Tweet 1260

    Tweet 1260
    November 25, 2025 • Tuesday
    Post Header

    തിരുനബിﷺയുടെ ഫത്‌വകളും നിവാരണങ്ങൾ തേടിയുള്ള ചോദ്യങ്ങളുടെ മറുപടികളും അതിവിശാലമായ ഒരു അധ്യായമാണ്. അതിൽ നിന്ന് ചില ഉദാഹരണങ്ങൾ മാത്രമാണ് നാം വായിച്ചു പോയത്.

    ഇപ്പോൾ നാം വായിച്ചു തുടങ്ങുന്നത് തിരുനബിﷺയും കവിതയും സംബന്ധിച്ച ചില നിവേദനങ്ങളും അതിൻ്റെ വ്യാഖ്യാനങ്ങളുമാണ്. വൈജ്ഞാനിക വ്യവഹാരങ്ങളുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുകൊണ്ട് തിരുനബിﷺയെയും അവിടുത്തെ പരാമർശങ്ങളെയും പഠനവിധേയമാക്കുമ്പോഴാണ് ഇത്തരം അധ്യായത്തിലേക്ക് നാം എത്തിച്ചേരുന്നത്. കവിതകൾക്ക് പ്രാധാന്യവും കവിതയിലൂടെ വിലാസവും അനാവശ്യങ്ങളിൽ അഭിരമിക്കുന്ന കവിരാജാക്കന്മാരുടെ ചുറ്റുപാടും തിരുനബിﷺയുടെ പ്രബോധന കാലത്തെ പരിസരമായിരുന്നു. ഖുർആൻ കവിതയാണെന്ന് പറഞ്ഞ് മാറ്റിവെക്കാനും അവഗണിക്കാനും ചിലർ ശ്രമിച്ചു. ശരിയായ വിധത്തിൽ ഖുർആനിനെ സമീപിച്ചപ്പോൾ ഖുർആൻ കവിതയോ കേവല ഗദ്യമോ അല്ല എന്ന് സാഹിത്യമാനദണ്ഡങ്ങൾ വെച്ചു ബോധ്യപ്പെട്ടു. തിരുനബിﷺ ഒരു കവി അല്ലെന്നും നാം നബിﷺയെ കവിത പഠിപ്പിച്ചിട്ടില്ലെന്നും അതിൻ്റെ ആവശ്യമില്ലെന്നും ആശയം നൽകുന്ന ഖുർആൻ സൂക്തങ്ങളുമുണ്ട്. എന്നാൽ കവിയെക്കുറിച്ചും കവിതയെക്കുറിച്ചും നബി ദർശനത്തിൽ വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. തിരുമൊഴികളിൽ കടന്നുവന്ന കവിതാ ശകലങ്ങളും കവിതയോളം മനോഹരമായ വാചകപ്രയോഗങ്ങളും എങ്ങനെയാണ് വായിക്കേണ്ടതെന്നും മനസ്സിലാക്കേണ്ടതെന്നും കൃത്യമായ പഠനങ്ങളുമുണ്ട്.

    തിരുനബിﷺ തന്നെ കവിതയെ കുറിച്ച് പറഞ്ഞ ഒരു പരാമർശത്തിൽ നിന്നാണ് നാം ഇപ്പോൾ വായിച്ചു തുടങ്ങുന്നത്. അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. കവിത എന്നത് സംസാരത്തിൻ്റെ സ്ഥാനത്താണ്. അതിലെ നല്ലത്, സംസാരത്തിലെ നല്ലതുപോലെയും, അതിലെ ചീത്തയായത്, സംസാരത്തിലെ ചീത്തയായതുപോലെയുമാണ്.”

    കവിത അഥവാ ശിഅർ എന്നത് താളത്തിലുള്ള സംസാരത്തിൻ്റെ ഒരു പ്രത്യേക രൂപമാണ്. അതിന് ഹൃദയങ്ങളിൽ സ്വാധീനമുണ്ട്. അതിൽ യുക്തിയും അല്ലെങ്കിൽ ഹിക്മത്തുമുണ്ട്. ഈ ഹദീസിൽ തിരുനബിﷺ പറയുന്നത് “കവിത എന്നത് സംസാരത്തിൻ്റെ സ്ഥാനത്താണ്.” കവിത എന്നാൽ ഒരു നിശ്ചിത താളത്തിലും പ്രാസത്തിലുമുള്ള, അർത്ഥമുള്ള സംസാരമാണ്. അല്ലെങ്കിൽ, അത് താളത്തിൻ്റെയും പ്രാസത്തിൻ്റെയും നിയമങ്ങൾക്കനുസരിച്ച് മനോഹരമായി അടുക്കിവെച്ച വാക്കുകളുടെ കൂട്ടമാണ്.
    സാധാരണ ഗദ്യരൂപത്തിലുള്ള സംസാരം പോലെയാണ് അതിൻ്റെ വിധിയും. “അതിലെ നല്ലത്, സംസാരത്തിലെ നല്ലതുപോലെയും, അതിലെ ചീത്തയായത്, സംസാരത്തിലെ ചീത്തയായതുപോലെയുമാണ്.”

    ശരീഅത് വിരോധിക്കാത്ത കാര്യങ്ങളിൽ നിന്ന് മുക്തമാണെങ്കിൽ അത് അനുവദനീയമാണ്. കവിതയിൽ ഏകദൈവവിശ്വാസം, അല്ലാഹുവിനുള്ള സ്തുതി, തിരുനബിﷺയെ പ്രകീർത്തിക്കൽ, മറ്റ് പുണ്യകരമായതും നല്ലതുമായ കാര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്നുണ്ടെങ്കിൽ അത് അനുവദനീയമാണ്. കുഫ്റ്/അവിശ്വാസം, ഫിസ്ഖ് /ധിക്കാരം, തെറ്റായ വാദങ്ങൾ, വൃത്തികെട്ട സംസാരം, അനാവശ്യമായ സ്ത്രീ വർണ്ണനകൾ, മനുഷ്യനെ അപകടകരമായ വികാരങ്ങളിലേക്ക് തള്ളുന്ന താളവും ഉള്ളടക്കവും, അന്യായമായി ഒരാളെ നിന്ദിക്കൽ എന്നിവ ഉൾപ്പെടുന്നുണ്ടെങ്കിൽ അത് ആക്ഷേപാർഹമാണ്.
    അതുപോലെ ഒരു വ്യക്തിയെ ഖുർആൻ, അറിവ്, അല്ലാഹുവിൻ്റെ ദിക്ർ /സ്മരണ എന്നിവയിൽ നിന്ന് അകറ്റി നിർത്തുന്ന വിധത്തിൽ കവിതയിൽ മുഴുകുന്നതും ആക്ഷേപകരമാണ്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...