Tweet 1223

    Tweet 1223
    October 19, 2025 • Sunday
    Post Header

    അനസ് ബ്‌നു മാലിക് നിവേദനം ചെയ്യുന്നു.
    ഒരു വ്യക്തി തിരുനബിﷺയോട് അസ്ബ് അൽ-ഫഹ്ൽ(കടിഞ്ഞൂൽ കാളയുടെ ശുക്ലം) വിൽക്കുന്നതിനെക്കുറിച്ച് ചോദിച്ചു. അപ്പോൾ അവിടുന്ന് അത് നിരോധിച്ചു. അയാൾ പറഞ്ഞു. “അല്ലാഹുവിൻ്റെ റസൂലേﷺ, ഞങ്ങൾ കാളയെ ഇണചേരാൻ അനുവദിക്കാറുണ്ട്. അപ്പോൾ ഞങ്ങൾക്ക് ഒരു സമ്മാനം ലഭിക്കാറുണ്ട്.” അപ്പോൾ അവിടുന്ന് അത് സ്വീകരിക്കാൻ അനുവാദം നൽകി.

    അല്ലാഹു തൻ്റെ അടിമകൾക്ക് നല്ല വസ്തുക്കൾ അനുവദിക്കുകയും എല്ലാ കാര്യങ്ങളിലും(ഭക്ഷണത്തിലും പാനീയത്തിലും സമ്പാദ്യത്തിലും കച്ചവടത്തിലും മറ്റെല്ലാ ഇടപാടുകളിലും) മോശമായവ അഥവാ ഖബാഇസ് നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. അതുപോലെ, ഒരു മുസ്‌ലിം മാന്യൻ/കരീമും, നിസ്സാര കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നവനും ആയിരിക്കണമെന്ന് ശരീഅത്ത് പ്രോത്സാഹിപ്പിക്കുന്നു. ഈ ഹദീസിൽ അനസ് ബ്‌നു മാലിക്(റ) പറയുന്നു. കിലാബ് ഗോത്രത്തിൽ നിന്നുള്ള ഒരു വ്യക്തി ”
    തിരുനബിﷺയോട് അസ്ബ് അൽ-ഫഹ്ൽനെക്കുറിച്ച് ചോദിച്ചു. ‘അൽ-ഫഹ്ൽ’ എന്നാൽ എല്ലാ മൃഗങ്ങളിലെയും അഥവാ കുതിര, ഒട്ടകം, ആട് ഏതുമാകട്ടെ അതിലെ ആൺവർഗ്ഗമാണ്. ഇവിടെ ‘അസ്ബ് അൽ-ഫഹ്ൽ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആൺമൃഗം പെൺമൃഗവുമായി ഇണചേരുന്നതിന് പ്രതിഫലം വാങ്ങുന്നതിനെക്കുറിച്ചാണ്.
    തുർമുദി(റ)യുടെ ഒരു നിവേദനത്തിൽ, “അപ്പോൾ അവിടുന്ന് അത് നിരോധിച്ചു” എന്നു കാണാം. കാരണം ഇതൊരു അജ്ഞാതമായ കാര്യമാണ്. അതായത്, ഇണചേരുന്നതിലൂടെ പ്രയോജനം ലഭിക്കുമോ ഇല്ലയോ എന്ന് ഉറപ്പില്ല. ചിലപ്പോൾ ബീജസ്രാവം നടക്കാതിരിക്കുകയോ, ഗർഭം ധരിക്കാതിരിക്കുകയോ ചെയ്തേക്കാം. അതിനാൽ ഇതിൽ ഗറർ അഥവാ അനിശ്ചിതത്വമുണ്ട്. മറ്റൊന്ന് ഇത്തരം കാര്യങ്ങൾ പരസ്പരം സൗജന്യമായി കൈമാറ്റം ചെയ്യേണ്ട ഒന്നാണ്. കാരണം, ഇത് ഖുർആനിൽ പറയപ്പെട്ട ‘മാഊൻ’ അല്ലെങ്കിൽ ചെറിയ ഉപകാരം എന്ന ഗണത്തിൽ പെടുന്നു.
    അപ്പോൾ ആ വ്യക്തി പറഞ്ഞു: “അല്ലാഹുവിൻ്റെ റസൂലേﷺ, ഞങ്ങൾ കാളയെ ഇണചേരാൻ അനുവദിക്കാറുണ്ട്. അപ്പോൾ ഞങ്ങൾക്ക് ബഹുമതി ലഭിക്കാറുണ്ട്.”

    ഞങ്ങൾ കാളയെ ഇണചേരാൻ അനുവദിക്കാറുണ്ട് എന്നതിൻ്റെ അർത്ഥം ഞങ്ങൾ ഇണചേരുന്നതിനായി അതിനെ കടം കൊടുക്കാറുണ്ട്. അതായത്, ഞങ്ങളുടെ പക്കൽ ആൺമൃഗമുണ്ടാകും. മറ്റുള്ളവരുടെ പെൺമൃഗങ്ങൾ ഗർഭം ധരിക്കാൻ വേണ്ടി ഞങ്ങൾ അതിനെ വായ്പ നൽകും. അപ്പോൾ ഞങ്ങൾക്ക് ബഹുമതി ലഭിക്കാറുണ്ട് എന്നതിൻ്റെ അർത്ഥം, പെൺമൃഗത്തിൻ്റെ ഉടമസ്ഥൻ കൂലിയായിട്ടല്ലാതെ സമ്മാനം എന്ന നിലയിലോ ബഹുമതി എന്ന നിലയിലോ എന്തെങ്കിലും തരും. അപ്പോൾ തിരുനബിﷺ ആ ബഹുമതി സ്വീകരിക്കാൻ അനുവാദം നൽകി. അതായത്, ഒരു നിശ്ചിത കൂലിയായിട്ടല്ലാതെ ഹദിയ എന്ന നിലയിൽ ലഭിക്കുന്ന സമ്മാനം സ്വീകരിക്കുന്നതിന് നബിﷺ അനുമതി നൽകി.

    കർമശാസ്ത്ര വ്യാഖ്യാനങ്ങളിലും വിശദീകരണങ്ങളിലും ഹദീസിൽ പരാമർശിക്കപ്പെട്ട നിരോധനം നിർബന്ധമാണോ ഐച്ഛികമാണോ എന്നതിൽ ചർച്ചയുണ്ട്. അത്രമേന്മയില്ലാത്തത്, ഗുണപരമല്ലാത്തത് എന്നിങ്ങനെ വിശദീകരിച്ച കർമശാസ്ത്ര പണ്ഡിതന്മാരെയും കാണാം.

    തിരുനബിﷺയുടെ വ്യവഹാര ചർച്ചകളിലും വ്യാപാര വിശദീകരണങ്ങളിലും ഇടപാടുകളുടെ എല്ലാ വശങ്ങളും രൂപങ്ങളും പരാമർശ വിധേയമായിട്ടുണ്ട് എന്നറിയിക്കുന്ന ഹദീസുകൾ കൂടിയാണിത്. ഇടപാടുകളിൽ ചെറുതും വലുതുമായ എല്ലാത്തിനെയും പരാമർശിക്കുകയും കൃത്യമായ നിയമനിഷ്ടകൾ കൊണ്ട് ഭദ്രമാക്കുകയും ചെയ്തു എന്നതാണ് ഇസ്‌ലാമിക ശരീഅത്തിന്റെ സമഗ്രത. തിരുനബിﷺയുടെ അധ്യാപനങ്ങളെ കാലാതിവർത്തിയാക്കിയതും ഈ വിശാലതയും സമഗ്രതയും തന്നെയാണ്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...