Tweet 120

    Tweet 120
    October 12, 2022 • Wednesday
    Post Header

    പ്രയാണം ഏഴാം വിതാനത്തിലേക്കെത്തി. മറ്റു വിതാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇടിമിന്നലുകൾ കേൾക്കുന്നു; അനുഭവപ്പെടുന്നു. ജിബ്‌രീൽ (അ) നബി ﷺ യെ ആനയിച്ച് ആകാശക്കവാടത്തിലെത്തി. സാധാരണ സ്വാഗത സംഭാഷണങ്ങൾ കഴിഞ്ഞു. നബി ﷺ യെ സവിശേഷമായ പ്രാർഥനാ വാചകങ്ങൾ കൊണ്ട് മംഗളം നേർന്നു. ഏഴാം വിതാനത്തിന്റെ കവാടം തുറന്നതോടെ തസ്ബീഹിന്റെ അഥവാ, അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുന്ന വാചകങ്ങൾ കേൾക്കാൻ തുടങ്ങി. അതായിരിക്കുന്നു ഇബ്രാഹീം അലൈഹിസ്സലാം. മുത്ത് നബി ﷺ യെ അവിടുന്ന് പ്രത്യേകം സ്വീകരിച്ചു. ‘സദ്‌വൃത്തരായ പ്രവാചകനും പുത്രനുമായവരേ, സ്വാഗതം !’ എന്ന് പറഞ്ഞു സന്തോഷം പങ്കുവച്ചു. ശേഷം മുത്ത് നബി ﷺയോട് പറഞ്ഞു; ‘അവിടുത്തെ സമുദായത്തോട് സ്വർഗത്തിലേക്ക് വിളവിറക്കാൻ പറയണം. അവിടുത്തെ മണ്ണ് വിശാലവും പരിശുദ്ധവുമാണ് ‘. അപ്പോൾ ചോദിച്ചു : ‘എന്താണ് സ്വർഗത്തിലെ വിള?’ അവിടുന്ന് പറഞ്ഞു. ‘ലാഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹിൽ അലിയ്യിൽ അളീം’ എന്ന മന്ത്രമാണ്. ഒരു നിവേദനത്തിൽ ഇങ്ങനെയും കൂടി കാണാം. ‘ഇബ്രാഹീം നബി (അ) മുത്ത് നബി ﷺ യോട് പറഞ്ഞു, അവിടുത്തെ സമുദായത്തിന് എന്റെ അഭിവാദ്യം അറിയിക്കുക. എന്നിട്ടവരോട് പറയണം , സ്വർഗത്തിന്റെ മണ്ണ് വിശാലവും വിചിത്രവുമാണ്. അവിടെ വിളവിറക്കാൻ പറയുക. വിളവ് എന്താണെന്നല്ലേ? ‘സുബ്ഹാനല്ലാഹി വൽ ഹംദുലില്ലാഹി വ ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ'(അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുന്നു. അവനാണ് സർവസ്തുതിയും. അവനാണ് ഏറ്റവും ഉന്നതൻ) എന്ന മന്ത്രമാണ് സ്വർഗത്തിലെ വിള’.
