
“ശാശ്വതമായ തോട്ടങ്ങളിൽ അഥവാ ജന്നാത്തു അദ്ൻ, ഉത്തമമായ വാസസ്ഥലങ്ങളും” – എന്ന് പ്രാഥമിക ആശയം നൽകുന്ന അസ്സഫ് അധ്യായത്തിലെ പന്ത്രണ്ടാം സൂക്തത്തെക്കുറിച്ച് തിരുനബിﷺയോട് ചോദിക്കപ്പെട്ടു.
അവിടുന്ന് പറഞ്ഞു: “അതായത്, മുത്തു കൊണ്ട് നിർമിച്ച ഒരു കൊട്ടാരമാണ് സ്വർഗ്ഗത്തിൽ. അതിൽ എഴുപത് വീടുകളുണ്ട്. അവ ചുവന്ന വൈഡൂര്യത്താൽ നിർമിച്ചതാണ്. ഓരോ വീട്ടിലും പച്ച മരതകക്കല്ല് അഥവാ സുമറുദ് കൊണ്ട് നിർമിച്ച എഴുപത് അറകളുണ്ട്. ഓരോ അറയിലും എഴുപത് കട്ടിലുകളുണ്ട്. ഓരോ കട്ടിലിലും വിവിധ വർണ്ണങ്ങളിലുള്ള എഴുപത് മെത്തകളുണ്ട്. ഓരോ മെത്തയിലും ഓരോ ഭാര്യമാർ ഉണ്ടായിരിക്കും. ഓരോ വീട്ടിലും എഴുപത് മേശകളുണ്ട്. ഓരോ മേശയിലും എഴുപത് തരം ഭക്ഷണങ്ങളുണ്ട്. ഓരോ വീട്ടിലും എഴുപത് വീതം ആൺസേവകരും പെൺസേവകരുമുണ്ടായിരിക്കും. ഒരു പ്രഭാതത്തിൽ ഇതെല്ലാം അനുഭവിക്കാൻ കഴിയുന്നത്ര ശക്തി സത്യവിശ്വാസിക്ക് നൽകപ്പെടും.”
അവർക്കാണ് ഇഹലോക ജീവിതത്തിലും പരലോകത്തും സന്തോഷവാർത്തയുള്ളത് എന്ന ആശയം നൽകുന്ന സൂറത്തു യൂനുസിലെ 64ാം സൂക്തത്തെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ
അബുദ്ദർദാഅ്(റ) പറഞ്ഞു: “നിങ്ങൾ എന്നോട് ചോദിച്ച ഇക്കാര്യം റസൂലുല്ലാഹ്ﷺയോട് ചോദിച്ചതിന് ശേഷം മറ്റാരും ചോദിക്കുന്നത് ഞാൻ കേട്ടിട്ടില്ല. അവിടുന്ന് പറഞ്ഞു: അത് ‘നല്ല സ്വപ്നമാണ്.’ ഒരു മുസ്‌ലിം അത് സ്വയം കാണുകയോ, അല്ലെങ്കിൽ മറ്റൊരാൾ അവനുവേണ്ടി അത് കാണുകയോ ചെയ്യും. അതാണ് ഇഹലോകത്തിലെ സന്തോഷവാർത്ത. പരലോകത്തെ സന്തോഷവാർത്തയാകട്ടെ, സ്വർഗ്ഗവുമാണ്.”
നല്ല സ്വപ്നം അഥവാ അർ-റുഅ്‌യ അസ്സ്വാലിഹഃ, നൂബുവ്വത്തിൻ്റെ/പ്രവാചകത്വത്തിൻ്റെ നാല്പത്തിയേഴ് ഭാഗങ്ങളിൽ ഒന്നാണ്. ഇഹലോകത്തും പരലോകത്തും സ്വപ്നം അതിൻ്റെ ഉടമക്ക് അല്ലാഹു ഒരു സന്തോഷവാർത്തയായി നിശ്ചയിച്ചിരിക്കുന്നു. അത് ഒരു അടിമയുടെ നന്മയുടെ അടയാളമാണ്.
പരിശുദ്ധ ഖുർആനിലെ പല സൂക്തങ്ങളെക്കുറിച്ചും പല സന്ദർഭങ്ങളിലായി തിരുനബിﷺയോട് അനുയായികൾ ചോദിച്ചിട്ടുണ്ട്. അത്തരം ഒറ്റപ്പെട്ട ചില നിവേദനങ്ങളും അതിൻ്റെ പ്രാഥമിക ആശയങ്ങളുമാണ് പങ്കുവെക്കുന്നത്. ഓരോ ഖുർആനിക സൂക്തത്തിന്റെയും വിശദമായ വായനകളും വ്യാഖ്യാനതലങ്ങളും അറിയണമെങ്കിൽ ആധികാരിക ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളിലൂടെ മാത്രമേ ഗ്രഹിക്കാനാവൂ. ഒരു സൂക്തത്തെക്കുറിച്ച് ഒരു സന്ദർഭത്തിൽ പറഞ്ഞ പരാമർശത്തിന്റെ പ്രാഥമിക ആശയം മാത്രമാണ് ഇവിടെ വായിച്ചു പോകുന്നത്. ആ സൂക്തത്തിന് അങ്ങനെ മാത്രമേ ആശയമുള്ളൂ എന്നോ അതിൻ്റെ ഉൾപൊരുൽ ഇവിടെ അവസാനിക്കുന്നു എന്നോ അർഥമില്ല.
ഹദീസ് നിവേദനങ്ങളെ അവലംബിച്ചു കൊണ്ടുള്ള ലളിതമായ ഒരു പഠനവും പാരായണവുമാണ് ഈ രചനാക്രമത്തിൽ നാം തുടർന്നുകൊണ്ടിരിക്കുന്നത്. ഖുർആൻ വാക്യങ്ങളെ കൂടുതൽ അറിഞ്ഞും അവകളുടെ ആശയങ്ങളിലേക്ക് ആഴത്തിൽ സഞ്ചരിച്ചും സ്വതന്ത്രമായി തന്നെ പഠനങ്ങളും വായനകളും ആധികാരിക സ്രോതസ്സുകളിൽ നിന്ന് നിർവഹിക്കേണ്ടതുണ്ട്.
മതവിധിയായും നിവാരണം തേടിയും ഖുർആൻ സൂക്തങ്ങളുടെ പ്രാഥമിക ആശയങ്ങൾ അന്വേഷിച്ചും തിരുനബിﷺയുടെ മുന്നിൽ ഉന്നയിച്ച ചില ചോദ്യങ്ങളും അവകൾക്കുള്ള മറുപടികളും മാത്രമാണ് ഈ അധ്യായത്തിൽ നമ്മൾ വായിച്ചു കൊണ്ടിരിക്കുന്നത്. ഓരോ സൂക്തത്തിന്റെയും വ്യാഖ്യാന തലങ്ങളിൽ വിശ്വാസശാസ്ത്രപരമോ കർമശാസ്ത്രപരമോ മറ്റു വിജ്ഞാന ശാഖകളെ അവലംബിച്ചു കൊണ്ടുള്ള വിശദ പഠനങ്ങൾക്ക് ഈ പരമ്പരയിൽ നാം ലക്ഷ്യം വെക്കുന്നില്ല. അത് അതിന്റേതായ അർത്ഥത്തിൽ തന്നെ വായിക്കപ്പെടുകയും പഠിക്കുകയും വേണം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
