Tweet 1224

    Tweet 1224
    October 20, 2025 • Monday
    Post Header

    അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞു. ഒരു ഇടപാടിൽ രണ്ട് ഇടപാടുകൾ(സഫ്ഖതൈൻ) നടത്തുന്നതിനെ തിരുനബിﷺ വിലക്കി.

    ഇടപാടിന്റെ ഒരു രീതി ഇങ്ങനെയാണ്. ഒരു വ്യക്തി ഒരു വിൽപ്പന നടത്തുമ്പോൾ ഇങ്ങനെ പറയും. ഇത് തവണകളായി ഇത്ര തുകയ്ക്കും പണമായി ഇത്ര തുകയ്ക്കുമാണ് എന്ന്.

    പ്രവാചകൻﷺ അത്താബ് ബിൻ അസൈദി(റ)നെ മക്കയുടെ ചുമതലക്കാരനാക്കി നിശ്ചയിച്ചു. എന്നിട്ട് പറഞ്ഞു, “നിശ്ചയമായും അല്ലാഹുവിന്റെ ആളുകളുടെ മേൽ അല്ലാഹുവിനോടുള്ള ഭക്തിയോടെ അഥവാ തഖ്‌വയോടെ ഞാൻ നിന്നെ അധികാരിയാക്കിയിരിക്കുന്നു. അവരിൽ ആരും തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കാത്ത ഒരു കാര്യത്തിൻ്റെ ലാഭം ഭക്ഷിക്കരുത്. ഒരു വിൽപ്പനയിലെ രണ്ട് ഇടപാടുകളും(സഫ്ഖതൈൻ), തൻ്റെ കൈവശമില്ലാത്തത് വിൽക്കുന്നതിൽ നിന്നും അവരെ നീ തടയുക.”

    ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്കിടയിൽ നീതി സ്ഥാപിക്കാനും വേണ്ടി ഇസ്‌ലാം കച്ചവട ഇടപാടുകൾ ചിട്ടപ്പെടുത്തുന്നതിൽ ശ്രദ്ധിച്ചു. ഈ ഹദീസിൽ യഅ്‌ലാ ബിൻ ഉമയ്യ(റ) പറയുന്നു. തിരുനബിﷺ അത്താബ് ബിൻ അസൈദി(റ)നെ മക്കയുടെ ഭരണാധികാരിയാക്കി. എന്നിട്ട് പറഞ്ഞു, “നിശ്ചയമായും അല്ലാഹുവിൻ്റെ ആളുകളുടെ മേൽ അല്ലാഹുവിലുളള ഭക്തിയോടെ ഞാൻ നിന്നെ അധികാരിയാക്കിയിരിക്കുന്നു.” അതായത്, അവർ അല്ലാഹുവിൻ്റെ ഇഷ്ടപ്പെട്ടവരും അല്ലാഹു തൻ്റെ ഇഷ്ടവും പരിഗണനയും കൊണ്ട് പ്രത്യേകമാക്കിയവരുമാണ്. ഒരു വ്യക്തിക്ക് തൻ്റെ കുടുംബത്തോടുള്ള പ്രത്യേകത പോലെ അല്ലാഹുവിനോട് പ്രത്യേകമായവരാണ്. അവരെ മഹത്വവൽക്കരിക്കാനാണ് അവർക്ക് ആ പേര് നൽകിയത്. ‘ബയ്ത്തുല്ലാഹ്'(അല്ലാഹുവിന്റെ ഭവനം) എന്ന് പറയുന്നതുപോലെ; അവർ അല്ലാഹുവിന്റെ വിശുദ്ധ ഭവനത്തിലെ(കഅ്ബ) ആളുകളായതുകൊണ്ടും.

    “അവരിൽ ആരും തന്നെ തങ്ങൾ ജാമ്യം വഹിക്കാത്ത ഒരു കാര്യത്തിൻ്റെ ലാഭം ഭക്ഷിക്കരുത്.” അതായത്, ഒരാൾ വാങ്ങിയതും എന്നാൽ കൈപ്പറ്റുകയോ അല്ലെങ്കിൽ തൻ്റെ കൈവശം എത്തിച്ചേരുകയോ ചെയ്യാത്ത ഒരു ചരക്കിൻ്റെ വിൽപ്പനയുടെ വിലയിൽ നിന്ന് ഭക്ഷിക്കരുത്. അത് ഇപ്പോഴും ആദ്യത്തെ വിൽപ്പനക്കാരൻ്റെ ഉത്തരവാദിത്തത്തിലാണ്. ഇവൻ്റെ ഉത്തരവാദിത്തത്തിലല്ല. അതിനാൽ തൻ്റെ ഉത്തരവാദിത്തത്തിലാകുന്നത് വരെ അവൻ വിൽക്കരുത്. സഫ്ഖതൈൻ അതായത് കരാർ നിർബന്ധമാക്കുമ്പോൾ ഒരേയൊരു വിൽപ്പന മാത്രമേ നടക്കുകയുള്ളൂ എന്ന വ്യവസ്ഥയിൽ ഒരു വിൽപ്പന കരാറിൽ രണ്ട് വിൽപ്പനകൾ ഉൾക്കൊള്ളുന്നതിനെയും വിലക്കി. അവയിൽ ഒന്ന് ഒരേ പണത്തിലോ അല്ലെങ്കിൽ വ്യത്യസ്തമായ രണ്ട് പണങ്ങളിലോ ആയാലും ശരി.

    വില നിർണയിക്കുകയും റൊക്കം ഒരു വിലയും അവധി ക്രമത്തിൽ മറ്റൊരു വിലയും എന്ന് നിശ്ചയിക്കുന്നതിൽ ശാഫിഈ കർമ ശാസ്ത്രപ്രകാരം വിരോധമില്ല. വില നിർണയിക്കപ്പെടാത്തപ്പോഴാണ് അഭിപ്രായവ്യത്യാസങ്ങളുണ്ടാകുന്നത്. ഹദീസുകളുടെ പദങ്ങളും പരാമർശങ്ങളും കർമശാസ്ത്ര വിധികളും നിർണയങ്ങളുമായി വരുന്നത് കർമശാസ്ത്ര ഗവേഷകന്മാരുടെയും ഇമാമുകളുടെയും എല്ലാ വശങ്ങളും പരിശോധിച്ചു കൊണ്ടുള്ള വിധിപ്രസ്താവങ്ങളിലൂടെയാണ്. കേവലം ഹദീസുകളുടെ പ്രത്യക്ഷ അർത്ഥത്തിൽ നിന്നോ പ്രാഥമിക വ്യാഖ്യാനത്തിൽ നിന്നോ മാത്രം കർമശാസ്ത്ര വിധികൾ നിർണയിക്കാവതല്ല. തിരുനബിﷺയുടെ വ്യവഹാരപരമായ ഹദീസുകൾ വായിക്കുന്ന കൂട്ടത്തിൽ ചില കർമശാസ്ത്ര വരികൾ കൂടി നമ്മൾ ചേർക്കുന്നു എന്ന് മാത്രമേയുള്ളൂ.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...