    ഇബ്രാഹീം നബി (അ)യുടെ അടുക്കൽ ഒരു പറ്റം ആളുകൾ ഇരിക്കുന്നു. അവർ നല്ല വെളുത്ത പ്രസന്ന മുഖമുള്ളവരാണ്. നല്ല തൂവെള്ള ഭാവം. അടുത്ത് വേറെ കുറച്ചാളുകൾ. അവർ അൽപ്പം നിറം മങ്ങിയവരാണ്. അവർ ഒരരുവിയിൽ കയറിയിറങ്ങിയപ്പോഴേക്ക് ഭാവം മാറി. ശേഷം, അവരും ആദ്യത്തെ വിഭാഗത്തോടൊപ്പമിരുന്നു. നബി ﷺ ജിബ്‌രീലി (അ)നോട് ചോദിച്ചു. ‘ഈ രണ്ടുവിഭാഗം ആരാണ്?’ മറുപടി പറഞ്ഞു; ‘ആദ്യത്തെ വിഭാഗം ലവലേശം അരുതായ്മകൾ കലരാത്ത വിധം നന്മകൾ ചെയ്തവരാണ്. രണ്ടാമത്തെ വിഭാഗം നന്മകൾക്കൊപ്പം അബദ്ധങ്ങൾ കൂടി ചെയ്തു പോയവരാണ്. അവർ പാപമോചനം എന്ന അരുവിയിൽ നിന്ന് ശുദ്ധിവരുത്തി നല്ലവരോടൊപ്പം ചേർന്നു. ഇക്കാണുന്ന പുഴകളിൽ ഒന്നാമത്തേത് അല്ലാഹുവിന്റെ കരുണയും. രണ്ടാമത്തേത് അല്ലാഹുവിന്റെ അനുഗ്രഹവും മൂന്നാമത്തേത് വിശുദ്ധ പാനീയവുമാണ് ‘.(സൂറതുൽ ഇൻസാനിലെ ഇരുപത്തിയൊന്നാമത്തെ സൂക്തം ഈ പാനീയത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.)
    ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ നബി ﷺ യോട് പറയപ്പെട്ടു. ‘ഇത് അവിടുത്തെയും സമുദായത്തിന്റെയും സ്ഥലമാണ്. നബി ﷺ യുടെ സമുദായം അവിടെ രണ്ട് വിഭാഗമായി കാണപ്പെട്ടു. ഒരു വിഭാഗം നല്ല ശുഭ്ര വസ്ത്രധാരികൾ. മറ്റൊരു വിഭാഗം അൽപ്പം പൊടിപടലങ്ങൾ പുരണ്ട വസ്ത്രം ധരിച്ചവർ. അവർ ‘ബൈതുൽ മഅ്മൂർ’ എന്ന പ്രത്യേക ഗേഹത്തിൽ പ്രവേശിച്ചു. ശുഭ്രവസ്ത്രധാരികൾ രണ്ടാം വിഭാഗത്തിന് കവചമായി. ബൈതുൽ മഅ്മൂറിൽ നിത്യേന എഴുപതിനായിരം പേർ പ്രവേശിക്കും. അന്ത്യനാൾവരെ അവർ പിന്നീടൊരിക്കലും അവിടേക്ക് മടങ്ങി വരില്ല. മക്കയിലെ കഅ്ബയുടെ നേർരേഖയിൽ ഉപരിമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന പ്രത്യേക ഭവനമാണ് ‘ബൈതുൽ മഅ്മൂർ’ എന്നാണ് ഹദീസ് പരാമർശം. വിശുദ്ധ ഖുർആനിലെ ‘അത്ത്വൂർ’ അധ്യായത്തിലെ നാലാമത്തെ സൂക്തം ഈ സവിശേഷ ഭവനത്തെ പരാമർശിക്കുന്നു’.
    ഇതിന്റെ തുടർച്ചയെന്നോണം ഇമാം ത്വബ്റാനി (റ) ഉദ്ധരിച്ച ഒരു ഭാഗം ഇങ്ങനെ വായിക്കാം : ‘നബി ﷺ യുടെ ഉപരിലോക സഞ്ചാരത്തെക്കുറിച്ച് പറയുന്നു. അത്യുന്നതങ്ങളിൽ, പ്രത്യേകിച്ചും അൽ മലഉൽ അഅ്ലാ എത്തിയപ്പോൾ ജിബ്‌രീൽ (അ) ഏറ്റവും വിനീതനായി. താഴ്മ കൊണ്ട് ഒരു പഴന്തുണി പോലെ ഒതുങ്ങി. അൽ മലഉൽ അഅ്ലാ എന്നതിന് അല്ലാഹുവിന്റെ ഏറ്റവും സമീപസ്ഥരായ മലക്കുകളുടെ ലോകം എന്നാണ് പറയപ്പെടുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...