Tweet 1198

    Tweet 1198
    September 24, 2025 • Wednesday
    Post Header

    തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളിൽ വേറിട്ട ഒരു രംഗം കൂടി നമുക്ക് വായിക്കാം. മഹാനായ സ്വഹാബി അബൂ മൂസ(റ) പറയുന്നു. അനിഷ്ടകരമായ കുറേ ചോദ്യങ്ങൾ തിരുനബിﷺയോട് ചോദിച്ചു. അപ്പോൾ തിരുനബിﷺയുടെ മുഖത്ത് ദേഷ്യം പ്രകടമായി. അവിടുന്ന് ഇങ്ങനെ പറഞ്ഞു. നിങ്ങൾ എന്തും ചോദിച്ചു കൊള്ളൂ. അപ്പോൾ ഒരാൾ ചോദിച്ചു. എൻ്റെ പിതാവ് ആരാണ്? നബിﷺ പറഞ്ഞു. നിൻ്റെ പിതാവിൻ്റെ പേര് ഹുദാഫ. അതുകേട്ട അടുത്ത ആളും എഴുന്നേറ്റ് ചോദിച്ചു. എൻ്റെ വാപ്പ ആരാണ്? ശൈബയുടെ അടിമയായ സാലിം. ചോദ്യങ്ങൾ അധികരിക്കുകയും തിരുനബിﷺയുടെ മുഖഭാവം കാണുകയും ചെയ്തപ്പോൾ തുടയിൽ അടിച്ചു കൊണ്ട് ഉമർ(റ) എഴുന്നേറ്റു. എന്നിട്ട് പറഞ്ഞു. അല്ലാഹുവിനെ പരിപാലകനായും ഇസ്‌ലാമിനെ ആദർശമായും മുഹമ്മദ് നബിﷺയെ പ്രവാചകനായും ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു. അല്ലയോ അല്ലാഹുവിൻ്റെ ദൂതരെﷺ ഞങ്ങൾ അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങുന്നു.

    ഒരുപാട് സന്ദേശങ്ങൾ സമ്മേളിച്ച ഒരു ഹദീസാണിത്. തിരുനബിﷺയോട് എന്തും ചോദിക്കാനും അവിടുന്ന് ഏതിനും ഉത്തരം ചെയ്യാനും റെഡിയായിരുന്ന രംഗങ്ങൾ ജീവിതത്തിൽ കടന്നുപോയിട്ടുണ്ട്. പിതാവിൻ്റെ പേര് എന്താണെന്ന് കൂടുതൽ അറിയപ്പെടാത്തതും എന്നാൽ അന്വേഷിച്ചു ബോധ്യപ്പെടാവുന്നതുമായ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഉടനടിയുള്ള തിരുനബിﷺയുടെ മറുപടി ആളുകളിൽ കൂടുതൽ ആത്മവിശ്വാസമുണ്ടാക്കി. അന്വേഷിച്ച് അറിയേണ്ട കാര്യങ്ങൾ അന്വേഷിക്കുകയും പഠിക്കുകയും അന്വേഷണങ്ങൾക്ക് അവസരം നൽകുകയും നിവാരണങ്ങളിലൂടെ വൈജ്ഞാനിക വ്യവഹാരങ്ങൾ നടത്തുകയും ചെയ്യണമെന്ന് തിരുനബിﷺ പഠിപ്പിച്ചു.

    ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സന്ദർഭോചിതമായി വിളിച്ചുപറയുകയും ആവശ്യമെങ്കിൽ ആവർത്തിച്ചു പറയുകയും ചെയ്യുന്നത് തിരുനബിﷺയുടെ രീതിയായിരുന്നു. അബ്ദുല്ലാഹിബിന് അംറ്(റ) പറയുന്നു. ഞങ്ങൾ തിരുനബിﷺയോടൊപ്പം ഒരിക്കൽ യാത്ര ചെയ്തപ്പോൾ അവിടുന്ന് അല്പം പിന്നിലാണ് വന്നത്. വൈകുന്നേരത്തെ നിസ്കാരത്തിനു സമയമായതിനാൽ അതിവേഗം ഞങ്ങൾ അംഗ സ്നാനം ചെയ്തു. തിരക്കായതിനാൽ പലരും വെള്ളം കയ്യിൽ നനച്ചുകൊണ്ട് കാൽ തടവുകയായിരുന്നു. ഉടനെ തിരുനബിﷺ അല്പം ഉറക്കെ വിളിച്ചുപറഞ്ഞു.

    നരകത്തിൽ പോകുന്ന മടമ്പുകൾക്ക് എത്ര നാശം. അഥവാ കാൽ കഴുകേണ്ടതിനുപകരം തടവിയാൽ മതിയാവില്ല. കർമങ്ങളിൽ വരുന്ന വീഴ്ച ചിലപ്പോൾ നരകത്തിലെത്താൻ നിമിത്തമായേക്കും. ശ്രദ്ധിക്കണം എന്നായിരുന്നു പറഞ്ഞതിന്റെ താല്പര്യം. ജാഗ്രതയോടെ കാണേണ്ട വിഷയമായതുകൊണ്ട് തിരുനബിﷺ മൂന്നുപ്രാവശ്യം ആവർത്തിച്ചു പറഞ്ഞു. സന്ദർഭോചിതമായ വിവരങ്ങളെ ശരിയായ അർത്ഥത്തിൽ എത്തിച്ചു കൊടുക്കുക എന്ന പ്രബോധന രീതിയാണ് വൈജ്ഞാനിക കൈമാറ്റത്തിലൂടെ നിർവഹിച്ചത്.

    സ്ത്രീകൾക്ക് അവരുടെ കാര്യങ്ങൾ പഠിപ്പിക്കാൻ ഒരു ദിവസം നിശ്ചയിച്ചു നൽകിയ രീതി തിരുനബി ജീവിതത്തിൽ നിന്ന് വായിക്കാൻ കഴിയും. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബൂ സഈദ് അൽ-ഖുദ്രി(റ) പറഞ്ഞു. സ്ത്രീകൾ തിരുനബിﷺയോട് ആവലാതിപ്പെട്ടു. “പുരുഷന്മാർ ഞങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. അതിനാൽ, അവിടുന്ന് ഞങ്ങൾക്ക് ഒരു ദിവസം നിശ്ചയിച്ചു നൽകണം, ആ ദിവസം ഞങ്ങളെ പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യണം.” അപ്പോൾ തിരുനബിﷺ അവർക്ക് ഒരു ദിവസം വാഗ്ദാനം ചെയ്തു. അങ്ങനെ ആ ദിവസം തിരുനബിﷺ അവരെ ഉപദേശിക്കുകയും ചെയ്തു. ആ സന്ദർഭത്തിൽ പറഞ്ഞത്, “ഏതൊരു സ്ത്രീയുടെയും മൂന്ന് കുട്ടികൾ മരണപ്പെട്ടാൽ, അത് അവൾക്ക് നരകത്തിൽ നിന്ന് മറയായിത്തീരും.” അപ്പോൾ ഒരു സ്ത്രീ ചോദിച്ചു: “രണ്ട് കുട്ടികളാണെങ്കിലോ?” “രണ്ടാണെങ്കിലും.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...