Tweet 1203

    Tweet 1203
    September 29, 2025 • Monday
    Post Header

    തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളിൽ ഖുർആനിക സൂക്തങ്ങൾക്ക് നൽകിയ സവിശേഷമായ വ്യാഖ്യാനങ്ങളും പ്രയോഗ സാരങ്ങളുമാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ഖുർആനിൽ വന്ന സ്വലാത്തുൽ വുസ്ത്വാ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അസ്വർ നിസ്കാരം അഥവാ സായാഹ്ന നിസ്ക്കാരമാണെന്ന് തിരുനബിﷺ തന്നെ വിശദീകരിക്കുന്ന ഹദീസ് ഇമാം തുർമുദി(റ)യും ഇബ്നു ഹിബ്ബാനും(റ) അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്.

    ആലു ഇംറാൻ ഏഴാം സൂക്തത്തിലെ ”ഹൃദയങ്ങളിൽ വ്യതിചലനമുള്ളവരെ സംബന്ധിച്ചിടത്തോളം” എന്ന പ്രയോഗവും “ചില മുഖങ്ങൾ വെളുത്തതും ചില മുഖങ്ങൾ കറുത്തതുമായി മാറുന്ന ദിവസം” എന്ന 106ആം സൂക്തത്തിലെ ചിലരുടെ മുഖങ്ങൾ കറുത്തുപോകും എന്നതിൻ്റെ ഉദ്ദേശ്യവും ഖവാരിജുകളെ സംബന്ധിച്ചാണെന്ന് ഇമാം അഹ്മദും(റ) മറ്റും അബൂ ഉമാമ(റ)യിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്.

    ആലു ഇംറാനിലെ 102 ആം സൂക്തത്തിന് അല്ലാഹുവിൻ്റെ കല്പനകളിൽ ഒന്നും ലംഘിക്കാതെ അല്ലാഹുവിൻ്റെ കൽപ്പനകളെ പൂർണമായും അനുസരിക്കുന്നവർ, അല്ലാഹുവിനെ ഒരിക്കലും മറക്കാതെ നിരന്തരമായി ഓർക്കുന്നവർ എന്ന വ്യാഖ്യാനം അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ൽ നിന്ന് ഹാക്കിം(റ) ഉദ്ധരിക്കുന്നുണ്ട്.

    ആലു ഇംറാനിലെ 180 ആം സൂക്തത്തിന് സമ്പന്നരായ ആളുകൾ അവരുടെ സമ്പത്തിന് സക്കാത്ത് കൊടുക്കാത്ത പക്ഷം അനുഭവിക്കേണ്ടിവരുന്ന ശിക്ഷയുടെ വിശദമായ ഒരാഖ്യാനം തിരുനബിﷺ തന്നെ നൽകിയിട്ടുണ്ട്. ഏതുവിധമായിരിക്കും തങ്ങളുടെ സ്വത്തുക്കൾ അവരെ ഹിംസ്രജന്തുക്കളായി ആക്രമിക്കുകയും ശിക്ഷിക്കുകയും ചെയ്യുക എന്നതാണ് അതിൻ്റെ ആകെത്തുക.

    ഖുർആനിന്റെ ആഖ്യാനവും വ്യാഖ്യാനവുമാണ് തിരുനബിﷺയുടെ ജീവിതം എന്നിരിക്കെ തന്നെ ഖുർആനിലെ പ്രയോഗങ്ങൾക്കും പദാവലികൾക്കും സവിശേഷമായ വ്യാഖ്യാനങ്ങൾ വ്യത്യസ്ത സന്ദർഭങ്ങളിൽ തിരുനബിﷺ നൽകിയിട്ടുണ്ട്. പ്രാഥമിക അനുവാചകരായ അറബ് നാട്ടിലെ ആളുകൾ ലോകത്തെ ഏറ്റവും വലിയ അറബ് സാഹിത്യത്തിൻ്റെ സാമ്രാട്ടുകളായിരിക്കുമ്പോഴും ഖുർആനിക സൂക്തങ്ങളുടെ ശരിയായ സാരങ്ങൾ തിരുനബിﷺ തന്നെ പറഞ്ഞും പ്രയോഗിച്ചും വിശദീകരിക്കേണ്ടതുണ്ടായിരുന്നു. അത്രമേൽ സാരങ്ങൾ ഉൾക്കൊള്ളുന്നതും തിരുനബിﷺ തന്നെ വ്യാഖ്യാനിച്ചു കൊടുക്കേണ്ടതുമായിരുന്നു പരിശുദ്ധ ഖുർആൻ. കേവലം ഭാഷാജ്ഞാനം കൊണ്ട് മാത്രം പൊരുൾ മനസ്സിലാക്കപ്പെടുന്നതല്ല ഖുർആൻ എന്നതിന്റെ ന്യായവും ഇതുതന്നെയാണ്.

    സീറാ ഗ്രന്ഥങ്ങളിലും ഹദീസ് ഗ്രന്ഥങ്ങളിലും പരിശുദ്ധ ഖുർആനിലെ നിരവധി സൂക്തങ്ങൾക്ക് സാങ്കേതികമായി തന്നെ തിരുനബിﷺ തങ്ങൾ നൽകിയ വ്യാഖ്യാനങ്ങളുടെ സ്വതന്ത്രമായ അധ്യായങ്ങൾ തന്നെയുണ്ട്. ഖുർആനിന്റെ അടിസ്ഥാന ഭാഷയുടെ സ്വഭാവഗുണങ്ങൾ ഭാഷാന്തരം ചെയ്യപ്പെടുന്ന മറ്റു ഭാഷകൾക്ക് വശപ്പെട്ടു കൊള്ളണമെന്നില്ല. ലോകത്തെ എല്ലാ ഭാഷകളിൽ നിന്നും വ്യത്യസ്തമായി അറബി ഭാഷയ്ക്ക് അതിന്റേതായ സമഗ്രതയും കുറഞ്ഞ പദങ്ങളിൽ കൂടുതൽ ആശയങ്ങളെ ഉൾക്കൊള്ളാനുള്ള വ്യാപ്തിയും വിശാലതയും ഒക്കെയുണ്ട്. ഖുർആൻ അറബിയിൽ അവതരിപ്പിച്ചു എന്ന് പ്രത്യേകം എടുത്തു പറയുമ്പോൾ പ്രസ്തുത ഭാഷയ്ക്കുള്ള സവിശേഷമായ സമഗ്രതയും വിശാലതയും കൂടി അതിലുണ്ട്. ഖുർആനിലെ പദങ്ങൾക്കും ക്രമങ്ങൾക്കും അമാനുഷികമായ ഭാവങ്ങൾ നിലനിൽക്കുന്നതും പ്രപഞ്ചാധിപനായ അല്ലാഹു അറബി ഭാഷയിൽ നിക്ഷേപിച്ചിട്ടുള്ള സവിശേഷതകൾ കൂടി ഉൾക്കൊണ്ടുകൊണ്ടാണ്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...