Tweet 1219

Tweet 1219
October 15, 2025 • Wednesday
"ബൈഉൽ ഈന" (വായ്പ നൽകാനായി വസ്തുക്കൾ വിറ്റ് തിരികെ വാങ്ങുന്ന രീതി)യുടെ വിധി

അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. നിന്റെ കൈവശമില്ലാത്തത് വിൽക്കുന്നത് അനുവദനീയമല്ല, നിന്റെ ബാധ്യതയിൽ വരാത്തതിൽ ലാഭമെടുക്കുന്നതും അനുവദനീയമല്ല.

കടവും വിൽപനയും ഒരേ വിൽപ്പനയിൽ രണ്ട് വ്യവസ്ഥകളും, നിന്റെ കൈവശമില്ലാത്തത് വിൽക്കുന്നതും, നിന്റെ ബാധ്യതയിൽ വരാത്തതിൽ ലാഭമെടുക്കുന്നതും നിരോധിച്ചിരിക്കുന്നു.

ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും അവർക്കിടയിൽ നീതി സ്ഥാപിക്കുവാനുമായി ഇസ്‌ലാം കച്ചവടപരമായ ഇടപാടുകൾക്ക് ഒരു വ്യവസ്ഥ കൊണ്ടുവരുന്നതിലുള്ള ശ്രദ്ധയുടെ ഭാഗമാണിത്.

മറ്റൊരു നിവേദനത്തിൽ അബ്ദുല്ലാഹി ബ്നു അംറ് ബ്നുൽ ആസ്വ്(റ) പറയുന്നു. “റസൂലുല്ലാഹിﷺ ‘സലഫ്’ അഥവാ കടവും ‘ബൈഅ്’ പ്രത്യേക വ്യവസ്ഥയോടെയുള്ള വിൽപനയും നിരോധിച്ചു.” അതായത്, ഒരു വ്യവസ്ഥയോടുകൂടിയുള്ള വിൽപന പാടില്ല. അത് ഇങ്ങനെയാവാം: നിങ്ങൾ ഒരു സാധനം വിൽക്കുകയും, അത് വാങ്ങിയവനോട് ‘ഇന്ന തുക നീ എനിക്ക് കടം തരണം’ എന്ന വ്യവസ്ഥയിൽ ഞാൻ നിനക്ക് വിറ്റു എന്ന് പറയുക. അല്ലെങ്കിൽ, നിങ്ങൾ ഒരാൾക്ക് കടം കൊടുക്കുകയും, എന്നിട്ട് അദ്ദേഹത്തിന് ഒരു സാധനം അതിന്റെ യഥാർത്ഥ വിലയേക്കാൾ കൂടുതൽ വിലയ്ക്ക് വിൽക്കുകയും ചെയ്യുക. ഈ രണ്ട് രൂപങ്ങളും പലിശയിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. കാരണം അത് ഉപകാരമുണ്ടാക്കുന്ന ഒരു കടമാണ്.

ഒരേ വിൽപ്പനയിൽ രണ്ട് വ്യവസ്ഥകളും നിരോധിച്ചു.” ഇതിന് പല രൂപങ്ങൾ ഉദാഹരണമായി പറയാം. ഒന്ന്, ഒരു സാധനം ഒരാൾക്ക് കടമായി ഒരു വിലയ്ക്ക് വിൽക്കുകയും, എന്നിട്ട് മറ്റൊരവസരത്തിൽ ആ വിറ്റയാൾ തന്നെ അത് കുറഞ്ഞ വിലയ്ക്ക് തിരിച്ചു വാങ്ങുകയും ചെയ്യുക. ഇതിലൂടെ വിലയിൽ ഉണ്ടാകുന്ന വർദ്ധനവ് പലിശയായി മാറും. ഇതിനെയാണ് ‘ബൈഉൽ ഈന’ കടം വീട്ടാൻ വസ്തു വിൽക്കുന്ന രീതി എന്ന് പറയുന്നത്.

ശാഫിഈ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം “ബൈഉൽ ഈന” (വായ്പ നൽകാനായി വസ്തുക്കൾ വിറ്റ് തിരികെ വാങ്ങുന്ന രീതി)യുടെ വിധിയെക്കുറിച്ച് മൂന്ന് പ്രധാന അഭിപ്രായങ്ങളുണ്ട്:

1. സമ്പൂർണ്ണമായി അനുവദനീയമാണ് അഥവാ ജവാസ് മുത്‌ലഖ്. ഇമാം ശാഫിഈ(റ)യുടെ അഭിപ്രായമാണിത്. കരാറിന് സാധുത നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ ഇല്ലാത്തപക്ഷം, അത് പതിവായാലും ഇല്ലെങ്കിലും ബൈഉൽ ഈന സമ്പൂർണ്ണമായി അനുവദനീയമാണ്.

2. പതിവായിട്ടില്ലെങ്കിൽ അനുവദനീയമാണ്. ജവാസ് ബിശർത് അൽ ആദ. ഇത് ചില ശാഫിഈ പണ്ഡിതന്മാരുടെ അഭിപ്രായമാണ്.ബൈഉൽ ഈന പതിവായ ഒരു ഇടപാടായി മാറിയിട്ടില്ലെങ്കിൽ അത് അനുവദനീയമാണ്. കാരണം, അത് പതിവായി മാറിയാൽ, ആദ്യത്തെ വിൽപ്പനയിലെ ഒരു വ്യവസ്ഥയായി അത് കണക്കാക്കപ്പെടും. അതുവഴി കരാർ അസാധുവാകും.

3. സമ്പൂർണ്ണമായി കറാഹത്താണ്. കറാഹ മുത്‌ലഖ. ശാഫിഈ മദ്ഹബിലെ പിൽക്കാല പണ്ഡിതന്മാരിൽ ചിലർ ഈ അഭിപ്രായക്കാരാണ്.

“നിന്റെ കൈവശമില്ലാത്തത് വിൽക്കുന്നതും നിരോധിച്ചു.” അതായത്, നിങ്ങളുടെ ഉടമസ്ഥതയിൽ ഇല്ലാത്തതും നിങ്ങൾക്ക് ഉറപ്പുനൽകാൻ കഴിയാത്തതുമായ ഒരു സാധനം വിൽക്കുക. ഉദാഹരണത്തിന്: വഴിതെറ്റിപ്പോയ ഒട്ടകത്തെ വിൽക്കുന്നത് പോലെ. കാരണം, ഇതിൽ വ്യക്തമായ അനിശ്ചിതത്വമുണ്ട്. “നിന്റെ ബാധ്യതയിൽ വരാത്തതിൽ ലാഭമെടുക്കുന്നതും നിരോധിച്ചു.” അതായത്, നിങ്ങൾ വാങ്ങിയ ഒരു സാധനം കൈപ്പറ്റുന്നതിന് മുൻപ് വിൽക്കുക. അത് നിങ്ങളുടെ കൈവശമായിട്ടില്ല. അതിനാൽ, അത് നിങ്ങളുടെ ബാധ്യതയിൽ വരുന്നത് വരെ വിൽക്കരുത്. കൈവശം വന്നാൽ മാത്രമേ അതിന്റെ നഷ്ടം നിങ്ങൾക്ക് ബാധ്യതയാവുകയുള്ളൂ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 5