Tweet 1262

    Tweet 1262
    November 27, 2025 • Thursday
    Post Header

    നബി ജീവിതത്തിലെ കവിതാ പരാമർശങ്ങളും കവിതകൾക്ക് സാക്ഷ്യം വഹിച്ച രംഗങ്ങളും നിവേദനങ്ങളിൽ നിന്ന് വായിക്കുമ്പോൾ ജാബിറുബ്നു സമുറ(റ)യുടെ വാചകങ്ങൾ ഇങ്ങനെ പരിചയപ്പെടാം. അദ്ദേഹം പറയുന്നു, ഞാൻ തിരുനബിﷺയുടെയും അവിടുത്തെ അനുചരന്മാരുടെയും കൂടെ നൂറിലധികം തവണ ഇരുന്നിട്ടുണ്ട്. അപ്പോൾ തിരുനബിﷺയുടെ അനുചരന്മാർ കവിതകൾ ചൊല്ലുകയും, ജാഹിലിയ്യ കാലഘട്ടത്തിലെ ചില കാര്യങ്ങൾ ഓർത്തെടുത്ത് പറയുകയും ചെയ്യുമായിരുന്നു. ചിലപ്പോൾ അവിടുന്ന് അവരോടൊപ്പം പുഞ്ചിരിക്കുമായിരുന്നു.

    ഈ ഹദീസിന്റെ വിശദീകരണം കൂടി നമുക്ക് ഇങ്ങനെ ചേർത്തുവയ്ക്കാം. തിരുനബിﷺ സ്വഹാബികളോട് വളരെയേറെ ഇഴുകി ചേർന്ന് ജീവിക്കുന്ന സ്വഭാവമായിരുന്നു പാലിച്ചത്. അനുചരന്മാരോടൊപ്പം ഇരിക്കുകയും അവരുമായി സംസാരിക്കുകയും അവർ തിരിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നു. തിരുനബിﷺ ഒരിക്കലും ഒരൊറ്റ മനുഷ്യനോടും അഹങ്കാരം കാണിച്ചിട്ടില്ല. അവർ പറയുന്ന കാര്യങ്ങൾ അവിടുന്ന് കേൾക്കുകയും, വിലക്കുകയോ വിശദീകരിക്കുകയോ ചെയ്യാതെ അവിടുന്ന് മൗനം പാലിക്കുകയും ചെയ്യുന്നത്, ആ വാക്കുകൾക്കുള്ള അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു.

    ഈ ഹദീസിൽ, “അനുചരന്മാർ കവിതകൾ പരസ്പരം ചൊല്ലുമായിരുന്നു.”: തിരുനബിﷺ അവരുടെ മദ്ധ്യേ ഇരിക്കുമ്പോൾ തന്നെ സ്വഹാബികൾ കവിതകൾ ചൊല്ലുമായിരുന്നു. “അവർ ജാഹിലിയ്യ കാലഘട്ടത്തിലെ ചില കാര്യങ്ങൾ ഓർത്തെടുത്ത് സംസാരിക്കുമായിരുന്നു”: അതായത്, അവിടുന്ന് അവരുടെ മദ്ധ്യേ ഇരിക്കുമ്പോൾ തന്നെ അവർ ജാഹിലിയ്യാ കാലത്തുണ്ടായിരുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമായിരുന്നു. “അവിടുന്ന് മൗനം പാലിക്കുന്നവരായിരിക്കും”: തിരുനബിﷺ അവരെ വിലക്കുകയോ ആക്ഷേപിക്കുകയോ ചെയ്യാതെ നിശ്ശബ്ദമായിരിക്കും. “ചിലപ്പോൾ അവിടുന്ന് അവരോടൊപ്പം പുഞ്ചിരിക്കുമായിരുന്നു”: ചിലപ്പോൾ ജാഹിലിയ്യാ കാലത്തെ കാര്യങ്ങളിൽ ചിരിയുണർത്തുന്ന സംഭവങ്ങൾ അവർ സംസാരിക്കുമ്പോൾ, തിരുനബിﷺ അവരോടൊപ്പം പുഞ്ചിരിക്കുകയും അവരെ ആക്ഷേപിക്കാതിരിക്കുകയും ചെയ്യുമായിരുന്നു.

    ഇത്തരം പ്രയോഗങ്ങളും പരാമർശങ്ങളുമെല്ലാം സൂചിപ്പിക്കുന്നത് കവിതയെ കവിത എന്ന നിലയ്ക്കോ പഴയകാല കഥകളെ പഴമയെന്ന നിലക്കോ തിരുനബിﷺ വിരോധിച്ചിരുന്നില്ല. അതിൻ്റെ ഉള്ളടക്കങ്ങൾ നന്മയുടേതോ അബദ്ധമുക്തമോ ആണെങ്കിൽ അവയെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. ജാഹിലിയ്യാക്കാലത്തെ നല്ലവർ ഇസ്‌ലാമിക മാനദണ്ഡത്തിലും നല്ലവരാണ്, അവർ ശരിയായ ബോധവും വിജ്ഞാനവും നേടിയവരാണെങ്കിൽ എന്നാശയം നൽകുന്ന തിരുനബിﷺയുടെ വചനം മൂല്യങ്ങളിലേക്കായിരുന്നു തിരുനബിﷺയുടെ നോട്ടം എന്നതിൻ്റെ സൂചനയാണ്. മുൻകാലങ്ങളിൽ നില നിന്നു പോന്ന നന്മകളെയും മൂല്യങ്ങളെയും സാഹിത്യവിചാരങ്ങളെയും തിരുനബിﷺ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്.

    കേവലം ആസ്വാദനങ്ങളും വർണ്ണനകളും പെണ്ണും മണ്ണും മദ്യവും അധമ വികാരങ്ങളെ പ്രചോദിപ്പിക്കുന്നതും ഇതിവൃത്തമായി സ്വീകരിച്ച കവിരാജൻ ഇംറുൽ ഖൈസിനെ കുറിച്ച് തിരുനബിﷺ പ്രയോഗിച്ച ഒരു പ്രയോഗമുണ്ട്. അദ്ദേഹത്തിൻ്റെ കയ്യിലാണ് കവികളുടെ പതാക പക്ഷേ അയാൾ അവരെ നയിക്കുന്നത് നരകത്തിലേക്കാണ്.

    തിരുനബിﷺയുടെ അധ്യാപനങ്ങൾ കൃത്യമായി പാലിക്കുകയും കവിതയുടെ മൂല്യവും ഉള്ളടക്കവും തിരിച്ചറിയുകയും ചെയ്ത ഇമാം ശാഫിഈ(റ) പറഞ്ഞത് പണ്ഡിതന്മാർക്ക് കവിത യോജിക്കുമായിരുന്നുവെങ്കിൽ ഞാൻ ലബീദ് എന്ന പ്രസിദ്ധനായ കവിയെക്കാൾ വലിയ കവിയാകുമായിരുന്നു. ഈ ആശയം പറഞ്ഞതും കവിതയിലായിരുന്നു. ഉള്ളടക്കത്തിന്റെ വ്യത്യാസങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരിക്കണം ഇമാം അവർകൾ അങ്ങനെ പ്രയോഗിച്ചത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...