Tweet 1202

    Tweet 1202
    September 28, 2025 • Sunday
    Post Header

    തിരുനബിﷺയുടെ വൈജ്ഞാനിക പ്രപഞ്ചത്തെ വായിക്കുമ്പോൾ, പരിശുദ്ധ ഖുർആനാണല്ലോ അവിടുന്ന് ജീവിതത്തിൽ മുഴുവനും ആവിഷ്കരിച്ചത്. ഖുർആൻ പൊരുളുകളെ പറഞ്ഞും പുലർത്തിയും വിശദീകരിച്ചും പ്രയോഗിച്ചും സാഹചര്യങ്ങളോട് ചേർത്തുവച്ച് പാരായണം ചെയ്തും ഒക്കെ ആണല്ലോ കഴിഞ്ഞുപോയത്. വൈജ്ഞാനിക വിസ്മയങ്ങൾ തീർത്ത ആ മഹാജീവിതത്തിൽ ചില ഖുർആനിക സൂക്തങ്ങളെ വായിക്കുകയും വിശദീകരിക്കുകയും ചെയ്തതിനുള്ള ചില ഉദാഹരണങ്ങൾ കൂടി നമുക്ക് പങ്കുവെക്കാം.

    പരിശുദ്ധ ഖുർആനിലെ ഒന്നാം അധ്യായം അൽ ഫാത്തിഹയിലെ അല്ലാഹുവിൻ്റെ കോപം സൃഷ്ടിച്ചവർ എന്നതിന് ജൂതന്മാർ എന്നും മാർഗ്ഗ ഭ്രംശം സംഭവിച്ചവർ എന്നതിന് നസ്രാണികൾ എന്നും തിരുനബിﷺ നൽകിയ വ്യാഖ്യാനം ഇമാം അഹ്മദും(റ) തുർമുദി(റ)യും രേഖപ്പെടുത്തുന്നുണ്ട്.

    വിശുദ്ധ ഖുർആനിലെ രണ്ടാം അധ്യായം അൽ ബഖറയിലെ 58 -ാമത്തെ സൂക്തം വിശദീകരിച്ചുകൊണ്ട് തിരുനബിﷺ പറഞ്ഞു. ഇസ്രയേൽ ജനതയോട് അല്ലാഹുവിന് സാഷ്ടാംഗം ചെയ്തുകൊണ്ട് പ്രവേശിക്കാൻ കൽപ്പിക്കപ്പെട്ടപ്പോൾ അവർ പിൻഭാഗം കൊണ്ട് നിരങ്ങി പ്രവേശിക്കാൻ വന്നു. അല്ലാഹു കൽപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായി അവർ പ്രവർത്തിച്ചു.

    ഹദീസിൽ സൂചിപ്പിച്ച ഖുർആനിക സൂക്തത്തിന്റെ പ്രാഥമിക ആശയം ഇങ്ങനെയാണ്. “നിങ്ങള്‍ ഈ പട്ടണത്തില്‍ പ്രവേശിക്കുവിന്‍. അവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തുനിന്ന് യഥേഷ്ടം ഭക്ഷിച്ചുകൊള്ളുവിന്‍. തലകുനിച്ചുകൊണ്ട് വാതില്‍ കടക്കുകയും പശ്ചാത്താപ വചനം പറയുകയും ചെയ്യുവിന്‍.”

    നരകത്തിലെ വൈൽ എന്ന താഴ്‌വരയെ കുറിച്ച് തിരുനബിﷺ നൽകിയ വിശദീകരണം ഇപ്രകാരമാണ്. 40 ശരത്ക്കാലം അടിത്തട്ടിൽ പോലും എത്താതെ കഴിയേണ്ടിവരുന്ന നരകത്തിലെ ഒരു താഴ്‌വര.

    പല കുറ്റങ്ങളെയും പരാമർശിക്കുമ്പോൾ അല്ലാഹു നരകത്തിൽ ഒരുക്കി വെച്ചിരിക്കുന്ന ശിക്ഷയുടെ താഴ്‌വരകളെക്കുറിച്ച് പരാമർശിക്കാറുണ്ട്. അതിൽ വളരെ ഗൗരവത്തോടുകൂടി എടുത്തു പറയപ്പെടുന്ന ഒരു താഴ്‌വരയാണ് വൈൽ.

    അബൂ സഈദ് അൽ-ഖുദ്‌രി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇമാം അഹ്മദ്(റ) പറയുന്നു. അല്ലാഹുവിന്റെ ദൂതൻﷺ പറഞ്ഞു. ഖുർആനിലെ പ്രാർഥന പരാമർശിച്ചിരിക്കുന്ന ഓരോ അക്ഷരവും അനുസരണമാണ് അഥവാ സവിശേഷമായ ആരാധനയാണ്.

    വിശുദ്ധ ഖുർആൻ രണ്ടാം അധ്യായം അൽ ബഖറയിലെ 143 ആമത്തെ സൂക്തം വിശദീകരിച്ചുകൊണ്ട് ‘ഉമ്മതൻ വസത്വൻ’ എന്ന പ്രയോഗത്തെ നീതിയുക്തമായ ജനതയെന്നും അവരുടെ നീതിബോധത്തെക്കുറിച്ച് തിരുനബിﷺ സാക്ഷിയാണെന്നും അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങൾ സത്യസന്ധമായി തിരുനബിﷺ എത്തിച്ചു തന്നു എന്നതിന് സ്വഹാബികൾ സാക്ഷിയാണെന്നും മറ്റുമുള്ള വിശദീകരണങ്ങൾ തിരുനബിﷺയുടെ വ്യാഖ്യാനത്തിലുണ്ട്.

    അൽ ബഖറയിലെ തന്നെ 152 ആമത്തെ സൂക്തം വിശദീകരിക്കുമ്പോൾ എന്നെ ഓർക്കുവിൻ ഞാൻ നിങ്ങളെയും ഓർക്കും എന്ന് പ്രാഥമിക ആശയമുള്ള സൂക്തത്തെ, എനിക്കുള്ള ആരാധനകൾ നിർവഹിച്ചുകൊണ്ട് നിങ്ങളെന്നെ സ്മരിക്കുമ്പോൾ നിങ്ങൾക്ക് പാപമുക്തിയും വിട്ടുവീഴ്ചയും ഔദാര്യവും നൽകി ഞാൻ നിങ്ങളെ സ്മരിക്കുമെന്ന വിശദീകരണം തിരുനബിﷺ തന്നെ പറയുന്നുണ്ട്. ഇമാം അഹ്മദും(റ) ഹാക്കിമും(റ) മറ്റും നിവേദനം ചെയ്തതിൽ നിന്ന് ഇവ വായിക്കാൻ കഴിയും.

    അറിയപ്പെട്ട മാസങ്ങളിലാണ് ഹജ്ജ് എന്ന ആശയം നൽകുന്ന സൂക്തത്തിന് ശവ്വാൽ, ദുൽഖഅദ്, ദുൽഹിജ്ജ എന്നിങ്ങനെ വ്യക്തമാക്കി പറയുന്ന ഹദീസ് അബൂ ഉമാമ(റ)യിൽ നിന്ന് ഇമാം ത്വബറാനി(റ) നിവേദനം ചെയ്യുന്നുണ്ട്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...