
അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഒരു ഭ്രാന്തിയായ സ്ത്രീയെ ഉമറി(റ)ൻ്റെ അടുത്തേക്ക് കൊണ്ടുവന്നു. അവൾ വ്യഭിചാരം ചെയ്തിരുന്നു. അദ്ദേഹം ചിലരുമായി അതിൻ്റെ വിധി ചർച്ചചെയ്തു. എന്നിട്ട് അവളെ കല്ലെറിയാൻ ഉമർ(റ) കൽപ്പിച്ചു. അവളെയും കൊണ്ട് പോകുമ്പോൾ അവർ അലിയ്യ് ഇബ്നു അബീ ത്വാലിബി(റ)ൻ്റെ അടുത്തുകൂടെ കടന്നുപോയി. അലിയ്യ്(റ) ചോദിച്ചു: “എന്താണ് ഇവളുടെ കാര്യം?” അവർ പറഞ്ഞു: “ഇന്ന ഗോത്രത്തിലെ ഭ്രാന്തുള്ള ഇവൾ വ്യഭിചരിച്ചു. അവളെ കല്ലെറിയാൻ ഉമർ(റ) കൽപ്പിച്ചു.”
ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അപ്പോൾ അലിയ്യ്(റ) പറഞ്ഞു: “ഇവളുമായി തിരിച്ചുപോവുക.” എന്നിട്ട് അദ്ദേഹം ഉമറി(റ)ൻ്റെ അടുത്തുവന്ന് ചോദിച്ചു: “അല്ലയോ അമീറുൽ മുഅ്മിനീൻ, താങ്കൾക്കറിയില്ലേ! മൂന്ന് വിഭാഗം ആളുകളിൽ നിന്ന് പേന ഉയർത്തപ്പെട്ടിരിക്കുന്നു അഥവാ അവരുടെ കർമങ്ങൾ രേഖപ്പെടുത്തപ്പെടുകയില്ല എന്നത്? ഭ്രാന്തനിൽ നിന്ന് അവന് സുഖമാവുന്നത് വരെ, ഉറങ്ങുന്നവനിൽ നിന്ന് അവൻ ഉണരുന്നത് വരെ, പ്രായപൂർത്തിയാവാത്ത കുട്ടികളിൽ നിന്ന് അവൻ വിവേകമുള്ളവനാകുന്നതുവരെ/പ്രായപൂർത്തിയാകുന്നതുവരെ?” ഉമർ(റ) പറഞ്ഞു: “അതെ, അറിയാം.” അലിയ്യ്(റ) ചോദിച്ചു: “എങ്കിൽ എന്തിനാണ് ഇവളെ കല്ലെറിയുന്നത്?” ഉമർ(റ) പറഞ്ഞു: “ശരിയാണല്ലോ അവൾ ശിക്ഷാർഹയല്ല.” അലിയ്യ്(റ) പറഞ്ഞു: “എങ്കിൽ അവളെ വിട്ടയക്കുക.” ഇബ്നു അബ്ബാസ്(റ) പറഞ്ഞു: “അങ്ങനെ അവളെ വിട്ടയച്ചു.” അപ്പോൾ ഉമർ(റ) തക്ബീർ ചൊല്ലാൻ തുടങ്ങി.
സംശയങ്ങളുടെ അടിസ്ഥാനത്തിൽ ശിക്ഷകൾ ഒഴിവാക്കണമെന്ന് നബിﷺ നിർദ്ദേശിച്ചിട്ടുണ്ട്. ഈ ഹദീസിൽ, അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്(റ) വിവരിക്കുന്നത് ഇങ്ങനെ സംഗ്രഹിക്കാം. ഒരിക്കൽ വ്യഭിചാരം ചെയ്ത ഒരു ഭ്രാന്തിയെ ഉമറി(റ)ൻ്റെ അടുത്തേക്ക് കൊണ്ടുവന്നു. അന്നത്തെ മുസ്‌ലിംകളുടെ ഖലീഫയും ഭരണാധികാരിയും എന്ന നിലയിൽ ദൈവഗ്രന്ഥമനുസരിച്ച് അവളിൽ വിധി കൽപ്പിക്കാനാണ് ആളുകൾ അവളെ കൊണ്ടുവന്നത്. അവളുടെ കാര്യത്തിൽ അദ്ദേഹം ചിലരുമായി കൂടിയാലോചിച്ചു. അതായത് അവളുടെ കാര്യത്തിൽ ചുറ്റുമുള്ളവരോട് അഭിപ്രായവും ഉപദേശവും തേടി. അവളെ കല്ലെറിയാൻ ഉമർ(റ) കൽപ്പിച്ചു. കൂടിയാലോചനയ്ക്ക് ശേഷം അവളെ കല്ലെറിയണമെന്ന് വിധിച്ചു. അവൾ വിവാഹിതയായിരുന്നു എന്നാണ് ഈ വിധിപ്രസ്താവം സൂചിപ്പിക്കുന്നത്. ചിലർ പറഞ്ഞു: ഒരുപക്ഷേ ഉമർ(റ) ഈ സ്ത്രീയെ ശിക്ഷിക്കാൻ ഉദ്ദേശിച്ചത്, അവൾക്ക് ഒരു സമയം ഭ്രാന്തും മറ്റൊരു സമയം ബോധവും ഉണ്ടാകാറുണ്ടായിരുന്നു എന്നതിനാലുമാകാം. വ്യഭിചാരം നടന്നത് അവൾക്ക് ബോധമുള്ള സമയത്താണ് എങ്കിൽ, ഭ്രാന്ത് കാരണം ശിക്ഷ ഒഴിവാക്കേണ്ടതില്ലെന്ന് നിരീക്ഷിക്കുകയും ചെയ്യാമല്ലോ!
ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അവളെയും കൊണ്ട് അവർ അലിയ്യ് ഇബ്നു അബീ ത്വാലിബി(റ)ൻ്റെ അടുത്തുകൂടെ കടന്നുപോയി. അപ്പോൾ അലിയ്യ്(റ) ചോദിച്ചു: “ഇവളുടെ കാര്യം എന്താണ്?” അതായത് എന്ത് കുറ്റമാണ് അവൾ ചെയ്തത്? എന്തിനാണ് ശിക്ഷ? അവർ മറുപടി പറഞ്ഞു: “ഇന്ന ഗോത്രത്തിലെ ഭ്രാന്തി വ്യഭിചരിച്ചു. അവളെ കല്ലെറിയാൻ ഉമർ(റ) കൽപ്പിച്ചു.” ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അപ്പോൾ അലിയ്യ്(റ) പറഞ്ഞു: “ഇവളുമായി തിരിച്ചുപോവുക.” എന്നിട്ട് അദ്ദേഹം ഉമറുബ്നുൽ ഖത്വാബി(റ)ൻ്റെ അടുത്തുവന്നു മേൽ ഹദീസിലേതു പോലെ സംസാരിച്ചു. “അല്ലാഹുവിൻ്റെ റസൂലിﷺൻ്റെ അധ്യാപനം ഉമറി(റ)നെ ഓർമിപ്പിക്കുകയായിരുന്നു ഇത്. ഉമർ(റ) പറഞ്ഞു: “അതെ” അതായത് അദ്ദേഹത്തിന് അത് ഓർമയുണ്ട്. അലിയ്യ്(റ) ചോദിച്ചു: “എങ്കിൽ എന്തിനാണ് ഇവളെ കല്ലെറിയുന്നത്?” അതായത് ആ സ്ത്രീയെ കല്ലെറിയുന്നതിനെ അലിയ്യ്(റ) എതിർക്കുന്നു. ഉമർ(റ) പറഞ്ഞു: “ഒന്നുമില്ല,” അതായത് അവളുടെ മേൽ ഇപ്പോൾ ഒരു ശിക്ഷയുമില്ല. അലിയ്യ്(റ) പറഞ്ഞു: “എങ്കിൽ അവളെ വിട്ടയക്കുക,” അതായത് അവളുടെ മോചനം നൽകാൻ അലിയ്യ്(റ) ഉമറി(റ)നോട് ആവശ്യപ്പെട്ടു.
ഇബ്നു അബ്ബാസ്(റ) പറഞ്ഞു: “അങ്ങനെ അവളെ വിട്ടയച്ചു.” അതായത് ഭ്രാന്ത് കാരണം അവൾക്ക് മോചനം നൽകി. അപ്പോൾ അദ്ദേഹം തക്ബീർ ചൊല്ലാൻ തുടങ്ങി, അതായത് അലിയ്യ്(റ) തൻ്റെ അഭിപ്രായം തിരുത്തിക്കൊടുത്തതിലും അത്തരമൊരു തെറ്റിൽ വീഴുന്നതിൽ നിന്ന് തന്നെ തടഞ്ഞതിലും സന്തോഷിച്ച് ഉമർ(റ) അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് തക്ബീർ ചൊല്ലാൻ തുടങ്ങി. സത്യത്തിലേക്ക് മടങ്ങാൻ ഉമറി(റ)ന് ഒരു മടിയുമുണ്ടായിരുന്നില്ല എന്നത് അദ്ദേഹത്തിൻ്റെ സ്വഭാവമായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
