Tweet 1227

Tweet 1227
October 23, 2025 • Thursday
ഒരാളുടെ കച്ചവടത്തിന് മേൽ മറ്റൊരാളുടെ കച്ചവടം ഉൾപ്പെടെയുള്ള ചില വിലക്കുകൾ.

അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ അരുൾ ചെയ്തു. കച്ചവടത്തിനായി വരുന്ന യാത്രക്കാരെ വഴിയിൽ വെച്ച് സ്വീകരിക്കരുത്/വഴിയിൽ നിന്ന് സാധനം വാങ്ങരുത്. ഒരാളുടെ കച്ചവടത്തിന് മേൽ മറ്റൊരാൾ കച്ചവടം ചെയ്യരുത്. നിങ്ങൾ പരസ്പരം കബളിപ്പിച്ച് വില വർദ്ധിപ്പിക്കരുത്. നഗരത്തിൽ താമസിക്കുന്നവൻ ഗ്രാമീണന് വേണ്ടി കച്ചവടം ചെയ്യരുത്. ആടുകളുടെ പാല് ചുരന്നുകൊണ്ട് അവയെ മുലയൂട്ടാതെ കെട്ടിയിടരുത്. ആരെങ്കിലും അങ്ങനെ വാങ്ങിയാൽ, അവൻ അതിനെ കറന്ന ശേഷം, അവന് രണ്ട് സാധ്യതകളിൽ ഒന്ന് തിരഞ്ഞെടുക്കാം. അവന് അത് ഇഷ്ടപ്പെട്ടാൽ വെച്ചേക്കാം, ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തിരികെ കൊടുത്ത് ഒരു ‘സ്വാഅ്’ ഈന്തപ്പഴം നൽകണം.

സാധനങ്ങളുമായി ഒരു സ്ഥലത്തേക്ക് കച്ചവടത്തിനായി വരുന്നവരെ നിങ്ങൾ സ്വീകരിക്കരുത്, അങ്ങനെ അവരുടെ സാധനങ്ങൾ കമ്പോളത്തിൽ എത്തിച്ചേരുന്നതിനു മുമ്പോ വിലകൾ മനസ്സിലാക്കുന്നതിനു മുമ്പോ നിങ്ങൾ അവരിൽ നിന്ന് വാങ്ങരുത്. കാരണം, ഇത് വിൽപ്പനക്കാരന് ദോഷകരമാണ്. അവർ അവനിൽ നിന്ന് വിപണി വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിയേക്കാം. കൂടാതെ ഇത് നാട്ടുകാർക്കും ദോഷകരമാണ്. കാരണം അവർ വഴിയിൽ വെച്ച് വാങ്ങുന്നവർക്ക് വില വർദ്ധിപ്പിക്കുകയും ചെയ്തേക്കാം. ഹദീസിൽ ഒന്നാമത് പരാമർശിച്ച വിഷയത്തിന്റെ ആശയം ഇതാണ്.

നിങ്ങൾ ഒരാളുടെ കച്ചവടത്തിന് മേൽ മറ്റൊരാൾ കച്ചവടം ചെയ്യരുത്. അതായത്, ‘ഖിയാർ’ അഥവാ തിരിച്ചെടുക്കാനുള്ള അവകാശം നിലനിൽക്കുന്ന സമയത്ത് ഒരു സാധനം വാങ്ങിയ ആളോട്, ‘നീ ഇത് റദ്ദ് ചെയ്യൂ, അതിനെക്കാൾ നല്ലത് ഞാൻ നിനക്ക് അതേ വിലയ്ക്ക് വിൽക്കാം, അല്ലെങ്കിൽ അതേ സാധനം കുറഞ്ഞ വിലയ്ക്ക് ഞാൻ നിനക്ക് തരാം’ എന്ന് പറയുക. അതുപോലെ, വാങ്ങലിന് മേൽ വാങ്ങലും അഥവാ മറ്റൊരാൾ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചതിന് ശേഷം വാങ്ങാൻ ശ്രമിക്കുന്നതും ഇതിൽ പെടും. അതായത്, വിൽപ്പനക്കാരനോട്, ‘നീ ഇത് റദ്ദ് ചെയ്യൂ. ഞാൻ നിന്നിൽ നിന്ന് കൂടുതൽ വിലക്ക് വാങ്ങാം’ എന്ന് പറയുക. ഹദീസിൽ പരാമർശിച്ച മറ്റൊരു കാര്യം ഇതാണ്.

