
തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളെ കുറിച്ചാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ചില സന്ദർഭങ്ങളിൽ വിഷയങ്ങളുടെ ആമുഖം ചോദിച്ചാൽ തന്നെ ആകത്തുകയും അവിടുന്ന് പറഞ്ഞു കൊടുക്കുമായിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. ഒരു പുരുഷൻ തിരുനബിﷺയോട് ചോദിച്ചു. ഇഹ്റാമിൽ പ്രവേശിച്ചവൻ അഥവാ ഹജ്ജിനും ഉംറക്കും ഉദ്ദേശിച്ച് പ്രത്യേക നിയന്ത്രണത്തിൽ പ്രവേശിക്കുന്നവൻ എന്താണ് ധരിക്കേണ്ടത്? അവിടുന്ന് ഇപ്രകാരം പറഞ്ഞു: “അയാൾ കുപ്പായം, തലപ്പാവ്, പൈജാമ, വർസ്സ് അഥവാ മഞ്ഞനിറമുള്ള ഒരുതരം ചെടി, അല്ലെങ്കിൽ കുങ്കുമം അഥവാ സഅ്ഫറാൻ പുരണ്ട വസ്ത്രം, ചെരിപ്പില്ലെങ്കിൽ ഖുഫ്ഫ് അഥവാ പ്രത്യേകതരത്തിലുള്ള കാലുറ എന്നിവ ധരിക്കരുത്. ചെരിപ്പില്ലെങ്കിൽ ഖുഫ്ഫ് ധരിക്കാം. പക്ഷെ, അവൻ അവയെ മടമ്പിന്റെ ഭാഗവും മറ്റും മുറിച്ച് ഓപ്പണാക്കി ഇരിക്കണം.
പ്രാഥമികമായ ഒരു വിവരാന്വേഷണത്തിന് വിശദമായ അവലോകനം നൽകി ചോദ്യകർത്താവിന്റെ കർമം സമ്പൂർണ്ണമാകുന്നതിനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു തിരുനബിﷺ. ഈ ചോദ്യവും ഉത്തരവും പ്രാഥമികമായി നടന്നതിനപ്പുറം ഒരായിരം ആളുകളിലേക്ക് ഉദ്ധരിക്കപ്പെടുകയും രേഖപ്പെടുത്തപ്പെടേണ്ട നിയമങ്ങൾക്ക് പ്രമാണമായി വരികയും ചെയ്തു. തിരുനബിﷺയുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും അന്ത്യനാൾ വരെയുള്ള ജനങ്ങൾക്ക് വിശ്വാസപരമായോ അനുഷ്ഠാനപരമായോ നിവാരണങ്ങൾ നൽകുന്നതായിരിക്കും.
നബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങൾ കേവലം വിവരകൈമാറ്റത്തിന് അപ്പുറം ചില സന്ദർഭങ്ങളിൽ ഒക്കെ വ്യക്തികളോടുള്ള പെരുമാറ്റത്തിന്റെ മികച്ച ഉദാഹരണം കൂടിയായിരുന്നു. ഗ്രാമീണനായ ഒരു മനുഷ്യൻ തന്റെ അനുഭവം പങ്കുവെക്കുന്നു. അബുൽ ഹാരിസും(റ) അബൂ ശൈബ(റ)യും സ്വീകാര്യമായ നിവേദന പരമ്പരയിലൂടെ അബൂ ഖതാദ(റ)യിൽ നിന്നും അബുദ്ദഹ്മാഅ്(റ)യിൽ നിന്നും എടുത്തുദ്ധരിക്കുന്നു. ഒരു ഗ്രാമീണൻ അവരുടെ സമീപത്ത് എത്തി. ആ ഗ്രാമീണൻ പറഞ്ഞു. അല്ലാഹുവിൻ്റെ തിരുദൂതർﷺ എൻ്റെ കൈ പിടിച്ചു. അവിടുത്തേക്ക് അല്ലാഹു പഠിപ്പിച്ചത് എന്നെ പഠിപ്പിക്കാൻ തുടങ്ങി. എന്നിട്ട് പറഞ്ഞു: “അല്ലാഹുവിനെ ഭയന്ന് നീ എന്തുകാര്യം ഉപേക്ഷിച്ചാലും അതിനേക്കാൾ ഉത്തമമായതിനെ അല്ലാഹു നിനക്ക് തരാതിരിക്കില്ല.”
അതിസമഗ്രമായ ഒരാശയത്തെ വളരെ ലളിതമായി കൈമാറിയിരിക്കുന്നു എന്നതിനപ്പുറം ഒരു ഗ്രാമീണനോടുള്ള തിരുനബിﷺയുടെ സഹവാസത്തിന്റെ മികച്ച ഉദാഹരണം കൂടിയാണിത്. തിരുനബിﷺ കേവലമായ പ്രസ്താവനകളുടെയും സന്ദേശങ്ങളുടെയും മാത്രം സാരഥിയായിരുന്നില്ല. ബൃഹത്തായ ഒരു സംഹിതയുടെ അതി സമഗ്രമായ കൈമാറ്റം ഏറ്റവും ലളിതവും മനോഹരവുമായി നിർവഹിക്കുകയായിരുന്നു അവിടുന്ന്.
പറയാനും പ്രസ്താവന ഇറക്കാനും മാത്രമുള്ള ഒരു നേതാവായിരുന്നില്ല. മറ്റുള്ളവരെ കേൾക്കാനും സഹിഷ്ണുതയോടെ സംബോധനകൾ നിർവഹിക്കാനും അവിടുത്തേക്ക് സാധിച്ചിരുന്നു.
ഇമാം അഹ്മദും(റ) അബൂ യഅ്ല(റ)യും അബൂ ഉമാമ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരു ജനതയുടെ അടുത്തേക്ക് പുറപ്പെട്ടു, എന്നിട്ട് കഥകൾ പറയുന്ന ഒരാൾ പറയുന്നത് കേൾക്കാൻ ഇരുന്നു. നബിﷺയെ കണ്ടതും അയാൾ കഥ പറച്ചിൽ നിർത്തി. അപ്പോൾ അവിടുന്ന് കഥ പറയുന്നവനോട് പറഞ്ഞു: നിങ്ങൾ കഥ പറഞ്ഞോളൂ. രാവിലെ മുതൽ ഏറെ നേരം നിങ്ങളെ കേട്ടിരിക്കുന്നതിനാല് അടിമകളെ മോചിപ്പിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ട കാര്യമാണ്.
നല്ല കഥകൾ കേൾക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും വേണ്ടതാണെന്ന് പഠിപ്പിക്കുകയായിരുന്നു ഇവിടെ. അനുവദിക്കപ്പെട്ട ആഖ്യാനങ്ങളും വൈജ്ഞാനിക രീതികളും എത്ര മനോഹരമായിട്ടാണ് തിരുനബിﷺ പങ്കുവെക്കുന്നത്.
