Tweet 1196

    Tweet 1196
    September 22, 2025 • Monday
    Post Header

    തിരുനബിﷺയോടുള്ള വൈജ്ഞാനിക അന്വേഷണങ്ങൾ നബി ജീവിതത്തിന്റെ ഓരോ രാപകലുകളിലും നിറഞ്ഞു നിന്നിരുന്നു. ഓരോ സമയത്തും സ്വഹാബികൾക്ക് ആവശ്യമായ വിധം നിവാരണങ്ങൾ തേടിയെത്തുകയും തിരുനബിﷺ അവർക്ക് വേണ്ട മാർഗ്ഗദർശനങ്ങൾ നൽകുകയും ചെയ്തു. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു അംറുബിനു അൽ ആസ്(റ) പറഞ്ഞു. തിരുനബിﷺയുടെ വിടവാങ്ങൽ ഹജ്ജ് വേളയിൽ ജനങ്ങൾക്ക് ചോദിക്കാൻ അനുവദിച്ചുകൊണ്ട് തിരുനബിﷺ നിന്നുകൊടുത്തു. ഓരോരുത്തരും വന്ന് അവരുടെ അവസ്ഥകൾ മുന്നിൽ വച്ചുകൊണ്ട് ചോദ്യങ്ങൾ ആരംഭിച്ചു. ഒരാൾ പറഞ്ഞു. ഞാൻ ബലിയറുക്കുന്നതിന് മുമ്പ് മുടി നീക്കം ചെയ്തു, എന്താണ് ചെയ്യേണ്ടത്? നീ ഇനി അറവു നടത്തിക്കോളൂ കുഴപ്പമില്ല. ഞാൻ ഏറ് നിർവഹിക്കുന്നതിന് മുമ്പ് അറവു നിർവഹിച്ചു. കുഴപ്പമില്ല നീ ഏറ് നിർവഹിച്ചോളൂ. അങ്ങനെ തിരിച്ചും മറിച്ചും ഹജ്ജിന്റെ വ്യത്യസ്ത ഘട്ടങ്ങളിലെ വിവിധ രൂപങ്ങളും ഭാവങ്ങളും മുന്നിൽവച്ച് കൊണ്ട് സ്വഹാബികൾ പല വശങ്ങളിൽ നിന്നും ചോദിച്ചു. ശാന്തമായി എല്ലാവർക്കും തിരുനബിﷺ വിവരങ്ങൾ പറഞ്ഞു കൊടുത്തു.

    ഇത് അതിമനോഹരമായ ഒരു വൈജ്ഞാനിക വ്യവഹാരമാണ്. ഇസ്‌ലാമിലെ ഓരോ കർമങ്ങളും ശരിയാകണമെങ്കിൽ നിർദ്ദിഷ്ടമായ രൂപഭാവങ്ങളുണ്ട്. ശരിയാംവിധത്തിൽ നിർവഹിക്കുകയും ഉത്തരവാദിത്വം പൂർത്തിയാവുകയും ചെയ്ത കർമങ്ങളേ പ്രതിഫലാർഹമാവുകയും ചെയ്യുകയുള്ളൂ. അതുകൊണ്ട് ഓരോ വിശ്വാസിയും നിരന്തരമായി പഠിക്കാനുണ്ട്. നിത്യജീവിതം ഇസ്‌ലാമികമാകണമെങ്കിൽ തന്നെ തൽസമ്മന്തിയായ വിജ്ഞാനങ്ങൾ കൃത്യമായും നേടിയിരിക്കണം. മറ്റേതെങ്കിലും ഒരു മതദർശനത്തിൽ മതാനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ട് ജീവിക്കാൻ ഇത്രമേൽ അറിവുകൾ നേടേണ്ടതില്ല എന്നതാണ് ശരി.

