Tweet 1265

    Tweet 1265
    November 30, 2025 • Sunday
    Post Header

    ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ജുൻദുബ് ബ്നു അബ്ദില്ലാഹ്(റ) പറയുന്നു. തിരുനബിﷺ ഒരു യുദ്ധക്കളത്തിലായിരുന്നപ്പോൾ അവിടുത്തെ വിരൽ മുറിഞ്ഞ് രക്തം വന്നു. അപ്പോൾ അവിടുന്ന് വിരലിനോട് പറഞ്ഞു: “നീ ഒരു വിരൽ മാത്രമാണ്. നിനക്ക് മുറിവേറ്റിരിക്കുന്നു. നീ അനുഭവിച്ചതെല്ലാം അല്ലാഹുവിൻ്റെ മാർഗ്ഗത്തിലാണ്.”

    ഇതൊരു ഖുർആനിക സൂക്തത്തിന്റെ ആശയം കൂടിയാണ്. സത്യവിശ്വാസികളായ ദാസന്മാർ അവരുടെ ദേഹങ്ങളെയും ധനങ്ങളെയും അവൻ്റെ മാർഗ്ഗത്തിൽ ത്യജിച്ചപ്പോൾ, അതിന് പകരമായി അല്ലാഹു തആല അവർക്ക് സ്വർഗ്ഗം നൽകി. ഇത് അവൻ്റെ ഔദാര്യവും കാരുണ്യവും അനുഗ്രഹവുമാണ്. മേൽ ഹദീസിൽ, സ്വഹാബി ജുൻദുബ് ബ്നു അബ്ദില്ലാഹ് ബ്നു സുഫ്‌യാൻ(റ) പറയുന്നു: അല്ലാഹുവിൻ്റെ റസൂൽﷺ ഒരു യുദ്ധത്തിലായിരുന്നപ്പോൾ – അത് ഉഹുദ് യുദ്ധത്തിലായിരുന്നു എന്നാണ് പ്രസിദ്ധമായത്- തിരുനബിﷺയുടെ വിരലിന് മുറിവേറ്റു. അപ്പോൾ അവിടുന്ന് ആശ്വാസം നൽകിക്കൊണ്ട് സംസാരിച്ചു:
    “നീ ഒരു വിരൽ മാത്രമാണ്, നിനക്ക് രക്തം വന്നിരിക്കുന്നു, അല്ലാഹുവിൻ്റെ മാർഗ്ഗത്തിലാണ് നീ അനുഭവിച്ചതെല്ലാം!”
    അതായത്: നിനക്ക് നീയായിത്തന്നെ വിഷമം കുറയ്ക്കുക. കാരണം, നീ നാശമോ മുറിഞ്ഞുപോകലോ പോലുള്ള വലിയ പരീക്ഷണങ്ങൾക്കൊന്നും വിധേയമായിട്ടില്ല, മുറിവേൽക്കുകയും രക്തം കാണപ്പെടുകയും ചെയ്തു എന്നതിനപ്പുറം മറ്റൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ ഇത് പാഴായിപ്പോവുകയുമില്ല. മറിച്ച്, അല്ലാഹുവിൻ്റെ മാർഗ്ഗത്തിലും അവൻ്റെ പ്രീതിക്ക് വേണ്ടിയുമാണ് ഇത് സംഭവിച്ചത്.

