
ഇമാം ബൈഹഖി(റ)യും മറ്റും നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. അല്ലാഹു പറയുന്നു. ഞാൻ നല്ല പങ്കാളിയാണ്. എന്നോടൊപ്പം ആരെയെങ്കിലും പങ്കുചേർത്താൽ അത് ആ പങ്കാളിക്കുള്ളതാണ്. അല്ലയോ ജനങ്ങളെ, നിങ്ങളുടെ കർമങ്ങൾ നിഷ്കളങ്കമായി നിങ്ങൾ നിർവഹിക്കുക. അഥവാ അല്ലാഹുവിൻ്റെ പ്രീതിക്കുവേണ്ടി മാത്രം നിർവഹിക്കുക. അല്ലാഹുവിൻ്റെ പ്രീതി ലക്ഷ്യം വച്ചുകൊണ്ട് മാത്രമുള്ള കർമങ്ങൾ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. ഇത് അല്ലാഹുവിനുള്ളതാണ് ഇത് റഹീമിനുള്ളതാണ് എന്ന് പറയേണ്ടതില്ല. എന്നാൽ അതൊക്കെ റഹീമിനുള്ളതായിരിക്കും അല്ലാഹുവിന് അതിൽ ഒന്നുമുണ്ടായിരിക്കില്ല. ഇത് അല്ലാഹുവിനുള്ളതാണ് ഇത് നിങ്ങളുടെ പ്രീതിക്കുവേണ്ടിയാണ് എന്ന് പറയേണ്ടതില്ല. അവിടെ അല്ലാഹുവിന് ഒന്നും ഉണ്ടാവുകയില്ല.
അല്ലാഹുവിൻ്റെ പ്രീതിയും പൊരുത്തവും ലക്ഷ്യം വെച്ചുകൊണ്ടായിരിക്കണം നമ്മുടെ ഓരോ കർമങ്ങളും. യാതൊരുവിധത്തിലും അല്ലാഹുവിനോട് ഒന്നിനെയും പങ്കുചേർക്കാൻ പാടില്ല. നിഷ്കളങ്കമായിട്ടായിരിക്കണം ഓരോ കർമങ്ങളും നിർവഹിക്കേണ്ടത്. ഞാൻ മികച്ച പങ്കാളിയാണ് എന്ന് പറഞ്ഞത് വളരെ സാരവത്തായ ഒരു ആശയമാണ്. കാരണം എന്നോട് ആരെയെങ്കിലും പങ്കാളിയാക്കിയാൽ എന്നെയും അവരെയും ലക്ഷ്യം വെച്ചുകൊണ്ട് വല്ലതും ചെയ്യുന്ന പക്ഷം അത് അവർക്കു മാത്രമേ കിട്ടുകയുള്ളൂ എന്നാണ് അതിൻ്റെ ആശയം. അല്ലാതെ അള്ളാഹുവിന് ഏതെങ്കിലും പങ്കാളികൾ ഉണ്ടെന്നോ അങ്ങനെ കൽപ്പിക്കാമെന്നോ അല്ല.
ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. അല്ലാഹു നന്മകളെയും തിന്മകളെയും രേഖപ്പെടുത്തും. പിന്നീട് അതിനെ വിശദീകരിച്ചു. ഒരാൾ ഒരു നന്മ ചെയ്യാൻ ഉദ്ദേശിച്ചാൽ അത് പ്രവർത്തിച്ചില്ലെങ്കിലും ഒരു പ്രതിഫലം അയാൾക്ക് രേഖപ്പെടുത്തും. ഒരാൾ ഒരു നന്മ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്താൽ അയാൾക്ക് 10 മുതൽ 600 വരെ പ്രതിഫലങ്ങൾ രേഖപ്പെടുത്തും. പിന്നെയും അത് പല പ്രതിഫലങ്ങളായി വളരും. ഒരാൾ ഒരു തിന്മ ഉദ്ദേശിച്ചാൽ ശേഷം അത് ചെയ്യാത്ത പക്ഷം ഒരു നന്മയായി രേഖപ്പെടുത്തും. ഉദ്ദേശിച്ച തിന്മ ചെയ്താൽ ഒരു കുറ്റം മാത്രമേ അയാളുടെ മേൽ രേഖപ്പെടുത്തുകയുള്ളൂ.
അല്ലാഹു അവന്റെ അടിമകൾക്ക് ചെയ്യുന്ന ഔദാര്യത്തിന്റെയും നന്മകളോട് നൽകുന്ന പ്രേരണയുടെയും തിന്മകളിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഉൽബോധനത്തിന്റെയും ഏറ്റവും മികച്ച ഒരു സന്ദേശമാണ് ഈ ഹദീസിലൂടെ കൈമാറുന്നത്.
അല്ലാഹു അവൻ്റെ അടിമകളെ ഏറെ ഔദാര്യത്തോടെ സ്വീകരിക്കുകയും അല്ലാഹുവിനോട് അല്പം അടുക്കാൻ ഉദ്ദേശിക്കുന്നവരെ അവൻ കൂടുതൽ സ്വീകരിക്കുകയും ചെയ്യുമെന്ന മഹത്തായ സന്ദേശത്തിന്റെ തുടർച്ച കൂടിയാണിത്. അല്ലാഹു അടിമകളോട് ചെയ്യുന്ന കാരുണ്യത്തേക്കാൾ വലുതായി ഒരു കാരുണ്യവുമില്ല. അവൻ നൽകുന്ന പരിഗണനയേക്കാൾ ഒരു സൃഷ്ടിക്കും മറ്റൊരു സൃഷ്ടിയിൽ നിന്ന് കാരുണ്യം ലഭിക്കുകയില്ല. അവൻ്റെ വിട്ടുവീഴ്ചയുടെ നാലയലത്തുപോലും സൃഷ്ടികൾ തമ്മിലുള്ള വിട്ടുവീഴ്ച എത്തിച്ചേരുകയില്ല.
അല്ലാഹുവിനെ മനസ്സിലാക്കുന്നതിൽ വരുന്ന പിഴവുകളാണ് അടിമകളെ ഏറ്റവും കൂടുതൽ മാർഗ ഭ്രംശരാക്കുന്നത്. എൻ്റെ അടിമ എന്നെക്കുറിച്ച് എന്ത് വിചാരിക്കുന്നു ഞാൻ ആ വിധത്തിലായിരിക്കുമെന്ന മനോഹരമായ ഒരു വചനം കൂടി ഇവിടെ ചേർത്തുവയ്ക്കേണ്ടതുണ്ട്. ഞാൻ വിട്ടുവീഴ്ച ചെയ്യുന്ന ഒരു രക്ഷിതാവായിട്ടാണോ കാണുന്നത് എൻ്റെ വിട്ടുവീഴ്ച ലഭിക്കും. എന്നിൽ നിന്ന് കരുണ പ്രതീക്ഷിക്കാത്തവന് എങ്ങനെയാണ് കരുണ ലഭിക്കുക എന്ന ആത്മീയ സാരം ആ വചനങ്ങളിൽ നിലകൊള്ളുന്നുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
