ബന്ധവുമുണ്ട്. അതിനാൽ എൻ്റെ വംശാവലി അദ്ദേഹം നിങ്ങൾക്ക് വ്യക്തമാക്കിത്തരട്ടെ.”
    തുടർന്ന് ഹസ്സാൻ(റ), അബൂബക്കർ(റ)വിൻ്റെ അടുക്കൽ ചെന്നു. പിന്നീട് മടങ്ങിവന്ന് പറഞ്ഞു: “അല്ലാഹുവിൻ്റെ റസൂലേﷺ, അവിടുത്തെ വംശാവലി അദ്ദേഹം എനിക്ക് വ്യക്തമാക്കിത്തന്നു. സത്യവുമായി അങ്ങയെ നിയോഗിച്ചവൻ തന്നെയാണ് സത്യം! മാടിൽ നിന്ന് രോമം ഊരിയെടുക്കുന്നതുപോലെ ഞാൻ അവിടുത്തെ അവരിൽ നിന്ന് വേർതിരിച്ചെടുക്കും.”

    ആഇശ(റ) പറഞ്ഞു: റസൂലുല്ലാഹിﷺ ഹസ്സാനോ(റ)ട് ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു: “നിങ്ങൾ അല്ലാഹുവിനും അവൻ്റെ റസൂലിﷺനും വേണ്ടി പ്രതിരോധിക്കുന്നിടത്തോളം കാലം റൂഹുൽ ഖുദുസ് അഥവാ ജിബ്‌രീൽ(അ) നിങ്ങളെ സഹായിച്ചുകൊണ്ടിരിക്കും.”
    ആഇശ(റ) തുടർന്ന് പറഞ്ഞു: റസൂലുല്ലാഹിﷺ ഇങ്ങനെ പറയുന്നതും ഞാൻ കേട്ടു: “ഹസ്സാൻ(റ) അവർക്കെതിരെ കവിത ആലപിച്ചു. അപ്പോൾ അവിടുന്ന് തൃപ്തനാവുകയും മറ്റുള്ളവരെ തൃപ്തിപ്പെടുത്തുകയും ചെയ്തു.” ഹസ്സാൻ(റ) പാടിയ വരികളുടെ ആശയം ഇങ്ങനെ സംഗ്രഹിക്കാം. “നിങ്ങൾ മുഹമ്മദിﷺനെ ആക്ഷേപിച്ചു, അപ്പോൾ ഞാൻ അതിന് മറുപടി നൽകി… അതിനുള്ള പ്രതിഫലം അല്ലാഹുവിൻ്റെ അടുത്താണ്.”

    “നിങ്ങൾ ആക്ഷേപിച്ചത്, സത്യസന്ധതയും നേർവഴിയിൽ ചരിക്കുന്നവരുമായ മുഹമ്മദിﷺനെയാണ്… പ്രതിബദ്ധത സ്വഭാവമായുള്ള അല്ലാഹുവിൻ്റെ ദൂതനെﷺയാണ്.”
    “തീർച്ചയായും എൻ്റെ പിതാവും, അവിടുത്തെ പിതാവും, എൻ്റെ അഭിമാനവും… നിങ്ങളുടെ ആക്ഷേപങ്ങളിൽ നിന്ന് മുഹമ്മദ് നബിﷺയുടെ അഭിമാനത്തിനുള്ള കവചവുമാണ്.”

    “കദാഇൻ്റെ സ്ഥലം ഇരുവശങ്ങളിൽ നിന്ന് കുതിരകൾ പൊടിപറത്തുന്നത് നിങ്ങൾ കണ്ടില്ലെങ്കിൽ എൻ്റെ മകളെ എനിക്ക് നഷ്ടമാകട്ടെ!” “അവ കടിഞ്ഞാണുകളെ മറികടന്ന് മുകളിലേക്ക് കുതിക്കുന്നു… അതിൻ്റെ ചുമലുകളിൽ ദാഹിച്ചിരിക്കുന്ന കുന്തങ്ങളുണ്ട്.”
    “നമ്മുടെ കുതിരകൾ കുളമ്പടിച്ച് പൊടിപറത്തിക്കൊണ്ട് നിൽക്കും… അപ്പോൾ സ്ത്രീകൾ അവയെ തട്ടങ്ങൾ കൊണ്ട് തലോടും.”
    “നിങ്ങൾ ഞങ്ങളെ വിട്ട് മാറിയാൽ ഞങ്ങൾ ഉംറ ചെയ്യും… അങ്ങനെ വിജയം വരികയും മൂടിവെക്കപ്പെട്ടത് നീങ്ങുകയും ചെയ്യും.”
    “അല്ലെങ്കിൽ ഒരു ദിവസത്തെ പോരാട്ടത്തിനായി നിങ്ങൾ ക്ഷമിക്കുക… അതിൽ അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ പ്രബലരാക്കും.”
    “അല്ലാഹു പറഞ്ഞു: ഞാൻ ഒരു അടിമയെ അയച്ചിട്ടുണ്ട്… അവൻ യാതൊരു മറയുമില്ലാതെ സത്യം പറയുന്നു.”
    “അല്ലാഹു പറഞ്ഞു: ഞാൻ ഒരു സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ട്… അവർ അൻസ്വാറുകളാണ്. പോരാട്ടമാണ് അവരുടെ രീതി.”

    “നിങ്ങളിൽ ആരാണോ അല്ലാഹുവിൻ്റെ റസൂലിﷺനെ ആക്ഷേപിക്കുന്നത്… അവൻ്റെയും, അദ്ദേഹത്തെ പ്രശംസിക്കുന്നവൻ്റെയും സഹായിക്കുന്നവൻ്റെയും ഫലം തുല്യമാവില്ല.”
    “നമ്മുടെ കൂടെ അല്ലാഹുവിൻ്റെ ദൂതനുംﷺ ജിബ്‌രീലും(അ) … റൂഹുൽ ഖുദുസുമുണ്ട്. അതിന് തുല്യമായി മറ്റാരുമില്ല.”

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...