
സ്വഹീഹുൽ ബുഖാരിയിൽ, ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. ഒരു സംഘം ആളുകൾ തിരുനബിﷺയുടെ അടുത്ത് വന്നു. അപ്പോൾ അവിടുന്ന് ചോദിച്ചു. നിങ്ങൾ ഏത് ജനതയിൽ നിന്നുള്ളവരാണ്? അവർ പറഞ്ഞു. അങ്ങ് സ്വാഗതം ചെയ്താലും. അങ്ങനെ തിരുനബിﷺ സ്വാഗതം ചെയ്തു.
നിവേദക സംഘങ്ങളെയും അതിഥികളെയും എങ്ങനെയാണ് സ്വീകരിക്കേണ്ടത് എന്ന അധ്യാപനമായിരുന്നു തുടർന്ന് ഹദീസിൽ നൽകിയത്.
ഇമാം ബുഖാരി(റ) അബൂ മസ്ഊദ് അൽ-അൻസ്വാരി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. ഒരാൾ തിരുനബിﷺയോട് പറഞ്ഞു. “ഇന്നാലിന്ന വ്യക്തി നിസ്കാരം നീട്ടുന്നത് കാരണം ഞങ്ങൾക്ക് നിസ്കരിക്കാൻ പ്രയാസമാണ്.” അല്ലാഹുവിന്റെ റസൂൽﷺ അന്ന് ദേഷ്യപ്പെട്ടുകൊണ്ട് നടത്തിയ ഒരു ഉപദേശം പോലെ മറ്റൊരു ഉപദേശവും ഞാൻ കേട്ടിട്ടില്ല. അദ്ദേഹം പറഞ്ഞു. “ഓ ജനങ്ങളേ, നിങ്ങളിൽ ആളുകളെ അകറ്റുന്നവരുണ്ട്. അതിനാൽ, ആരെങ്കിലും ആളുകൾക്ക് നിസ്കാരത്തിന് നേതൃത്വം നൽകുകയാണെങ്കിൽ, അവൻ അത് ലഘൂകരിക്കണം. കാരണം, അവരിൽ ദുർബലരും രോഗികളും പല ആവശ്യക്കാരുമുണ്ടാകും.”
ആരാധനാകർമങ്ങളിലും ആരാധനാ കർമങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോഴും ഉണ്ടായിരിക്കേണ്ട ശ്രദ്ധയും സൂക്ഷ്മതയും മറ്റുള്ളവരെ പരിഗണിക്കാനുള്ള ജാഗ്രതയുമാണ് തിരുനബിﷺ പങ്കുവെക്കുന്നത്.
സൈദ് ബിൻ ഖാലിദ് അൽ ജുഹനി(റ) പറയുന്നു. ഒരാൾ അഥവാ ഉമൈർ അബൂ മാലിക്(റ) തിരുനബിﷺയുടെ അടുക്കൽ വന്ന് ഉപേക്ഷിക്കപ്പെട്ട വസ്തുക്കളെക്കുറിച്ച് ചോദിച്ചു. അവയെ എങ്ങനെ കൈകാര്യം ചെയ്യണം? എന്ത് ചെയ്യാനാണ് എനിക്ക് അനുവാദമുള്ളത്? എന്ത് ചെയ്യാനില്ല?
