Tweet 1211

    Tweet 1211
    October 7, 2025 • Tuesday
    Post Header

    തിരുനബിﷺയുടെ വൈജ്ഞാനിക പ്രവൃത്തികളിൽ വിധി പ്രഖ്യാപനവും വിധികർത്താവിനെ കുറിച്ചുള്ള വിവരണങ്ങളും പ്രശ്നപരിഹാരങ്ങളുടെ അധ്യായവുമുണ്ട്. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ഒരാളെ വിധികർത്താവായി നിശ്ചയിച്ചാൽ കത്തിയില്ലാതെ അയാളെ അറുക്കും പോലെയാണ്.

    വിധികർത്താവിന് ഉണ്ടായിരിക്കേണ്ട സ്വഭാവ ഗുണങ്ങൾ, പാലിക്കേണ്ട നീതിബോധം, ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വം എന്നിങ്ങനെ വിധികല്പനയുമായി ബന്ധപ്പെട്ട തിരുനബി ഭാഗങ്ങൾ മനസ്സിരുത്തി വായിക്കുന്ന ഒരാൾക്ക് അത്തരം ഒരു ഉത്തരവാദിത്വം ഏറ്റെടുക്കാൻ എത്രമേൽ ശ്രദ്ധയും ജാഗ്രതയുമുണ്ടായിരിക്കണമെന്ന് പറയേണ്ടതില്ല.

    അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറയുന്നു. അല്ലാഹുവിന്റെ തിരുദൂതർﷺ പറഞ്ഞു: ജനങ്ങൾക്കിടയിൽ വിധി നടത്തുന്ന ഓരോ വിധികർത്താവിനെയും പുനരുത്ഥാന ദിനത്തിൽ ഒരു മലക്ക് തന്റെ കഴുത്തിൽ പിടിച്ചുകൊണ്ട് നരകത്തിന് മുകളിൽ നിൽക്കുന്നതുവരെ വരും. പിന്നീട് അവൻ അല്ലാഹുവിലേക്ക് തല ഉയർത്തും. സർവ്വശക്തനായ അല്ലാഹു ‘അവനെ എറിയുക’ എന്ന് പറഞ്ഞാൽ, അവൻ അവനെ നാൽപത് വർഷത്തേക്ക് തന്റെ അഗാധതത്തിലേക്ക് എറിയും.

    അതി സൂക്ഷ്മമായി നിർവഹിക്കേണ്ട ഒരു ഉത്തരവാദിത്തമാണിത്. പക്ഷപാതിത്വമോ പദവി ദുർവിനിയോഗമോ ഏകപക്ഷീയമായ വിധി കല്പനകളോ ഒക്കെ ഉണ്ടായാൽ അയാൾ അനുഭവിക്കേണ്ടി വരുന്ന ശിക്ഷയുടെ ഗൗരവമാണ് ഹദീസ് നമ്മോട് പകർന്നു തന്നത്.

    ഉയിർത്തെഴുന്നേൽപിന്റെ നാളിൽ നീതിമാനായ ഒരു ന്യായാധിപന് ഒരു സമയം വരും, അന്ന് രണ്ടാളുകൾക്കിടയിൽ വെറുമൊരു കാരയ്ക്കയുടെ കാര്യത്തിൽ വിധി കൽപ്പിക്കാതിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിക്കും.

    എത്ര ചെറിയ വിഷയത്തിലാണെങ്കിലും വിധികർത്താവിൽ ഉണ്ടായിരിക്കേണ്ട ശ്രദ്ധയും ജാഗ്രതയും എത്രമേൽ ഗൗരവമാണ് എന്ന് നിരന്തരമായി ബോധിപ്പിക്കുകയാണിവിടെ. വർത്തമാനകാല വിധി പ്രഖ്യാപനങ്ങളും നീതിപീഠങ്ങൾ താല്പര്യങ്ങൾക്ക് വേണ്ടി വഴിമാറുന്നതും അതുവഴി രാജ്യത്ത് പലയിടത്തും സ്വജനപക്ഷപാതവും അക്രമികളുടെ മേൽക്കോയ്മയും ഭരണകൂടങ്ങളുടെ ദുരാഗ്രഹവൃത്തിയും ഒക്കെ നടന്നുകൊണ്ടിരിക്കുമ്പോൾ പരമാധികാരിയായ സ്രഷ്ടാവിന്റെ പരമ നീതിയുക്തമായ ഒരു പരലോകം വരാതിരിക്കാൻ പാടില്ല എന്ന വിചാരത്തിലേക്ക് നമ്മെ ഉണർത്തുന്നില്ലേ?

    കോടതികളെയും ന്യായാധിപന്മാരെയും സ്വാധീനിച്ചുകൊണ്ട് അവകാശം നിഷേധിക്കപ്പെട്ട പാവങ്ങൾക്ക്, നീതി നിഷേധിക്കപ്പെട്ട നിരപരാധികൾക്ക് നീതിയുടെ മൂല്യവും ന്യായത്തിന്റെ വിലയും അറിയേണ്ട ഒരു നാൾ വേണ്ടതില്ലേ? ഈ ലോകത്ത് അത് സാധ്യമാകുന്നില്ല എന്നിരിക്കെ അതിനുവേണ്ടി ഒരു ലോകവും പരലോകത്തെങ്കിലും അതിനുവേണ്ട ഒരു വ്യവസ്ഥിതിയും ഇല്ലാതിരിക്കുക എന്നത് എത്ര ബുദ്ധിശൂന്യമാണ്. നീതിക്കും ന്യായത്തിനും വിലയും മൂല്യവും ഉണ്ടാകണമെങ്കിൽ നീതിയും ന്യായവും സംരക്ഷിക്കപ്പെടുന്ന ഒരു ദിവസവും ആത്യന്തികമായി അത് നടപ്പിലാക്കുന്ന ഒരു വ്യവസ്ഥിതിയും അതിന് പരമാധികാരിയായ ഒരു സർവ്വാധികാരിയുടെ സാന്നിധ്യവും അനിവാര്യമല്ലാതെ പിന്നെന്ത്?

    ഇസ്‌ലാം സംസ്കൃതിയുടെ മുഴുവൻ അടിവേരുകളും ചേർന്നുകിടക്കുന്നത് പരമാധികാരിയായ ഒരു സ്രഷ്ടാവിന്റെ എല്ലാ അർത്ഥത്തിലുമുള്ള നീതി സംരക്ഷണാർത്ഥം ഒരു സംവിധാനവും എല്ലാ അവകാശികൾക്കും അവകാശം വകവച്ച് നൽകുന്ന ഒരു ദിവസവും അതിനനുസൃതമായി വിധി കൽപ്പിക്കപ്പെടുന്ന ഒരു നാളും കുറ്റവാളികൾ കൃത്യമായി ശിക്ഷിക്കപ്പെടുകയും നിരപരാധികൾ കൃത്യമായ രക്ഷപ്പെടുകയും ചെയ്യുന്ന ഒരു പരിസരവും പ്രപഞ്ചാധിപനായ അല്ലാഹു ഒരുക്കിയിട്ടുണ്ട് എന്നതിന്മേലാണ്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...