
തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളെ അനുഭവങ്ങളിൽ നിന്നും സാക്ഷ്യപ്പെടുത്തുന്ന ഒരു നിവേദനം കൂടി ഇങ്ങനെ വായിക്കാം. ഹിലാൽ ബിൻ ആമിർ അൽ മുസനീ(റ) രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ പിതാവ് പറഞ്ഞു. മിനയിൽ വച്ച് തിരുനബിﷺ ജനങ്ങൾക്ക് വിജ്ഞാനം പകർന്നു നൽകുന്നത് ഞാൻ കണ്ടു. ഒരു ചുവന്ന പുതപ്പായിരുന്നു അപ്പോൾ തിരുനബിﷺ ശരീരത്തണിഞ്ഞിരുന്നത്. തിരുനബിﷺ പറയുന്ന ഓരോ കാര്യങ്ങളും അലിയ്യ് ബിൻ അബീത്വാലിബ്(റ) ജനങ്ങൾക്കുവേണ്ടി വിശദീകരിച്ചു കൊടുക്കുന്നുണ്ടായിരുന്നു. തിരുനബിﷺയുടെ ചെരുപ്പിന്റെ വാറിന്റെയും തിരുപാദത്തിന്റെയും ഇടയിൽ എനിക്ക് സ്പർശിക്കാൻ അവസരമുണ്ടായി. ആശ്ചര്യകരമായ ഒരു തണുപ്പായിരുന്നു എനിക്ക് അനുഭവിക്കാനായത്.
സന്ദർഭോചിതമായ വിജ്ഞാനങ്ങൾ പകർന്നു നൽകാനും അനുവാചകർക്ക് ആവശ്യമായവിധം വിശദീകരിക്കാനുമുള്ള തിരുനബിﷺയുടെ വൈജ്ഞാനിക ഇടപെടലിനെ അനുഭവത്തിൽനിന്ന് പകർത്തിയതാണ് ഈ സ്വഹാബി. ശിഷ്യന്മാരായ സ്വഹാബികൾ തിരുനബിﷺയോട് എത്രമേൽ ചേർന്നും അടുത്തും ഇഴചേർന്നു നിൽക്കാനായി എന്നതിൻ്റെ ഹൃദ്യമായ ഒരു രംഗം കൂടി അനുബന്ധമായി അദ്ദേഹം ചേർത്തു എന്ന് മാത്രം.
തിരുനബിﷺ അറഫയിൽ വച്ച് നടത്തിയ സംഭാഷണത്തെക്കുറിച്ച് അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൻ്റെ ശകലം ഇങ്ങനെയാണ്. റബീഅ ബിൻ ഉമയ്യത്തുബ്നു ഖലഫി(റ)നെ തിരുനബിﷺയുടെ വാഹനത്തിൻ്റെ അടുത്തേക്ക് വിളിച്ചു. അദ്ദേഹം നല്ല ശബ്ദമുള്ള ആളായിരുന്നു. അദ്ദേഹത്തോട് പറഞ്ഞു, ഓ ജനങ്ങളെ എന്ന് വിളംബരം ചെയ്യുക. ഇതേതു മാസമാണെന്ന് നിങ്ങൾക്കറിയുമോ? അദ്ദേഹം അത് ഉറക്കെ വിളിച്ചു പറഞ്ഞു. ജനങ്ങൾ പറഞ്ഞു, ഇത് പുണ്യ മാസമാണ് അഥവാ ശഹ്റുൽ ഹറാം. ഇതേതു ദേശമാണ്? തിരുനബിﷺ പറഞ്ഞത് റബീഅ വിളിച്ചു പറഞ്ഞു. ശേഷം തിരുനബിﷺയുടെ ഓരോ വാക്കുകളും അദ്ദേഹം ഏറ്റു വിളംബരം ചെയ്യുന്നുണ്ടായിരുന്നു. ഏതു നാടാണ് ഇത് എന്ന് ചോദ്യത്തിന് ഇത് പുണ്യദേശം എന്നായിരുന്നു ജനങ്ങളുടെ മറുപടി. തുടർന്ന് തിരുനബിﷺ പറഞ്ഞു. ഈ മാസത്തിന്റെയും ദേശത്തിന്റെയും മഹത്വം പോലെ നിങ്ങളുടെ ഓരോരുത്തരുടെയും രക്തത്തിനും സ്വത്തിനും മഹത്വമുണ്ട്. പരസ്പരം അത് അപഹരിക്കൽ നിഷിദ്ധമാണ്.
തിരുനബിﷺയുടെ വിശ്വപ്രസിദ്ധമായ അറഫാ പ്രഭാഷണത്തിന്റെ ഭാഗമായിരുന്നു ഇത്.
സ്വഹാബികളും ആഗതരും തിരുനബിﷺയോട് നിരന്തരമായി കാര്യങ്ങൾ അന്വേഷിക്കുകയും ഉചിതമായ രൂപത്തിൽ തന്നെ തിരുനബിﷺ അവർക്കെല്ലാം നിവാരണങ്ങൾ നൽകുകയും ചെയ്തിരുന്നു. അനസുബ്നു മാലിക്(റ) നിവേദനം ചെയ്യുന്നു. അൻസ്വാരിയായ ഒരു സ്വഹാബി നബിﷺയോട് ചോദിച്ചു. ചില വാചകങ്ങളെ കുറിച്ച് ഞാൻ അവിടുത്തോട് അന്വേഷിക്കുകയാണല്ലോ? തിരുനബിﷺ പറഞ്ഞു. അവിടെ ഇരിക്കൂ. അല്പം കഴിഞ്ഞ് സകീഫ് ഗോത്രത്തിലെ ഒരാൾ വന്നു. അദ്ദേഹം പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, ചില വാചകങ്ങളുടെ പൊരുൾ ഞാൻ അന്വേഷിക്കുകയാണ്. അപ്പോൾ തിരുനബിﷺ പറഞ്ഞു, നിങ്ങളെക്കാൾ നേരത്തെ ചോദ്യം ചോദിച്ച അൻസ്വാരി ഇവിടെയുണ്ട്. അപ്പോൾ അൻസ്വാരി പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, അദ്ദേഹം പരദേശിയാണല്ലോ? അദ്ദേഹത്തോട് ഒരു കടപ്പാടുണ്ടല്ലോ? അതുകൊണ്ട് അദ്ദേഹത്തിന് ആദ്യം അവിടുന്ന് മറുപടി കൊടുത്താലും. അപ്പോൾ തിരുനബിﷺ സകീഫ് ഗോത്രക്കാരന് നേരെ അഭിമുഖമായിരുന്നു. എന്നിട്ട് പറഞ്ഞു, ചോദിച്ചോളൂ ഞാൻ പറയാം. അദ്ദേഹം നിസ്കാരത്തിലെ കർമങ്ങളെ കുറിച്ചും ദാനധർമം, നോമ്പ് എന്നിവയെക്കുറിച്ചും ഒക്കെ ചോദിച്ചു. തിരുനബിﷺ പറഞ്ഞുകൊടുത്തു. അപ്പോൾ എൻ്റെ ധാരണ തെറ്റിയിട്ടില്ല എന്നും മറ്റും പറഞ്ഞുകൊണ്ടാണ് സംഭാഷണം അവസാനിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
