Tweet 1212

Tweet 1212
October 8, 2025 • Wednesday
തിരുനബിﷺ പറഞ്ഞു. തീർപ്പുകൽപ്പിക്കുന്നവർ മൂന്ന് തരക്കാരാണ്. ഒരാൾ സ്വർഗ്ഗത്തിലും രണ്ടുപേർ നരകത്തിലുമാണ്.

ബുറൈദത്ത് ബ്നുൽ ഹുസ്വൈബ് അൽ അസ്‌ലമി(റ) വിവരിക്കുന്നു. തിരുനബിﷺ പറഞ്ഞു. തീർപ്പുകൽപ്പിക്കുന്നവർ മൂന്ന് തരക്കാരാണ്. ഒരാൾ സ്വർഗ്ഗത്തിലും രണ്ടുപേർ നരകത്തിലുമാണ്. സത്യം മനസ്സിലാക്കുകയും അതനുസരിച്ച് വിധി കൽപ്പിക്കുകയും ചെയ്തവൻ സ്വർഗ്ഗത്തിലാണ്. സത്യം മനസ്സിലാക്കുകയും എന്നാൽ വിധിയിൽ നീതികേട് കാണിക്കുകയും ചെയ്തവനാണ് രണ്ടാമത്തെയാൾ, അവൻ നരകത്തിലാണ്. അജ്ഞതയുടെ അടിസ്ഥാനത്തിൽ ജനങ്ങൾക്കിടയിൽ വിധി കൽപ്പിച്ചവനാണ് മൂന്നാമത്തെയാൾ, അവനും നരകത്തിലാണ്.

തിരുനബിﷺ പറഞ്ഞതായി ഇമാം ബുഖാരി(റ) തന്നെ ഉദ്ധരിക്കുന്നു. “കോപിതനായിരിക്കെ രണ്ടാളുകൾക്കിടയിൽ ആരും വിധി കൽപ്പിക്കരുത്.”

വിശന്നിരിക്കുമ്പോഴും ദേഷ്യമുള്ളപ്പോഴും ഒന്നും ന്യായാധിപൻ വിധിക്കരുത് എന്ന നിർദ്ദേശം കൂടി ഇവിടെ ചേർത്തു വായിക്കേണ്ടതുണ്ട്. വിധി കൽപ്പനയിൽ എപ്പോഴും നീതിയും ന്യായവും മുഴച്ചു നിൽക്കണം. അതിന് ഭംഗം വരുന്ന സാഹചര്യങ്ങളോ മനോവിചാരങ്ങളോ ഒരു വ്യക്തിയിൽ സമ്മർദ്ദമുണ്ടാക്കുന്ന ശാരീരികാവസ്ഥയോ പോലും ഉണ്ടാവരുത് എന്ന അതിസൂക്ഷ്മമായ നീതിബോധമാണ് തിരുനബിﷺയുടെ അധ്യാപനങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

ഇബ്നു ഉമറി(റ)ൽ നിന്ന് ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ സന്നിധിയിൽ വച്ച് രണ്ട് പുരുഷന്മാർ തർക്കിച്ചു. അപ്പോൾ തിരുനബിﷺ പറഞ്ഞു. ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാണ്. നിങ്ങളിൽ നിന്ന് ഞാൻ കേൾക്കുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഞാൻ നിങ്ങൾക്കിടയിൽ വിധി കൽപ്പിക്കുന്നുള്ളൂ. ഒരുപക്ഷേ നിങ്ങളിൽ ചിലർ മറ്റുള്ളവരെക്കാൾ കൂടുതൽ വാചാലരായിരിക്കാം. അതിനാൽ ഞാൻ ആരുടെയെങ്കിലും സഹോദരന്റെ അവകാശത്തിന് അനുകൂലമായി വിധിച്ചാൽ, ഞാൻ അവന് നരകത്തിന്റെ ഒരു കഷ്ണം വെട്ടിക്കളയുക മാത്രമാണ് ചെയ്യുന്നത്.

