Tweet 1207

    Tweet 1207
    October 3, 2025 • Friday
    Post Header

    അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്നും അബൂഹുറൈറ(റ)യിൽ നിന്നും ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. അല്ലാഹു പ്രസ്താവിക്കുന്നു. എൻ്റെ ഒരു അടിമ ഒരു തെറ്റ് ചെയ്യാൻ ഉദ്ദേശിച്ചാൽ അതവൻ പ്രവർത്തിക്കുന്നത് വരെ രേഖപ്പെടുത്തല്ലേ എന്ന് പറയും. ഇനി അഥവാ അവൻ അത് പ്രവർത്തിക്കുകയാണെങ്കിൽ ഒരു പ്രവൃത്തി മാത്രം രേഖപ്പെടുത്തുക. എന്നെ ഓർത്തുകൊണ്ട് അവൻ ആ പ്രവൃത്തിയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ ഒരു നന്മ അവൻ്റെ മേൽ രേഖപ്പെടുത്തുക. ഇനി അയാൾ ഒരു നന്മ ഉദ്ദേശിച്ചാൽ അത് പ്രവർത്തിച്ചില്ലെങ്കിലും ആ ഉദ്ദേശിച്ചതിന് ഒരു ഗുണം രേഖപ്പെടുത്തണം. അപ്രകാരം ഒരു നന്മ പ്രവർത്തിക്കുകയാണെങ്കിൽ 10 മുതൽ 700 വരെ പ്രതിഫലങ്ങൾ രേഖപ്പെടുത്തണം.

    മേൽ ഉദ്ധരിച്ച ഹദീസിന്റെ സമാനമായ ഹദീസാണെങ്കിലും വ്യത്യസ്തമായ ഘടനയിലും അല്ലാഹു ഔദാര്യം ചെയ്യുന്നതിന്റെ വ്യാപ്തിയെക്കുറിച്ചുള്ള പരാമർശത്തിലും വ്യത്യാസമുണ്ട്. നന്മയെ പ്രചോദിപ്പിച്ചും മനുഷ്യസഹജമായി വന്നു പോകുന്നതും വിചാരങ്ങളിൽ നിന്ന് വിട്ടുവന്നാൽ ലഭിക്കുന്ന പ്രതീക്ഷയെക്കുറിച്ചും എത്ര മനോഹരമായ ഒരു ആഖ്യാനമാണ് സ്രഷ്ടാവിന്റെ വചനങ്ങളിൽ നിന്ന് തിരുനബിﷺ നമുക്ക് കൈമാറിയത്.

    ചിലരുടെ നന്മകളുടെ വെളിച്ചം കൊണ്ട് മറ്റുള്ളവർക്ക് കൂടി അല്ലാഹു ഔദാര്യം ചെയ്യുന്നതിന്റെ മനോഹരമായ ഒരു പ്രയോഗം ഇമാം ബൈഹഖി(റ)യും മറ്റും അനസുബ്നു മാലിക്കി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. തിരുനബിﷺ പറഞ്ഞു. അല്ലാഹു തആല പ്രസ്താവിക്കുന്നു. ഭൂമിയിൽ വസിക്കുന്നവരെ ശിക്ഷിക്കാൻ ഞാൻ ഉദ്ദേശിക്കും. അപ്പോൾ എന്റെ ഭവനത്തിൽ വന്നു ഉംറ ചെയ്യുന്നവരെയും എൻ്റെ തൃപ്തിക്കുവേണ്ടി പരസ്പരം സ്നേഹിക്കുന്നവരെയും രാത്രിയുടെ അന്ത്യയാമങ്ങളിൽ പാപമോചനം തേടുന്നവരെയും ഞാൻ നോക്കും. അപ്പോൾ ഭൂനിവാസികളെ ശിക്ഷയിൽ നിന്ന് ഒഴിവാക്കും.

    അല്ലാഹുവിൻ്റെ ഔദാര്യത്തിന്റെ വിശാലതയും വിട്ടുവീഴ്ച ചെയ്യാൻ വേണ്ടി അവൻ തന്നെ നിശ്ചയിക്കുന്ന ഉദാരതയുടെ കാരണങ്ങളും എത്രമേൽ വിശാലമായ വിചാരങ്ങൾക്കാണ് വഴി തുറക്കുന്നത്. വിട്ടുവീഴ്ച ചെയ്യുന്നതും അവൻ തന്നെ. ചെയ്യാനുള്ള കാരണങ്ങൾ തരുന്നതും അവൻ തന്നെ. എത്ര ശ്രേഷ്ഠമായ ഒരു ദർശനവും വിചാരവുമാണ് ഇതുവഴി നമുക്ക് ലഭിക്കുന്നത്.

    മറ്റൊരു ഹദീസിൽ തിരുനബിﷺ പറയുന്നു. അല്ലാഹു തആല ഇങ്ങനെ പ്രസ്താവിച്ചു. ഞാൻ തത്വജ്ഞാനിയുടെ വാചകത്തിന്മേലല്ല. അവൻ്റെ ഉദ്ദേശത്തിന്റെയും വിചാരത്തിന്റെയും മേൽ ഞാൻ ശ്രദ്ധിക്കുന്നു. അവൻ്റെ ഉദ്ദേശ്യവും വിചാരവും എല്ലാം അല്ലാഹുവിനു വേണ്ടിയാണെങ്കിൽ അവൻ നിശബ്ദനാണെങ്കിലും അവനെ തൃപ്തിപ്പെടുകയും അവനിൽ പ്രൗഢി സ്ഥാപിക്കുകയും ചെയ്യുന്നു.

    ഏതുകാര്യത്തിന്റെയും അടിസ്ഥാനം അല്ലാഹുവിൻ്റെ പ്രീതിയും അവൻ്റെ സാമീപ്യവുമാണെങ്കിൽ എല്ലാ അർത്ഥത്തിലും മൂല്യമുള്ളതാണ് എന്ന ബൃഹത്തായ സന്ദേശത്തിന്റെ വാചകങ്ങളാണ് ഇതെല്ലാം.

    അല്ലാഹു തന്നെ നന്മയ്ക്കും പൊരുത്തത്തിനും വഴിയൊരുക്കി. അവർ എത്ര ഭാഗ്യവാന്മാർ. അല്ലാഹുവിൻ്റെ വിധിപ്രകാരം നന്മയിൽ നിന്ന് വിദൂരത്താക്കപ്പെട്ടവർ, തിന്മയുടെ നിമിത്തമോ കാരണമോ ആയി വർത്തിക്കേണ്ടി വരുന്നവർ എത്രമേൽ ഹതഭാഗ്യവാൻമാർ. വിശ്വാസിയുടെ നിരന്തരമായ പ്രാർഥനയിൽ അല്ലാഹുവിനോട് എല്ലാ നന്മയും നന്മയുടെ കാരണങ്ങളും അർഥിക്കുന്നു. തിന്മയിൽ നിന്നും തിന്മയിലേക്ക് എത്തിച്ചേരുന്ന വഴികളിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടുന്നു. ഓരോ വിശ്വാസിയുടെയും വിചാരങ്ങളുടെയും പ്രവൃത്തിയുടെയും കേന്ദ്രബിന്ദുവും ലോകവും നന്മയായിരിക്കണം.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...