നിങ്ങൾ പരസ്പരം കബളിപ്പിച്ച് വില വർദ്ധിപ്പിക്കരുത്. ‘നജ്ശ്’ എന്നാണ് ഇതിന് ഹദീസിൽ പ്രയോഗിച്ചത്. വാങ്ങാൻ ഉദ്ദേശമില്ലാത്ത ഒരാൾ കച്ചവട സാധനത്തിൻ്റെ വില വർദ്ധിപ്പിക്കുക. മറ്റൊരാളെ വഞ്ചിക്കാനും വില വർദ്ധിപ്പിച്ച് അത് വാങ്ങാൻ പ്രേരിപ്പിക്കാനുമുള്ള ഉദ്ദേശത്തോടെ ചെയ്യുന്നതായിരിക്കും ഇത്തരം നടപടികൾ.

നഗരത്തിൽ താമസിക്കുന്നവൻ ഗ്രാമീണന് വേണ്ടി കച്ചവടം ചെയ്യരുത്. ബാദി അല്ലെങ്കിൽ ഗ്രാമീണൻ എന്നാൽ മരുഭൂമിയിൽ താമസിക്കുന്നവൻ. അതിനാൽ, ഗ്രാമീണനായ ഒരാൾ തൻ്റെ സാധനം ഒരു ഗ്രാമത്തിലോ നഗരത്തിലോ വിൽക്കാൻ വരുമ്പോൾ, ആ നാട്ടുകാരനായ ഒരാൾ അവനോട്: ‘എന്നെ ഏൽപ്പിക്കുക, ഞാൻ നിനക്ക് ഉയർന്ന വിലയ്ക്ക് വിൽക്കാം’ എന്ന് പറയുന്നതിൽ നിന്ന് പ്രവാചകൻﷺ വിലക്കി. അങ്ങനെ അയാൾ അവന് വിൽപ്പനക്കാരനായി അഥവാ കമ്മീഷൻ ഏജൻ്റ്/ദല്ലാൾ ആയി മാറും. വാങ്ങുന്ന കാര്യത്തിലും ഇതേ നിയമം ബാധകമാണ്.

ആടുകളുടെ മുലയൂട്ടാതെ കെട്ടിയിടുക ഇതാണ് ‘തസ്വ്രിയ’. അതായത്, ദിവസങ്ങളോളം അവയെ കറക്കാതെ കെട്ടിയിടരുത്. അങ്ങനെ അതിൻ്റെ അകിട് നിറയും. അപ്പോൾ വാങ്ങുന്നയാൾ വിചാരിക്കും ഇത് ധാരാളം പാൽ തരുന്നതാണെന്ന്. എന്നാൽ, പ്രവാചകൻﷺ ഇതിനെ വിശദീകരിച്ചത് ഇങ്ങനെയാണ്. ആരെങ്കിലും അത് വാങ്ങി കറന്നതിന് ശേഷം, വിൽപ്പനക്കാരൻ തന്നെ വഞ്ചിച്ചതാണെന്ന് മനസ്സിലാക്കിയാൽ, അവന് രണ്ട് കാര്യങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. ഒന്ന്, അത് സ്വീകരിച്ച് കച്ചവടം ഉറപ്പിക്കുക. അല്ലെങ്കിൽ തന്നെ വഞ്ചിച്ച വിൽപ്പനക്കാരന് അത് തിരികെ നൽകി, അവൻ കറന്ന പാലിന് പകരമായി ഒരു ‘സ്വാഅ്’ ഈന്തപ്പഴം നൽകുക എന്നതാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 3