Tweet 1263

    Tweet 1263
    November 28, 2025 • Friday
    Post Header

    അബൂ ഹുറൈറയിൽ(റ) നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. ഹസ്സാനുബ്നു സാബിത്(റ) പള്ളിയിൽ വെച്ച് കവിത ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ ഉമറുബ്നുൽ ഖത്ത്വാബ്(റ) അതുവഴി കടന്നുപോയി. അപ്പോൾ ഉമർ(റ) അദ്ദേഹത്തോട് ചോദിച്ചു. “ഇവിടെയോ അഥവാ പള്ളിയിൽ വെച്ചാണോ കവിത ചെല്ലുന്നത്?
    അപ്പോൾ ഹസ്സാൻ(റ) പറഞ്ഞു: “അതെ, താങ്കളെക്കാൾ ഉത്തമനായ ഒരാളുടെ സാന്നിധ്യത്തിൽ ഞാൻ ഇവിടെവെച്ച് കവിത ചൊല്ലിയിട്ടുണ്ട്.”
    ശേഷം, ഹസ്സാൻ(റ) അബൂ ഹുറൈറ(റ)യുടെ നേർക്ക് തിരിഞ്ഞ് പറഞ്ഞു: “അബൂ ഹുറൈറ(റ), അല്ലാഹുവിന്റെ പേരിൽ ഞാൻ താങ്കളോട് ചോദിക്കട്ടെ! ‘അല്ലാഹുവേ, ഇദ്ദേഹത്തെ പരിശുദ്ധാത്മാവ് അഥവാ റൂഹുൽ ഖുദുസിനെ കൊണ്ട് നീ ശക്തിപ്പെടുത്തേണമേ’ എന്ന് തിരുനബിﷺ പ്രാർത്ഥിക്കുന്നത് താങ്കൾ കേട്ടിട്ടുണ്ടോ?”

    നല്ല കവിതയെ തിരുനബിﷺ പ്രചോദിപ്പിക്കുകയും പ്രവാചകർﷺക്കും ഇസ്‌ലാമിനും എതിരെ വരുന്ന ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടി പറഞ്ഞുകൊണ്ട് കവിത ചൊല്ലിയ ഹസ്സാനി(റ)ന് ജിബ്‌രീലി(അ)ന്റെ സഹായം നൽകണമെന്ന് പ്രത്യേകം പ്രാർഥിക്കുകയും ചെയ്തു. തിരുനബിﷺയെ പ്രകീർത്തിക്കാനും ആക്ഷേപങ്ങളെ പ്രതിരോധിക്കാനും അതിമനോഹരമായി കവിത കോർത്തിണക്കിയ ഹസ്സാനി(റ)ന് വേണ്ടി മദീന പള്ളിയിൽ പ്രത്യേകം ഒരു പ്ലാറ്റ്ഫോം തന്നെ തിരുനബിﷺ ഒരുക്കി കൊടുത്തു.

    കവിതയുടെ ശക്തിയും കവിതയെ കവിത കൊണ്ട് തന്നെ പ്രതിരോധിക്കേണ്ട പ്രതിരോധരീതിയും എത്രമേൽ കൃത്യമായിട്ടായിരുന്നു തിരുനബിﷺ മനസ്സിലാക്കുകയും സമീപിക്കുകയും ചെയ്തത്!

    നിവേദന പരമ്പര അത്ര പ്രബലമല്ലെങ്കിലും നാബിഗഃ എന്ന കവി അദ്ദേഹത്തിന്റെ ഒരു അനുഭവം ഇങ്ങനെ പങ്കുവെക്കുന്നു. ഞാൻ തിരുനബിﷺയുടെ അടുക്കൽ വന്നു. എന്നിട്ട് അവിടുത്തെ മുൻപിൽ ഞാൻ കവിത ചൊല്ലി. ഉള്ളടക്കം ഇങ്ങനെയായിരുന്നു.
    ഞങ്ങൾ ഒരു ജനതയാണ്. യുദ്ധത്തിൻ്റെ നാളിൽ, ഞങ്ങൾ ഏറ്റുമുട്ടുമ്പോൾ ഞങ്ങളുടെ കുതിരകൾ
    ഒഴിഞ്ഞുമാറാനോ പിന്തിരിഞ്ഞോടാനോ ശീലിച്ചിട്ടില്ല. കുത്തിപ്പിളർക്കൽ കാരണം ഞങ്ങളുടെ കുതിരകളുടെ നിറങ്ങൾ ഞങ്ങൾ തിരിച്ചറിയുകയില്ല; കറുപ്പ് നിറമുള്ള കുതിരയെപ്പോലും ഞങ്ങൾ ചുവന്ന നിറമുള്ളതായി കണക്കാക്കും.
    അവയെ കേടുപാടുകൾ കൂടാതെ തിരിച്ചയക്കുന്നത് ഞങ്ങൾക്ക് അറിയപ്പെടുന്ന കാര്യമല്ല;
    അവ നശിച്ചുപോയാലും ഞങ്ങൾക്ക് അതൊന്നും പുതുമയല്ല. ഞങ്ങളുടെ പ്രതാപവും പിതാമഹന്മാരുടെ പ്രതാപവും വാനോളം ഉയർന്നിരിക്കുന്നു.
    നിശ്ചയം! അതിലുപരിയായ, ഒരു പ്രകടമായ സ്ഥാനം ഞങ്ങൾ തേടുന്നു.

    കവി ഈ വരികൾ ചൊല്ലിക്കഴിഞ്ഞപ്പോൾ നബിﷺ ചോദിച്ചു: “അതിലുപരിയായി തേടുന്നത് എവിടേക്കാണ്?” നാബിഗഃ പറഞ്ഞു: “സ്വർഗ്ഗത്തിലേക്ക്.”
    അവിടുന്ന് പറഞ്ഞു: “അതെ, അല്ലാഹു ഉദ്ദേശിച്ചെങ്കിൽ എത്തിച്ചേരും.”
    അങ്ങനെ, ഞാൻ അവിടുത്തെ മുൻപിൽ ഈ വരികൾ കൂടി ചൊല്ലി. ആശയം ഇപ്രകാരമാണ്.
    അതിന് കോപത്തിന്റെ തുടക്കങ്ങൾ ഇല്ലെങ്കിൽ ക്ഷമയിൽ യാതൊരു നന്മയുമില്ല.
    അതിൻ്റെ തെളിമയെ മലിനമാക്കാതെ സംരക്ഷിക്കാൻ അത് അനിവാര്യമാണ്.
    അതുപോലെ, ശരിയായ തീരുമാനത്തിൽ എത്തിക്കാൻ ബുദ്ധിക്ക് കഴിഞ്ഞില്ലെങ്കിൽ അറിവില്ലായ്മയിലും നന്മയില്ല. “അല്ലാഹു നിൻ്റെ വായ നശിപ്പിക്കാതിരിക്കട്ടെ!” അതായത്, നിൻ്റെ പല്ലുകൾക്ക് കേടുപാടുകൾ വരുത്താതിരിക്കട്ടെ എന്ന് അപ്പോൾ തിരുനബിﷺ പ്രാർത്ഥിച്ചു. നാബിഗഃ പറയുന്നു: “അതിനുശേഷം, മനുഷ്യരിൽ ഏറ്റവും മനോഹരമായ പല്ലുകളുള്ള വ്യക്തികളിൽ ഒരാളായി അദ്ദേഹം മാറിയത്രെ. അദ്ദേഹത്തിന് ഒരു പല്ല് നഷ്ടപ്പെട്ടാൽ, അത് വീണ്ടും കിളിർക്കുമായിരുന്നു.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...