
ഇമാം മാലിക്(റ), ഇമാം അഹ്മദ്(റ) എന്നിവരും അബൂ ദാവൂദും(റ) നസാഇ(റ)യും അംറ് ഇബ്നു ശുഐബി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. നബിﷺ ബൈഉൽ ഉറുബാനെ വിലക്കി. ഇമാം മാലിക്(റ) പറഞ്ഞു: ഒരാൾ ഒരു അടിമയെ വാങ്ങുകയോ ഒരു മൃഗത്തെ വാടകയ്‌ക്കെടുക്കുകയോ ചെയ്തിട്ട് ഞാൻ നിനക്ക് ഒരു ദീനാർ തരുന്നു. ഞാൻ ഈ സാധനം ഉപേക്ഷിക്കുകയാണെങ്കിൽ, ഞാൻ നിനക്ക് തന്നത് നിനക്കുള്ളതാണ്.” എന്ന് പറയുന്നതിനാണ് ഉറുബാൻ വ്യവഹാരം എന്ന് പറയുന്നത്.
ഇമാം അഹ്മദും(റ) അബൂ ദാവൂദും(റ) സാലിം ഇബ്നു അബീ ഉമയ്യ(റ) അബൂ നദ്‌റി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: ബസ്വറയിലെ പള്ളിയിൽ വെച്ച് ബനൂ തമീം ഗോത്രത്തിൽപ്പെട്ട ഒരു വൃദ്ധൻ എൻ്റെ അടുത്ത് ഇരുന്നു. അദ്ദേഹം പറഞ്ഞു: ഞാൻ എൻ്റെ പിതാവിനോടൊപ്പം മദീനയിൽ വന്നപ്പോൾ ഞാൻ പ്രായപൂർത്തിയായ ഒരു യുവാവായിരുന്നു, വിൽക്കാനുള്ള ഒട്ടകങ്ങളുണ്ടായിരുന്നു. എൻ്റെ പിതാവ് ത്വൽഹ ഇബ്നു ഉബൈദില്ലാഹ് അത്തൈമി(റ)യുടെ സുഹൃത്തായിരുന്നു. ഞങ്ങൾ അദ്ദേഹത്തിൻ്റെ അടുത്ത് താമസിച്ചു. അപ്പോൾ എൻ്റെ പിതാവ് പറഞ്ഞു: എൻ്റെ കൂടെ വരൂ, എൻ്റെ ഈ ഒട്ടകങ്ങളെ എനിക്ക് വേണ്ടി നിങ്ങൾ വിൽക്കൂ. അപ്പോൾ അദ്ദേഹം പറഞ്ഞു: ഗ്രാമീണന് വേണ്ടി പട്ടണവാസി വിൽക്കുന്നത് അല്ലാഹുവിൻ്റെ റസൂൽﷺ വിലക്കിയിട്ടുണ്ട്.
അബ്ദുറസാഖ് അൽ അസ്‌ലമി(റ)യിൽ നിന്നും അദ്ദേഹം അൽ അഅ്‌റജി(റ)ൽ നിന്നും അദ്ദേഹം അബ്ദുല്ലാഹ് ഇബ്നു ദീനാറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ ‘അൽ-കാലി ബിൽ-കാലി’ അഥവാ കടത്തിന് കടം വിൽക്കുന്നത് വിലക്കി.
ഈ ഉദ്ധരിച്ച ഹദീസിന്റെ നിവേദക പരമ്പരയെ കുറിച്ച് ഹദീസ് നിദാന ശാസ്ത്രത്തിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. സാമ്പത്തിക വ്യവഹാരങ്ങളിലെ അനുമതിയും നിഷേധവും നിവേദന പരമ്പരയുടെ ബലാബലങ്ങൾ മാത്രം അവലംബിച്ചു കൊണ്ടുള്ളതല്ല. മറിച്ച് കർമശാസ്ത്ര പണ്ഡിതന്മാർ പ്രമാണവും നിദാനങ്ങളും വച്ച് വിശദീകരിച്ചത്കൂടി ചേർത്തു വായിക്കുമ്പോഴാണ് പൂർത്തിയാകുന്നത്.
ഇമാം മുസ്‌ലിം(റ) അബൂ ഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽﷺ ഇപ്രകാരം പറഞ്ഞു: “നിങ്ങൾ അസൂയ വെക്കരുത്, പരസ്പരം വിദ്വേഷം വെക്കരുത്, പിന്തിരിഞ്ഞു നടക്കരുത് അഥവാ അകന്നുനിൽക്കരുത്, ബന്ധം മുറിക്കരുത്, നിങ്ങളിൽ ഒരാൾ മറ്റൊരാളുടെ കച്ചവടത്തിന് മുകളിൽ കച്ചവടം ചെയ്യരുത്.”
ഈ പരിശുദ്ധ ഹദീസ് മുസ്‌ലീംകളെ അസൂയ, പരസ്പര വിദ്വേഷം, പിന്തിരിഞ്ഞു നടക്കൽ/അകന്നുനിൽക്കൽ, ബന്ധം വിഛേദിക്കൽ, ഒരാൾ മറ്റൊരാളുടെ കച്ചവടത്തിന് മുകളിൽ കച്ചവടം ചെയ്യൽ എന്നിവയിൽ നിന്ന് വിലക്കുകയും അവരെ സഹോദര്യത്തിലേക്കും സ്നേഹത്തിലേക്കും ചേരാൻ ക്ഷണിക്കുകയും ചെയ്യുന്നു.
ഈ ഹദീസ് അസൂയയെക്കുറിച്ച് അഥവാ മറ്റൊരാളുടെ അനുഗ്രഹം ഇല്ലാതാകാൻ ആഗ്രഹിക്കൽ, പരസ്പര പ്രലോഭിപ്പിച്ച് രണ്ട് വ്യക്തികൾ തമ്മിലോ അതിലധികമുള്ളവർ തമ്മിലോ നടന്ന കച്ചവടം നശിപ്പിക്കാൻ ശ്രമിക്കൽ എന്നിവയുടെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.
അവരെ “അല്ലാഹുവിന്റെ അടിമകളായ സഹോദരങ്ങൾ” ആയിരിക്കാനും ഇസ്‌ലാമിക സഹോദര്യത്തിൽ ഉറച്ചുനിൽക്കാനും നിർദ്ദേശിക്കുന്നു. അതിൽ അക്രമം, കൈവിടൽ, കള്ളം പറയൽ, നിന്ദിക്കൽ എന്നിവ ഒഴിവാക്കാനും ഉപദേശിക്കുന്നു. ഇസ്‌ലാമിക വ്യവഹാരങ്ങളുടെ എല്ലാ തലത്തിലും മാനുഷിക മൂല്യങ്ങളും മനുഷ്യപ്പറ്റും നിറഞ്ഞു നിൽക്കുകയാണ്. കേവലം പണം, ലാഭം, നേട്ടം എന്നതിൽ നിന്നു കൊണ്ടല്ല ഇസ്‌ലാമിക വ്യവഹാരക്രമങ്ങളെ ക്രമീകരിച്ചിട്ടുള്ളത്.
