
ശേഷം നബി ﷺ യേയും കൂട്ടി അല്ലാഹുവിന്റെ സവിശേഷ സംവിധാനമായ ഖലമിന്റെ ചലനങ്ങൾ കേൾക്കുന്ന ഇടത്തിലേക്കെത്തി. അർശിന്റെ പ്രഭാവലയത്തിൽ ഒരാൾ ഗുപ്തമായിരിക്കുന്നത് കണ്ടു. നബി ﷺ ചോദിച്ചു; ‘അതാരാണ് ? നബിയാണോ?’ ‘അല്ല ‘.
‘മലക്കാണോ ?’
‘അല്ല ‘.
‘പിന്നെയാരാ?’
‘നിരന്തരമായി ദിക്റ് കൊണ്ട് നാവ് ചലിപ്പിച്ച് നനവ് നിലനിർത്തിയ, ഹൃദയം അല്ലാഹുവിന്റെ ഭവനമായ പള്ളിയുമായി ബന്ധപ്പെട്ടിരുന്ന വ്യക്തിയാണത് ‘.
തുടർന്ന് മുത്ത് നബി ﷺ അല്ലാഹുവിനെ നേരിൽ ദർശിച്ചു. നബി ﷺ സാഷ്ടാംഗത്തിലേക്ക് വീണു. അല്ലാഹു നബി ﷺ യോട് സംഭാഷണം നടത്തി. അല്ലാഹുവിനെ മുത്ത് നബി ﷺ അഭിവാദ്യം ചെയ്തു. അല്ലാഹു നബി ﷺ യോട് പ്രത്യഭിവാദ്യം ചെയ്തു. ശേഷം, അല്ലാഹു പറഞ്ഞു; ‘ചോദിച്ചോളൂ ‘.
നബി ﷺ പറഞ്ഞു; “അല്ലാഹുവേ, നീ ഇബ്രാഹീം നബി (അ)യെ ‘ഖലീൽ’ അഥവാ, ആത്മമിത്രമാക്കിയില്ലേ! സവിശേഷമായ അധികാരം നൽകിയില്ലേ! മൂസാ നബി (അ)യെ ‘കലീം’ അഥവാ പ്രത്യേകമായി അവരോട് സംഭാഷണം നടത്തിയില്ലേ! ദാവൂദ് നബി (അ)ക്ക് ശ്രേഷ്ഠമായ അധികാരവും മനുഷ്യ – ഭൂത വർഗങ്ങളെയും കാറ്റിനെയും മറ്റും കീഴ്പ്പെടുത്തിക്കൊടുത്തില്ലേ! ഈസാ നബി (അ)ക്ക് തൗറാതും ഇഞ്ചീലും രോഗശമനത്തിനും മറ്റുമുള്ള സിദ്ധികളും നൽകിയില്ലേ! മരണപ്പെട്ടവരെ ജീവിപ്പിക്കാനുള്ള അനുമതിയും അവിടുത്തെ മാതാവിനടക്കം പിശാചിൽ നിന്നുള്ള സവിശേഷ സുരക്ഷയും നൽകിയില്ലേ!”
അപ്പോൾ മഹോന്നതനായ അല്ലാഹു പറഞ്ഞു; ‘അവിടുത്തെ ഞാൻ ഹബീബ് അഥവാ ഉറ്റ സ്നേഹിതനായി തിരഞ്ഞെടുത്തിരിക്കുന്നു. മനുഷ്യകുലത്തിനൊന്നാകെ സുവിശേഷവും താക്കീതുമായി നിയോഗിച്ചിരിക്കുന്നു. ഹൃദയം വിശാലമാക്കിത്തരികയും സ്ഖലിതങ്ങളെ തൊട്ട് പവിത്രമാക്കുകയും ശ്രുതിയെ ഉയർത്തുകയും ചെയ്തു. തങ്ങളുടെ സമുദായത്തെ പ്രാമാണിക സമുദായവും ഉത്തമ ജനതയും മധ്യമ സമുദായവുമാക്കിത്തന്നു. അവിടുത്തെ ജനത നിയോഗത്തിൽ അവസാനത്തേതാണെങ്കിലും മഹത്വത്തിലും പുനർനിയോഗത്തിലും പ്രഥമസ്ഥാനീയരായിരിക്കും. അവിടുത്തെ ജനതയുടെ ‘ഖുതുബ’ സ്വീകാര്യമാകണമെങ്കിൽ തങ്ങൾ എന്റെ അടിമയും ദൂതനുമാണെന്ന് സാക്ഷ്യം വഹിക്കണം. തങ്ങളുടെ ജനതയിൽ ഹൃദയം തന്നെ വേദഗ്രന്ഥമായവർ അഥവാ, ഖുർആൻ ഹൃദിസ്ഥമാക്കിയവരുണ്ടാകും. തങ്ങളെ നാം ആദ്യത്തെ സൃഷ്ടിയും പ്രവാചക നിയോഗത്തിന്റെ പരിസമാപ്തിയും ആക്കിയിരിക്കുന്നു. നേരത്തെ ഒരു പ്രവാചകനും നൽകിയിട്ടില്ലാത്തെ പ്രത്യേക മഹത്വങ്ങൾ ഉൾക്കൊള്ളുന്ന ഏഴു സൂക്തങ്ങൾ അഥവാ ‘ഫാതിഹ :’ തങ്ങൾക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അർശിന്റെ അടിത്തറയിൽ നിന്നുള്ള നിധി സൂറതുൽ ബഖറ എന്ന അധ്യായത്തിലെ അവസാന സൂക്തങ്ങളും. കൗസർ തീർഥവും അനേകം അനുഗ്രഹങ്ങളും തങ്ങൾക്ക് പ്രത്യേകമായി നൽകിയിരിക്കുന്നു. ഇസ്‌ലാം, ഹിജ്റ, ജിഹാദ്, റമളാൻ വ്രതം, ധർമങ്ങൾ, സദുപദേശം തുടങ്ങിയ എട്ട് ശ്രേഷ്ഠ വിഹിതങ്ങൾ തങ്ങൾക്ക് നൽകിയിരിക്കുന്നു. ആകാശഭൂമികളുടെ സൃഷ്ടിപ്പിന്റെ നേരത്ത് തന്നെ തങ്ങൾക്കും ജനതയ്ക്കും അൻപത് നേരത്തെ നിസ്ക്കാരം നാം നിയമമാക്കിയിരിക്കുന്നു. അതിനാൽ തങ്ങളും സമുദായവും അത് നിർവഹിക്കുക.
അല്ലാഹുവും നബി ﷺ യുള്ള സംഭാഷണാനന്തരം മുത്ത് നബി ﷺ ക്ക് ചുറ്റുമുള്ള മേഘം തെളിഞ്ഞു. അവിടുന്ന് തിരിച്ചുള്ള സഞ്ചാരത്തിനൊരുങ്ങി. ജിബ്‌രീൽ (അ) കരം കവർന്നു. ഇബ്രാഹീം നബി (അ)യുടെ അടുത്തെത്തി. പ്രത്യേകിച്ചൊന്നും പ്രതികരിച്ചില്ല. മൂസാ നബി (അ)യുടെ സമീപത്തെത്തി. അവിടുന്ന് ചോദിച്ചു. ‘എന്തൊക്കെയായി! എന്താണ് അല്ലാഹു അവിടുത്തേക്കും സമുദായത്തിനും നിർബന്ധമാക്കിയത്?’ നബി ﷺ പറഞ്ഞു. എനിക്കും എന്റെ സമുദായത്തിനും നിത്യേന അൻപത് നേരത്തെ നിസ്കാരം നിർബന്ധമാക്കി. മൂസാ നബി (അ) ഇടപെട്ടു. നബി ﷺ യോട് പറഞ്ഞു; ‘അല്ലാഹുവിനോട് അവിടുന്ന് ലഘൂകരണം ആവശ്യപ്പെടണം. അവിടുത്തെ ജനതയ്ക്ക് അൻപത് നേരത്തെ നിസ്ക്കാരം പതിവാക്കാൻ സാധിക്കാതെയാകും. ഞാൻ മുമ്പ് ഒരു ജനതയെ പരിപാലിച്ച് പരിചയമുള്ളതാണ്. ഇസ്രയേലുകാരെ നാം ഇതിനേക്കാൾ ലഘുവായ കാര്യങ്ങൾ കൊണ്ട് പരിശോധിച്ചിട്ടുണ്ട്. പക്ഷേ, അവർ വിജയിച്ചിട്ടില്ല. അവരെക്കാൾ കായികമായി ബലം കുറഞ്ഞവരാണ് അവിടുത്തെ ജനത. അതുകൊണ്ട് അവർക്ക് ഏതായാലും പ്രയാസമാകും. നബി ﷺ ജിബ്‌രീലി (അ)നോട് കൂടിയാലോചിച്ചു. അങ്ങനെയാകാമെന്ന് ജിബ്‌രീൽ (അ) സമ്മതം മൂളി. യാത്ര പൂർവസ്ഥാനത്തേക്ക് തിരിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
