
ജാബിർ ബിൻ അബ്ദുല്ലാഹി(റ)യിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. പലിശ ഭക്ഷിക്കുന്നവനെയും ഭക്ഷിപ്പിക്കുന്നവനെയും അത് എഴുതുന്നവനെയും അതിന് സാക്ഷ്യം വഹിക്കുന്ന ഇരുവരെയും തിരുനബിﷺ ശപിച്ചിരിക്കുന്നു അഥവാ ലഅ്നത്ത് ചെയ്തിരിക്കുന്നു. തുടർന്ന് പറഞ്ഞു: “അവരെല്ലാം തുല്യരാണ്.”
ഇടപാടുകളിലെ ഒരുതരം ചൂഷണമാണ് പലിശ അഥവാ രിബാ. ഇതിൽ വലിയ ദോഷമുണ്ട്. ഇതിൽ അന്യായമായി അധികമായി എടുക്കുന്ന ധനം ഹറാം അഥവാ നിഷിദ്ധമാണ്. അതുകൊണ്ടാണ് എല്ലാ ശരീഅത്തുകളിലും ഇത് വിലക്കിയത്.
ഈ ഹദീസിൽ, അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്(റ) നിവേദനം ചെയ്യുന്നു. അല്ലാഹുവിന്റെ റസൂൽﷺ പലിശ ഭക്ഷിക്കുന്നവനെ ശപിച്ചു /ലഅ്നത്ത് ചെയ്തു എന്നാണല്ലോ? ‘ലഅ്നത്ത്’ എന്നാൽ അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് അകറ്റാനും പുറത്താക്കാനുമുള്ള പ്രാർത്ഥനയാണ്. പലിശ സ്വീകരിക്കുന്നവൻ ആ ധനം ഭക്ഷിക്കാനോ വസ്ത്രത്തിനോ വാഹനത്തിനോ കിടക്കക്കോ താമസസ്ഥലത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിച്ചാലും ശരി. അവൻ അത് കഴിച്ചിട്ടില്ലെങ്കിൽ പോലും തെറ്റാണ്. എന്നാൽ, ‘ഭക്ഷണം’ എന്ന് പ്രത്യേകം എടുത്തുപറഞ്ഞത്, അത് ഏറ്റവും വലിയ ഉപകാരങ്ങളിലൊന്നായതുകൊണ്ടാണ്.
അതുപോലെ, പലിശ ഭക്ഷിപ്പിക്കുന്നവനെയും അല്ലെങ്കിൽ പലിശ നൽകുന്നവനെയും ശപിച്ചു എന്നുണ്ടല്ലോ? പലിശ നൽകുന്നവൻ മിക്കവാറും അക്രമിക്കപ്പെട്ടവനാണ്; കാരണം പലിശ വാങ്ങുന്നവൻ അവനോട് അക്രമം കാണിക്കുന്നു. എന്നിരുന്നാലും, തിരുനബിﷺയുടെ നാവിലൂടെ അവനും ശപിക്കപ്പെട്ടു. കാരണം അവൻ ആ പാപത്തിനും അതിക്രമത്തിനും സഹായം നൽകി.
ഇബ്റാഹീം ഇബ്നു യസീദ്(റ), തന്റെ ഗുരുവായ അൽഖമ ബിൻ ഖൈസി(റ)നോട് ചോദിച്ചു. “അത് എഴുതുന്നവനും അതിന് സാക്ഷ്യം വഹിക്കുന്ന ഇരുവരും എന്ന് കൂടി ഹദീസിലുണ്ടോ?” പലിശ വാങ്ങുന്നവനും നൽകുന്നവനും തമ്മിലുള്ള കരാർ എഴുതുന്ന എഴുത്തുകാരനെക്കുറിച്ചും പലിശ കരാറിന് സാക്ഷ്യം വഹിക്കുന്ന രണ്ടുപേരെക്കുറിച്ചും തിരുനബിﷺ അവരെ ശപിച്ചോ? അദ്ദേഹം അന്വേഷിച്ചു. അപ്പോൾ അൽഖമ(റ) മറുപടി നൽകി. താൻ കേട്ടതല്ലാതെ മറ്റൊന്നും താൻ പറയുകയില്ലെന്നും, ഇബ്നു മസ്ഊദി(റ)ൽ നിന്ന് പലിശ വാങ്ങുന്നവനെയും നൽകുന്നവനെയും ശപിച്ചതല്ലാതെ മറ്റൊന്നും താൻ കേട്ടിട്ടില്ലെന്നും പറഞ്ഞു.
എന്നാൽ, ജാബിർ ബിൻ അബ്ദില്ലാഹ്(റ) നിവേദനം ചെയ്ത മുസ്‌ലിമി(റ)ലെ ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്. പലിശ ഭക്ഷിക്കുന്നവനെയും, ഭക്ഷിപ്പിക്കുന്നവനെയും, അത് എഴുതുന്നവനെയും, അതിന് സാക്ഷ്യം വഹിക്കുന്ന ഇരുവരെയും അല്ലാഹുവിന്റെ റസൂൽﷺ ശപിച്ചു. എന്നിട്ട് പറഞ്ഞു. “അവരെല്ലാം തുല്യരാണ്” അഥവാ
പലിശ ഭക്ഷിക്കുന്നവനും ഭക്ഷിപ്പിക്കുന്നവനും തുല്യരാണെന്ന്. ഭക്ഷിപ്പിക്കുന്നവന്റെ സഹായവും പങ്കാളിത്തവുമില്ലാതെ അത് ഭക്ഷിക്കാൻ കഴിയില്ലല്ലോ? ഈ തിന്മയ്ക്ക് അവർ സഹായം നൽകുകയും അതിൽ പങ്കുചേരുകയും ചെയ്തതുകൊണ്ടാണ് എഴുതുന്നവനും സാക്ഷികളും ഈ നിരോധനത്തിൽ ഉൾപ്പെട്ടത്. അവർ നിഷിദ്ധമായ ഒരു കാര്യത്തിൽ നിലകൊള്ളുകയും അത് പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്തു. അതിനാൽ അവരും പാപത്തിൽ കൂറുകാരായി.
ദാനധർമങ്ങളെ ലാഭകരമായ ഇടപാടായും പലിശയെ നഷ്ടം വരുത്തുന്ന ഇടപാടായിട്ടുമാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. താൽക്കാലിക നേട്ടവും ലാഭവും നോക്കി നിരവധി ആളുകൾ പലിശയുടെ ഭാഗമാകും. പിന്നീട് അവരിൽ വന്നുചേരുന്ന വിപത്തുകളെ കുറിച്ചോ കൈവശമുണ്ടായിരുന്ന സമ്പത്ത് കൂടി മലിനമാകുന്ന ദുരന്തത്തെക്കുറിച്ചോ ആലോചിക്കാതെ പോവുകയാണ് ചെയ്യുന്നത്. പലിശയുടെ ഇടപാടുകളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുന്ന ഒരു ജീവിതത്തെ കുറിച്ചാണ് ഓരോ വിശ്വാസിയും പ്രവാചകാനുരാഗിയും ആലോചിക്കേണ്ടത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
