Tweet 1234

    Tweet 1234
    October 30, 2025 • Thursday
    Post Header

    കുറ്റവും ശിക്ഷയും സംബന്ധിച്ച അധ്യാപനങ്ങളിൽ ആത്മീയവും പാരത്രികവുമായ അന്തർധാരയോടു കൂടിയാണ് തിരുനബി സമീപനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഉബാദത് ബിൻ സ്വാമിത്തി(റ)ൽ നിന്ന് ഇമാം ദാറഖുത്നി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു .ഇഹലോകത്ത് ആരെങ്കിലും ഒരു പാപം ചെയ്യുകയും ഇഹലോകത്ത് വെച്ച് തന്നെ അതിന് ശിക്ഷിക്കപ്പെടുകയും ചെയ്താൽ, മഹത്വമുള്ളവനായ അല്ലാഹു, പരലോകത്ത് തൻ്റെ ദാസന് വീണ്ടും ശിക്ഷ നൽകുന്നതിനെക്കാൾ നീതിമാനാണ്. ഇഹലോകത്ത് ആരെങ്കിലും ഒരു പാപം ചെയ്യുകയും അല്ലാഹു അത് മറച്ചുവെക്കുകയും അവനോട് പൊറുക്കുകയും ചെയ്താൽ, അല്ലാഹു, അവൻ പൊറുത്തതും മറച്ചുവെച്ചതുമായ കാര്യത്തിൽ വീണ്ടും ശിക്ഷ നൽകുന്നതിനേക്കാൾ ഔദാര്യവാനാണ്.”

    ഇത്തരം ഒരു അടിസ്ഥാനത്തിൽ നിന്നുകൊണ്ട് വേണം മനുഷ്യർക്കിടയിലും സമീപനങ്ങൾ രൂപപ്പെടേണ്ടത്. ഒരു സഹോദരന് ഒരു തെറ്റ് സംഭവിച്ചാൽ എല്ലാ അർത്ഥത്തിലും അയാളോടുള്ള ഗുണകാംക്ഷയാണ് നമ്മളിൽ ഉണ്ടായിരിക്കേണ്ടത്. ഒരാൾ ഒരു സഹോദരൻ്റെ കുറ്റമോ ന്യൂനതയോ ഈ ലോകത്ത് മറച്ചു വെച്ചാൽ പരലോകത്ത് അയാളുടെ കുറവുകൾ അള്ളാഹു മറച്ചു വെക്കും. ഒരു സഹോദരനിൽ നിന്ന് സംഭവിച്ച കുറ്റമോ കുറവോ ഈ ലോകത്ത് വെളിപ്പെടുത്തിയാൽ വെളിപ്പെടുത്തിയവന്റെ കുറ്റവും കുറവും പരലോകത്ത് അല്ലാഹു വെളിപ്പെടുത്തും. അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ഇബ്നുമാജ(റ) നിവേദനം ചെയ്ത ഹദീസിന്റെ ആശയം കൂടിയാണിത്.

    കുറ്റം ചെയ്ത ആളോട് വിരോധമല്ല നമ്മളിലുണ്ടായിരിക്കേണ്ടത്, എല്ലാ അർത്ഥത്തിലുമുള്ള ഗുണകാംക്ഷയാണ്. കുറ്റം അയാളെ ബോധ്യപ്പെടുത്തുകയും അയാളിൽ കുറ്റബോധം ഉണർത്തുകയും പശ്ചാത്തപിച്ചു തിരുത്തി ജീവിക്കാനുള്ള ഉപദേശങ്ങളും സമീപനങ്ങളും രൂപപ്പെടുത്തുകയും വേണം. ഒരു പൊതു വിപത്താവുകയോ നന്മയിലേക്കും തിരുത്തിലേക്കും കൊണ്ടുവരാൻ നിയമ സമീപനങ്ങളല്ലാതെ മറ്റൊന്നും വരാതിരിക്കുകയോ ചെയ്താൽ ചിലപ്പോൾ നീതിപീഠങ്ങളെ സമീപിക്കേണ്ടി വരും. അപ്പോഴും അയാൾ ശിക്ഷിക്കപ്പെടുകയും നശിക്കപ്പെടുകയും ചെയ്യുക എന്നതല്ല ലക്ഷ്യം, ആത്യന്തികമായ ഗുണകാംക്ഷയും മോക്ഷവുമായിരിക്കണം.