തിരുനബിﷺയുടെ താഴ്മയും സാധാരണ വിധികർത്താക്കൾക്ക് ഉണ്ടാകുന്ന പരിതസ്ഥിതിയും കൂടി ചേർത്തുകൊണ്ടാണ് അവിടുന്ന് ഇത്തരം ഒരു പ്രസ്താവന നടത്തിയിട്ടുള്ളത്. തിരുനബിﷺ പ്രവാചകത്വ പദവി മാത്രം പരിഗണിച്ചുകൊണ്ട്, അദൃശ്യ ജ്ഞാനം മുന്നിൽ വച്ചുകൊണ്ട് വിധിച്ചാൽ പിന്നീട് വരുന്ന വിധികർത്താക്കൾക്ക് അത് അനുകരിക്കാനാവില്ലല്ലോ! അതുകൊണ്ടുതന്നെ എല്ലാ വിധികർത്താക്കൾക്കും ശ്രദ്ധിക്കാനും ന്യായാധിപന് മുമ്പിൽ വരുന്ന ആവലാതിക്കാരനും പ്രതിയോഗിക്കും എല്ലാം ആലോചിക്കാനും ആവശ്യമായ ആശയങ്ങളെയാണ് ഈ ഹദീസിൽ പറഞ്ഞിട്ടുള്ളത്. ഒരു ന്യായാധിപന് മുന്നിൽ ബോധ്യപ്പെടുന്ന ന്യായങ്ങൾ വെച്ചുകൊണ്ടല്ലേ വിധിക്കാനാവൂ. അതിവിദഗ്ധനായ ഒരു കക്ഷി കേവലം വൈഭവങ്ങൾ മാത്രം മുന്നിൽ വച്ചുകൊണ്ട് മറു കക്ഷിയെ മറികടന്നാൽ ന്യായാധിപൻ അതിൽ പക്ഷപാതം കാണിച്ചു എന്ന് പറയാനാവില്ല. എന്നാൽ, കക്ഷികളും യാഥാർത്ഥ്യബോധമുള്ളവരായിരിക്കണം എന്ന ഒരു ചിന്ത കൂടി ഇവിടെ ഉണർത്തുകയാണ് ചെയ്യുന്നത്.

മേലുദ്ധരിച്ച ഹദീസിന് സമാനമായതും അല്പം അനുബന്ധങ്ങൾ കൂടിയുള്ളതുമായ മറ്റൊരു നിവേദനം ഇങ്ങനെ വായിക്കാം.

ഉമ്മു സലമ(റ) വിവരിക്കുന്നു. തിരുനബിﷺ അവിടുത്തെ ഭവനത്തിന്റെ വാതിൽക്കൽ രണ്ട് വ്യവഹാരക്കാരുടെ ശബ്ദം കേട്ടു. അവിടുന്ന് വേഗം അവരുടെ അടുത്തേക്ക് പോയി പറഞ്ഞു. “ഞാൻ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ മാത്രമാണ്. നിങ്ങൾ എന്റെ മുമ്പിൽ തർക്കിക്കുന്നു. ഒരുപക്ഷേ നിങ്ങൾ എന്റെ അടുക്കൽ വരുന്നു. ഒരുപക്ഷേ അവരിൽ ചിലർ മറ്റുള്ളവരെക്കാൾ അവരുടെ വാദത്തിൽ കൂടുതൽ വാചാലരായിരിക്കാം. അതിനാൽ ഞാൻ കേൾക്കുന്നതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് അനുകൂലമായി വിധിക്കുന്നു. അതിനാൽ ഞാൻ അവന്റെ സഹോദരന്റെ അവകാശത്തിൽ നിന്ന് എന്തെങ്കിലും വിധിച്ചാൽ, അവൻ അവനിൽ നിന്ന് ഒന്നും എടുക്കരുത്.

മറ്റൊരു നിവേദന പ്രകാരം: “അവന്റെ സഹോദരന്റെ അവകാശം ഉപയോഗിച്ച്, അവൻ അത് എടുക്കരുത്, കാരണം ഞാൻ അവനുവേണ്ടി ഒരു അഗ്നിക്കഷണം മുറിച്ചു നൽകുകയാണ് ചെയ്തത്. “അങ്ങനെ രണ്ടുപേരും കരഞ്ഞു, ഓരോരുത്തരും തന്റെ കൂട്ടുകാരനോട് പറഞ്ഞു: എന്റെ അവകാശം നിങ്ങളുടേതാണ്. അപ്പോൾ അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു: “നിങ്ങൾ അങ്ങനെ ചെയ്താൽ, അത് വിഭജിക്കുകയും അവകാശം നൽകുകയും ചെയ്യുക, തുടർന്ന് നറുക്കെടുക്കുക, തുടർന്ന് സ്വതന്ത്രരാകുക.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 3