Tweet 1204

    Tweet 1204
    September 30, 2025 • Tuesday
    Post Header

    തിരുനബിﷺയുടെ വൈജ്ഞാനിക ആവിഷ്കാരങ്ങളിൽ അല്ലാഹുവിൽ നിന്ന് നേരിട്ട് ഉദ്ധരിക്കുന്ന ഹദീസുകളുമുണ്ട്. അവകൾക്ക് ഖുദ്സിയ്യായ ഹദീസ് എന്നാണ് പേര്. സാധാരണയിൽ ഹദീസ് എന്ന് നിർവചിക്കപ്പെട്ടതോ ഖുർആനിക വചനങ്ങളോ അല്ലാത്തതാണ് ഖുദ്സിയ്യായ ഹദീസ്. അല്ലാഹു പറയുന്നതായി തിരുനബിﷺ നേരിട്ട് പറയുന്ന കാര്യങ്ങളാണവ.

    അത്തരം ഹദീസുകളിൽ നിന്നുള്ള ചിലതിന്റെ ആശയങ്ങൾ ഇങ്ങനെ വായിക്കാം. അല്ലാഹു പറഞ്ഞു: “മുസ്ലിംകളേ, സന്തോഷിക്കൂ! സന്തോഷിക്കൂ! ഇതാണ് നിങ്ങളുടെ നാഥൻ. സ്വർഗ്ഗത്തിന്റെ കവാടങ്ങളിൽ നിന്ന് അവൻ നിങ്ങൾക്കായി ഒരു വാതിൽ തുറന്നു തന്നിരിക്കുന്നു, നിങ്ങളെക്കുറിച്ച് മലക്കുകളോട് അഭിമാനത്തോടെ പറഞ്ഞുകൊണ്ട്. അവൻ പറയുന്നു: എന്റെ ദാസന്മാരെ നോക്കൂ. അവർ ഒരു കടമ നിറവേറ്റി, അടുത്തതിനുവേണ്ടി കാത്തിരിക്കുന്നു.”

    അല്ലാഹു അവന്റെ മലക്കുകളുടെ സന്നിധിയിൽ മനുഷ്യരുടെ നിസ്കാരത്തെയും ആരാധനയെയും പ്രശംസിച്ചുകൊണ്ട് പറയുന്ന കാര്യങ്ങൾ അവനിൽ നിന്നു തന്നെ നേരിട്ട് തിരുദൂതർﷺ ഉദ്ധരിക്കുകയാണ്. അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) ഇബ്നുമാജ(റ)യും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

    അല്ലാഹു പറഞ്ഞു: ആദമിന്റെ പുത്രാ, ദിവസത്തിന്റെ പ്രാരംഭത്തിൽ എനിക്ക് വേണ്ടി രണ്ട് റക്അത്ത് നിസ്കരിക്കാൻ ഉറപ്പ് നൽകൂ, ബാക്കിയുള്ളതിന് ഞാൻ നിനക്ക് ജാമ്യം നിൽക്കാം.ഇബ്നു ഉമറി(റ)ൽ നിന്ന് തബ്റാനി(റ) ഉദ്ധരിക്കുന്ന ഹദീസിൽ തിരുനബിﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്.

    പ്രഭാതത്തിലെ നിസ്കാരത്തിൻ്റെ മഹത്വം പറയുമ്പോൾ അല്ലാഹു തന്നെ നേരിട്ട് പ്രശംസിക്കുകയും പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്ത നിസ്കാരമാണ് എന്ന് പഠിപ്പിക്കാൻ ഉദ്ധരിച്ച കാര്യമാണിത്.

    ദിവസത്തിന്റെ തുടക്കത്തിൽ നാല് റക്അത്ത് നിസ്കരിക്കാൻ നിങ്ങൾക്ക് കഴിയാതെ വരരുത്, ബാക്കിയുള്ളത് ഞാൻ നിങ്ങൾക്ക് മതിയാക്കാം. കസീർ ബിൻ മുർറ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിച്ചത് കാണാം. നഈം ബിൻ ഹമ്മാറി(റ)ന്റെ പരമ്പരയിൽ ഇമാം അഹ്മദും(റ) അബൂദാവൂദും(റ) ഇത് ഉദ്ധരിച്ചിട്ടുണ്ട്.

    സർവ്വശക്തനായ അല്ലാഹു പറഞ്ഞു: നിസ്കാരം സ്ഥാപിക്കുന്നതിനും സകാത്ത് നൽകുന്നതിനുമായി നാം പണം അവതരിപ്പിച്ചു. ആദമിന്റെ മകന് ഒരു താഴ്‌വരയുണ്ടെങ്കിൽ, അവൻ ഒരു രണ്ടാം താഴ്‌വര ലഭിക്കാൻ ആഗ്രഹിക്കും. രണ്ട് താഴ്‌വരകളുണ്ടെങ്കിൽ, മൂന്നാമതൊന്ന് ലഭിക്കാൻ അവൻ ആഗ്രഹിക്കും. ആദമിന്റെ മകന്റെ വയറ് നിറയ്ക്കുന്നത് മണ്ണല്ലാതെ മറ്റൊന്നുമല്ല. അപ്പോൾ പശ്ചാത്തപിക്കുന്നവന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നു.

    ഭൗതികമായ സമ്പാദ്യങ്ങൾ മുഴുവനും നൽകിയത് സൗകര്യങ്ങൾ ഉപയോഗിച്ചു അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടിയാണ്. എന്നാൽ മനുഷ്യൻ ഭൗതിക ഭ്രമത്തിലാണ് വ്യവഹരിക്കുന്നത്. അവൻ്റെ ഭൗതിക താൽപര്യം ഒരിക്കലും ഒടുങ്ങുകയില്ല. മരണംവരെ ഒന്നിനുമേൽ ഒന്നിനെ അവൻ താല്പര്യപ്പെട്ടു കൊണ്ടിരിക്കുന്നു. മരണത്തോടെ മാത്രമേ ആർത്തിയും ആഗ്രഹവും അവസാനിക്കുകയുള്ളൂ. എന്നിങ്ങനെയുള്ള മാനുഷിക പ്രകൃതിയുടെ നേരായ അവസ്ഥകളെ കുറിച്ചാണ് അല്ലാഹുവിൽ നിന്ന് നേരിട്ട് തിരുനബിﷺ വിവരങ്ങൾ പകർന്നു തരുന്നത്.

    അബൂ വാഖിദ് അൽ ലൈതി(റ)യുടെ നിവേദനത്തിൽ നിന്ന് ഇമാം അഹ്മദും(റ) തബ്റാനി(റ)യും ഉദ്ധരിക്കുന്ന ഹദീസിന്റെ ആശയമാണ് മേൽ സൂചിപ്പിച്ചത്. അല്ലാഹു പറഞ്ഞതായി തിരുനബിﷺ പറയുന്ന ഇത്തരം ഹദീസുകളിൽ വളരെ സവിശേഷമായ ആശയങ്ങളും വിചാരതലങ്ങളുമുണ്ട്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...