    പ്രസ്തുത വാചകങ്ങൾ കവിതാരൂപത്തിലായതുകൊണ്ട് നാം തിരുനബിﷺക്ക് കവിത പഠിപ്പിച്ചിട്ടില്ല എന്ന ഖുർആൻ പ്രഖ്യാപനത്തോട് എതിരാവുകയില്ലേ എന്നൊരു ചോദ്യമുണ്ട്. അതിനുള്ള വിശദീകരണം ഇങ്ങനെയാണ്. ഇതൊരു പ്രത്യേക താളത്തിലുള്ള വാചകങ്ങളാണെങ്കിലും ഒരു കവിതയായി കോർത്തിണക്കിയതോ കവിതാ താല്പര്യത്തോടെ ചൊല്ലിയതോ അല്ല, മറിച്ച് ആശയം പങ്കുവെച്ച വാചകങ്ങൾ യാദൃശ്ചികമായി ഘടനയിൽ വന്നതാണ്. ഇത് അബ്ദില്ലാഹ് ബ്നു റവാഹ(റ)യുടെ കവിതയാണെന്നും, ഈ സന്ദർഭത്തിൽ റസൂലുല്ലാഹിﷺ അത് ഉദ്ധരിച്ചതാണെന്നും മറ്റൊരു വിശദീകരണം കൂടിയുണ്ട്.

    നല്ല ആശയങ്ങൾ ഉൾക്കൊള്ളുന്നതും ഏതെങ്കിലും തരത്തിലുള്ള ജ്ഞാനോപദേശം അടങ്ങിയതുമായ ചില വരികൾ അറബി കവിതയിൽ നിന്ന് തിരുനബിﷺ ഉദ്ധരിക്കുക പതിവുണ്ടായിരുന്നു. ഒരു ഹദീസിൽ ഇപ്രകാരമുണ്ട് ആഇശ(റ)യോട് ചോദിക്കപ്പെട്ടു: “തിരുനബിﷺ കവിതയിൽ നിന്ന് വല്ലതും ഉദ്ധരിക്കാറുണ്ടായിരുന്നോ?” അതായത്, ഉപമ പറയാൻ വേണ്ടി അവിടുന്ന് അറബികളിൽ ആരുടെയെങ്കിലും കവിത ചൊല്ലുകയോ പാടുകയോ ചെയ്യാറുണ്ടായിരുന്നോ?
    അപ്പോൾ ആഇശ(റ) പറഞ്ഞു: “അവിടുന്ന് ഇബ്നു റവാഹ(റ)യുടെ കവിത ഉദ്ധരിക്കാറുണ്ടായിരുന്നു. ത്വറഫത് ബ്നുൽ അബ്ദിൻ്റെ ഒരു വരി ഒരിക്കൽ നബിﷺ ഉദ്ധരിച്ചു. അതിൻ്റെ ആശയം ഇപ്രകാരമാണ്. “നീ യാത്രാഭക്ഷണം കൊടുക്കാത്തവൻ നിനക്ക് വാർത്ത കൊണ്ടുവരും.” ഇത് കവിതയുടെ രണ്ടാം പാദമാണ്. കവിത പൂർണ്ണമായി ഇതാണ്:
    “നീ അജ്ഞനായിരുന്ന കാര്യങ്ങളെ നാളുകൾ നിനക്ക് വെളിവാക്കിത്തരും,
    നീ യാത്രാഭക്ഷണം കൊടുക്കാത്തവൻ നിനക്ക് വാർത്ത കൊണ്ടുവരും.”
    അഥവാ നീ ശ്രദ്ധിക്കാതെയിരുന്ന കാര്യങ്ങളെക്കുറിച്ച് കാലം നിനക്ക് വെളിപ്പെടുത്തിത്തരും. നീ ചോദിക്കാത്ത ആൾ പോലും നിനക്ക് വാർത്തകൾ എത്തിച്ചുതരും.

    ഉമയ്യത് ബ്നു അബിസ്സൽത്തിൻ്റെ ഒരു കവിതാ ശകലവും, ലബീദ് ബ്നു റബീഅയുടെ ഒരു വരിയും നബിﷺ ഉദ്ധരിച്ചിരുന്നു എന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. ലബീദിൻ്റെ വരിയിലിങ്ങനെ പറയുന്നു: “അല്ലാഹു ഒഴികെയുള്ള എല്ലാ കാര്യങ്ങളും അസാധുവാണ്.” ഈ കവിതാശകലത്തെ തിരുനബിﷺ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...