    വ്യഭിചാരിണിയായ സ്ത്രീ കുറ്റം സമ്മതിക്കുകയും ശിക്ഷ ഏറ്റുവാങ്ങാൻ വരികയും ചെയ്തപ്പോഴും ശിക്ഷ നടപ്പിലാക്കാതെ അവളിൽ പശ്ചാത്താപം ഉണ്ടാവട്ടെ എന്ന വിചാരമായിരുന്നു തിരുനബിﷺ മുൻഗണനയായി എടുത്തത്. പശ്ചാത്താപ ബോധത്തോടുകൂടി തുടർ ജീവിതത്തിലേക്ക് പോകാനുള്ള പല വഴികളും പഴുതുകളും തിരുനബിﷺ ഒരുക്കി നൽകിയിരുന്നു. പക്ഷേ, വിശ്വാസത്തിൻ്റെ ശക്തിയിലും പരലോകത്ത് ശിക്ഷ ഏറ്റുവാങ്ങാനാവില്ല എന്ന വിചാരത്തിലും ഹൃദയം നിറഞ്ഞ പശ്ചാത്താപ ബോധത്തിലും എത്തിച്ചേർന്ന സ്ത്രീ ഒരു പഴുതിലും വഴി മാറി പോകാതെ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറായി. ഭരണാധികാരിയും നീതിന്യായ വ്യവസ്ഥിതിയുടെ ഉന്നതാധ്യക്ഷരുമായ തിരുനബിﷺക്ക് പിന്നെ ശിക്ഷ നടപ്പിലാക്കാതിരിക്കാൻ വഴിയുണ്ടായിരുന്നില്ല. അപ്പോഴും നേരിട്ട് ശിക്ഷ നൽകാൻ തിരുനബിﷺ തയ്യാറായില്ല. മാനവികതയ്ക്ക് മുന്നിൽ വ്യഭിചാരം പോലെയുള്ള കുറ്റങ്ങളുടെ ഗൗരവവും പ്രാധാന്യവും അത്തരം തെറ്റുകളിൽ നിന്ന് വിട്ടുനിൽക്കാനുള്ള ജാഗ്രതയും പങ്കുവെക്കുന്നതിനുവേണ്ടി ശിക്ഷാ നടപടികൾ നടപ്പിലാക്കേണ്ടി വന്നു. ശിക്ഷ ഏറ്റുവാങ്ങിയതിലൂടെ കുറ്റം ചെയ്തു പോയ മനുഷ്യൻ മറ്റുള്ളവരാൽ അവഗണിക്കപ്പെടാനും അവമതിക്കപ്പെടാനും പാടില്ലെന്നും തിരുനബിﷺ പഠിപ്പിച്ചു.

    കുറ്റങ്ങളോടും കുറ്റവാളികളോടും നമ്മുടെ സമീപനങ്ങൾ രൂപപ്പെടുത്താനുള്ള മാപിനിയാണിത്. തെളിയിക്കപ്പെട്ട കുറ്റങ്ങളെ കുറിച്ചാണ് ഈ സംസാരിച്ചതെങ്കിൽ, ഊഹങ്ങളുടെ മേൽ രൂപപ്പെടുത്തുന്ന കുറ്റങ്ങളും താല്പര്യങ്ങൾക്ക് വേണ്ടിയൂം തൽക്കാലം ജയിക്കുന്നതിനു വേണ്ടിയും അഡ്വക്കറ്റ്മാർ പറയുന്നതു മുഴുവനും പ്രതിയുടെ മേലെ എഴുതിച്ചേർക്കുന്ന പുതിയ പ്രവണതകളും എത്രമേൽ വലിയ കുറ്റങ്ങളിലേക്കാണ് തൽപരകക്ഷികളെ നയിച്ചു കൊണ്ടിരിക്കുന്നത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...