മനുഷ്യരുടെ സമ്പത്ത് സംരക്ഷിക്കുക, കവർച്ച, മോഷണം, നഷ്ടപ്പെടൽ എന്നിവയിൽ നിന്ന് അതിനെ കാത്തുരക്ഷിക്കുക, അല്ലെങ്കിൽ ഒരാൾക്ക് നഷ്ടപ്പെട്ട സമ്പത്തിൽ ആർക്കും അത്യാഗ്രഹം തോന്നാതിരിക്കുക എന്നിവയാണ് ശരീഅത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഉപേക്ഷിക്കപ്പെട്ട വസ്തുക്കളുടെയും വഴിതെറ്റിപ്പോയ മൃഗങ്ങളുടെയും അഥവാ ഉപേക്ഷിക്കപ്പെട്ട വസ്തുവിൻ്റെ നിയമം വിശദീകരിക്കുന്ന ഹദീസാണിത്. എന്നാൽ, ഭൂമിയിൽ നിന്ന് ലഭിക്കുന്ന ഉടമസ്ഥതയുള്ളതും സംരക്ഷിക്കപ്പെടാത്തതും സ്വയം പ്രതിരോധിക്കാൻ കഴിവില്ലാത്തതുമായ ഏതൊരു വിലപിടിപ്പുള്ള വസ്തുവുമാണ് ലുഖത് എന്ന് തിരുനബിﷺ പറഞ്ഞു: “അതിന്റെ കെട്ടും സഞ്ചിയും ശ്രദ്ധിക്കുക.”ഹദീസിൽ പ്രയോഗിച്ച ‘അൽ-ഇഫാസ്’ എന്നാൽ അത് സൂക്ഷിക്കുന്ന പാത്രം. ‘അൽ-വികാഅ്’ എന്നാൽ ആ പാത്രം കെട്ടുന്ന ചരട്. അത് കണ്ടെത്തുന്നവർ അതിന്റെ സവിശേഷതകൾ വ്യക്തമായി മനസ്സിലാക്കണമെന്ന് തിരുനബിﷺ നിർദ്ദേശിച്ചു. ഇതിന്റെ ഉദ്ദേശ്യം, അതിന്റെ ഉടമസ്ഥൻ സത്യം പറയുന്നുണ്ടോ അതോ കള്ളം പറയുന്നുണ്ടോ എന്ന് തിരിച്ചറിയാനും, ആ വസ്തു സ്വന്തം സമ്പത്തുമായി കൂടിചേരാതിരിക്കാനുള്ള ജാഗ്രതയും കൂടിയാണിത്.
തിരുനബിﷺ പറഞ്ഞു. “പിന്നീട് ഒരു വർഷത്തേക്ക് അതിനെക്കുറിച്ച് അറിയിപ്പ് നൽകുക.” അറിയിപ്പ് നൽകുക എന്നതിൻ്റെ ഉദ്ദേശ്യം, ഉടമസ്ഥനെ കണ്ടെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും അതിനെക്കുറിച്ച് പറയുക എന്ന്. “അപ്പോൾ അതിന്റെ ഉടമസ്ഥൻ വന്നാൽ, അത് അയാൾക്ക് കൈമാറുക.” ഒരു വർഷം കഴിയുന്നതിന് മുൻപോ ശേഷമോ ഉടമസ്ഥൻ വന്നാൽ അത് അയാൾക്ക് തിരികെ നൽകണം. അല്ലെങ്കിൽ അത് താങ്കളുടേതാണ്. അതായത്, ഉടമസ്ഥൻ വരുന്നില്ലെങ്കിൽ അത് കണ്ടെത്തിയവനുള്ളതാണ്. അയാൾക്ക് ഇഷ്ടമുള്ളത് ചെയ്യാം. പിന്നീട് എപ്പോഴെങ്കിലും ഉടമസ്ഥൻ വന്നാൽ അത് അയാൾക്ക് തിരികെ നൽകണം.
പിന്നീട് ആ മനുഷ്യൻ വഴിതെറ്റിപ്പോയ ആടിനെക്കുറിച്ച് തിരുനബിﷺയോട് ചോദിച്ചു. വഴിതെറ്റിപ്പോയ ആടിനെ കണ്ടെത്തിയാൽ അത് താങ്കളുടേതാണ്. താങ്കൾ അത് എടുത്ത് ഒരു വർഷം അതിനെക്കുറിച്ച് അറിയിപ്പ് നൽകിയാൽ പിന്നെ അത് താങ്കളുടെ സ്വത്താണ്. അല്ലെങ്കിൽ, അത് താങ്കളുടെ സഹോദരന്റേതാണ്. അതായത് മറ്റൊരാൾക്ക് അത് കിട്ടും. അല്ലെങ്കിൽ അത് ചെന്നായക്ക് ഇരയാകും. അതിനാൽ, വഴിതെറ്റിപ്പോയ ആടുകൾ ഉടമസ്ഥൻ വരുന്നില്ലെങ്കിൽ അത് കണ്ടെത്തിയവനുള്ളതാണ്.
അതിനുശേഷം ആ മനുഷ്യൻ വഴിതെറ്റിപ്പോയ ഒട്ടകത്തെക്കുറിച്ച് ചോദിച്ചു. അപ്പോൾ അവിടുന്ന് വഴിതെറ്റിപ്പോയ ഒട്ടകത്തെ എടുക്കുന്നതിലുള്ള അതൃപ്തി സൂചിപ്പിച്ചുകൊണ്ട് ചോദിച്ചു. “താങ്കൾക്ക് അതിനെക്കൊണ്ട് എന്ത് കാര്യമാണുള്ളത്?”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
