
അബൂ മസ്ഊദ്(റ) നിവേദനം ചെയ്യുന്നു. നായയുടെ വില, കണികാണുന്നവന്റെ അഥവാ ജ്യോത്സ്യന്റെ/കൈനോട്ടക്കാരന്റെ പ്രതിഫലം, വേശ്യയുടെ കൂലി(മഹർ)/പ്രതിഫലം എന്നിവ തിരുനബിﷺ നിരോധിച്ചു.
അല്ലാഹു അവന്റെ അടിമകൾക്ക് നല്ല വസ്തുക്കളെ അനുവദനീയമാക്കുകയും എല്ലാ കാര്യങ്ങളിലും(ഭക്ഷണത്തിലും പാനീയത്തിലും സമ്പാദനത്തിലും കച്ചവടത്തിലും മറ്റെല്ലാത്തിലും)എല്ലാവിധ ദുഷിച്ച വസ്തുക്കളെയും അവരിൽ നിന്ന് നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. അതുപോലെ, ഒരു മുസ്‌ലിം ആത്മാഭിമാനമുള്ളവനും നിസ്സാരമായ കാര്യങ്ങളിൽ നിന്ന് ഉയർന്നവനുമായിരിക്കണമെന്ന് ശരീഅത്ത് അവനോട് ആഹ്വാനം ചെയ്യുന്നു.
ഈ ഹദീസിൽ, അബൂ മസ്ഊദ് അൽ-അൻസ്വാരി(റ) നിവേദനം ചെയ്യുന്നത്, തിരുനബിﷺ മൂന്ന് കാര്യങ്ങളെ നിരോധിച്ചു എന്നാണ്.
ഒന്ന്, നായയുടെ വിൽപനയെയും, അതിന്റെ വില വാങ്ങുന്നതിനെയും വിലക്കി. അതുവഴി നേടുന്ന സമ്പാദ്യം നല്ലതല്ലാത്ത ധനമാണ്. കാരണം, ആടുമാടുകളെ മേയ്ക്കുന്നതിനും കൃഷിക്കും വേണ്ടിയുള്ള നായകളെയൊഴികെ മറ്റൊന്നിനും നായയെ വളർത്തുന്നതിനെയും സൂക്ഷിക്കുന്നതിനെയും വിലക്കിയിരിക്കുന്നു. ശാഫിഈ കർമശാസ്ത്ര വഴിയിലെ അഭിപ്രായം ഇതാണ്.
എന്നാൽ ഹനഫീ കർമശാസ്ത്രത്തിലും മറ്റും ഇങ്ങനെയാണ് വിശദീകരണം. കാവലിനും വേട്ടയ്ക്കും ഉപയോഗിക്കുന്ന നായകളെ ഇതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. കാരണം അവ പ്രയോജനകരമായവയാണ്. ഇമാം തുർമുദി(റ)യുടെ നിവേദനത്തിൽ അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്ന ഒരു പ്രസ്താവന ഇങ്ങനെയുണ്ട്”വേട്ടനായ ഒഴികെ.” ദാറഖുത്വ്‌നിയിലെ നിവേദനത്തിൽ: “ശൗര്യമുള്ള നായയൊഴികെ” എന്നും വന്നിട്ടുണ്ട്. ശൗര്യമുള്ള നായ എന്നാൽ വേട്ടയ്ക്ക് ഉപയോഗിക്കാറുള്ള നായ. അതിനാൽ, പ്രയോജനത്തിനായി സൂക്ഷിക്കാൻ അനുവാദം നൽകിയ നായയുടെ വിലയൊഴികെ മറ്റെല്ലാ നായയുടെ വിലയും നിരോധിച്ചുവെന്ന് മനസ്സിലാക്കാം.
രണ്ട്, വ്യഭിചാരിണിയുടെ കൂലി(മഹർ). ഒരു അന്യപുരുഷന് തന്റെ ശരീരം സമർപ്പിക്കുന്നതിന് പകരമായി ഒരു വ്യഭിചാരിണി വാങ്ങുന്ന വിലയാണിത്. ഇതിനെ ‘മഹർ’ എന്ന് വിളിച്ചത് അതിന്റെ രൂപത്തോട് സാദൃശ്യമുള്ളതിനാലാണ്. ജാഹിലിയ്യാ കാലഘട്ടത്തിൽ ആളുകൾ അവരുടെ അടിമസ്ത്രീകളെ വ്യഭിചാരത്തിന് നിർബന്ധിക്കുകയും അതുവഴി സമ്പാദിക്കുകയും ചെയ്തിരുന്നു. അല്ലാഹുവിന്റെ വചനത്തിലൂടെ ഇസ്‌ലാം അതിനെ നിഷേധിച്ചു. നിങ്ങളുടെ അടിമസ്ത്രീകൾ ചാരിത്ര്യം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇഹലോക ജീവിതത്തിലെ നേട്ടം കൊതിച്ച് നിങ്ങൾ അവരെ വ്യഭിചാരത്തിന് നിർബന്ധിക്കരുത്. ആരെങ്കിലും അവരെ നിർബന്ധിക്കുന്നുവെങ്കിൽ, അവരെ നിർബന്ധിച്ചതിനു ശേഷം തീർച്ചയായും അല്ലാഹു ആ നിർബന്ധിക്കപ്പെട്ടവരോട് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. അന്നൂർ അധ്യായത്തിലെ 33 ആം സൂക്തത്തിന്റെ ആശയമാണിത്.
മൂന്ന്, കണികാണുന്നവന്റെ അഥവാ ജ്യോത്സ്യന്റെ പ്രതിഫലം(ഹുൽവാൻ). ഭാവിയെക്കുറിച്ച് പ്രവചിക്കുന്നതിന് പകരമായി കണികാണുന്നവനോ/വളോ വാങ്ങുന്ന പ്രതിഫലമാണിത്. കഹീൻ എന്നാൽ, തനിക്ക് അദൃശ്യജ്ഞാനമുണ്ടെന്ന് വാദിക്കുകയും അദൃശ്യ കാര്യങ്ങളെക്കുറിച്ചും ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും ആളുകളെ അറിയിക്കുകയും ചെയ്യുന്നവനാണ്. ജ്യോതിഷി, കല്ലുപയോഗിച്ച് കണക്കുകൂട്ടുന്നവർ തുടങ്ങി അക്കാര്യം വാദിക്കുന്ന എല്ലാവരെയും ഇത് ഉൾക്കൊള്ളുന്നു. കഹീൻ വാങ്ങുന്ന പ്രതിഫലത്തെ ‘ഹുൽവാൻ’ എന്ന് വിളിച്ചത് മധുരമുള്ള വസ്തുവിനോട് അതിനെ ഉപമിച്ചുകൊണ്ടാണ്. കാരണം, അത് അധികം പ്രയാസമില്ലാതെ എളുപ്പത്തിൽ നേടുന്ന ഒന്നാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