    ഇതു മുന്നിൽ വച്ചുനോക്കുമ്പോൾ എല്ലാ മുസ്‌ലിം സമൂഹങ്ങളും ഒരു വിജ്ഞാന സമൂഹമായിരിക്കും. അവർക്ക് പ്രാഥമികമായി ഒരു മുസ്‌ലിമായി ജീവിക്കണമെങ്കിൽ തന്നെ ഒരുപാട് വിവരങ്ങൾ ആർജിക്കേണ്ടതുണ്ട്. വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടണമെങ്കിൽ എഴുത്തും വായനയും പഠനോപാധികളും അനിവാര്യമാണല്ലോ! ഒരു ഇസ്‌ലാം മത വിശ്വാസിയുടെ അനുഷ്ഠാന ജീവിതം പൂർത്തിയാകണമെങ്കിൽ എഴുത്തും വായനയും കൃത്യമായി തന്നെ അറിഞ്ഞിരിക്കണം. ഖുർആൻ പാരായണം ശരിയാകണമെങ്കിൽ അറബി ഭാഷയിൽ നിർദ്ദേശിക്കപ്പെട്ട ചിട്ടകളോടെ പാരായണം ചെയ്യാനും അനിവാര്യമായത് മനപ്പാഠമാക്കാനും ഓരോരുത്തരും തയ്യാറാകേണ്ടതുണ്ട്.

    കേവലം മനസ്സിൽ ഒതുങ്ങുന്ന ചില വിശ്വാസങ്ങളും കാഴ്ചപ്പാടുകളും മാത്രമായി നിൽക്കുന്ന മതദർശനങ്ങൾക്ക് ഇത്രമേൽ ഭാഷയോ വരികളോ അധ്യായങ്ങളോ പഠിക്കാനുണ്ടാകുമോ? ഇല്ലെന്നതല്ലേ ശരി.

    ഓരോ സാധാരണ വിശ്വാസിയും നിത്യവും അഞ്ചുനേരം നിസ്കരിച്ചിരിക്കണം. ആ നിസ്കാരത്തിന് നിയതമായ രൂപങ്ങളും ഭാവങ്ങളും ഒക്കെയുണ്ട്. നിസ്കാരത്തിനു മുമ്പ് ശുദ്ധീകരണ നിയമങ്ങൾ അറിഞ്ഞുകൊണ്ട് ശുദ്ധീകരണ പ്രക്രിയകൾ നിർവഹിച്ചിരിക്കണം. അംഗസ്നാനവും മാലിന്യങ്ങളിൽ നിന്നുള്ള മുക്തിയും നിർദ്ദേശിക്കപ്പെട്ട പ്രകാരം മാലിന്യങ്ങളെ നീക്കം ചെയ്യുന്നതും തുടങ്ങിയുള്ള ഒരുപാട് പഠനങ്ങൾ നടത്തിയെങ്കിൽ മാത്രമേ ഒരാൾക്ക് അഞ്ചുനേരത്തെ നിസ്കാരം അഭിമുഖീകരിക്കാൻ തന്നെ കഴിയുകയുള്ളൂ. ഇത്രമേൽ വിജ്ഞാനപൂർണമായ ഒരു സമൂഹസൃഷ്ടിയുടെ അടിവേരുകൾ സ്ഥാപിച്ച കാലമായിരുന്നു തിരുനബിﷺയുടെ ഓരോ ദിനരാത്രങ്ങളും. സ്വഹാബികൾ ഉയർത്തിയ ചോദ്യങ്ങൾ അവർക്ക് വേണ്ടി മാത്രമുള്ളതോ ലഭിച്ച മറുപടികൾ അവരിൽ മാത്രം ഒതുങ്ങുന്നതും ആയിരുന്നില്ല. അന്ത്യനാൾ വരെയുള്ള മനുഷ്യകുലത്തിന് ആവശ്യമായ ചോദ്യങ്ങളുടെയും നിവാരണങ്ങളുടെയും വൈജ്ഞാനികശാലയായിരുന്നു തിരുനബിﷺയുടെ ഓരോ സദസ്സും.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...