Tweet 1195

    Tweet 1195
    September 21, 2025 • Sunday
    Post Header

    തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളെ വായിക്കുമ്പോൾ ചിന്താപരവും കൗതുകകരവുമായ നിരവധി സന്ദർഭങ്ങൾക്ക് സാക്ഷിയാകാനാവും. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അബൂ സഅ്ലബാ അൽ ഖുശനി(റ) പറഞ്ഞു. ഞാൻ തിരുനബിﷺയോട് ചോദിച്ചു. അല്ലാഹുവിൻ്റെ ദൂതരെﷺ, അല്ലാഹു എനിക്ക് അനുവദിച്ചതും അല്ലാഹു എനിക്ക് അനുവദിക്കാത്തതുമായ കാര്യങ്ങളെ ഒന്ന് അറിയിച്ചു തന്നാലും. അപ്പോൾ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. ഹൃദയം ശാന്തമാവുകയും ആത്മസംതൃപ്തി ലഭിക്കുകയും ചെയ്യുന്ന കാര്യമാണ് നന്മ അല്ലെങ്കിൽ ഗുണം. ഹൃദയത്തിന് ശാന്തതയും ആത്മാവിന് സംതൃപ്തിയും തരാത്തത് നന്മയായിരിക്കില്ല. അത് ഇനി ഫത്’വ ചോദിച്ചപ്പോൾ മുഫ്തികൾ പറഞ്ഞുതന്നതാണെങ്കിലും ശരി.

    നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ആത്യന്തികമായി ഹൃദയത്തിൽ ലഭിക്കുന്ന ശാന്തതയും സമാധാനവും തെറ്റുകൾ വഴി കൈവരുന്ന മാനസിക അസ്വസ്ഥതയും പ്രകൃതിപരമായി തന്നെ മനുഷ്യനിലും നിറഞ്ഞിരിക്കുന്നു എന്ന് പഠിപ്പിക്കാനുള്ള ഒരു മഹത്തായ സന്ദേശമാണ് തിരുനബിﷺ കൈ മാറിയത്.

    ഇമാം ബുഖാരി(റ)യും മറ്റും നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ ഒരു മരത്തെക്കുറിച്ച് സദസ്സിൽ വച്ച് ചോദിച്ചു. ഇലകൊഴിയാത്ത സവിശേഷമായ ഒരു മരം. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. തിരുനബിﷺയുടെ ചോദ്യം പൂർത്തിയായപ്പോൾ തന്നെ എൻ്റെ ഹൃദയത്തിൽ അത് ഈത്തപ്പന ആയിരിക്കും എന്ന് ബോധ്യം വന്നിരുന്നു. എന്നാൽ സദസ്സിൽ വച്ച് അത് വേഗം പറയാൻ എന്റെ ലജ്ജ അനുവദിച്ചില്ല. സദസ്സ് നബിﷺയോട് തന്നെ വിശദീകരണം ആവശ്യപ്പെട്ടു. ഈത്തപ്പനയാണ് ഉദ്ദേശമെന്ന് തിരുനബിﷺ പറഞ്ഞു. അബ്ദുല്ലാഹിബ്നു ഉമർ(റ) തുടരുന്നു. ഞാൻ എൻ്റെ ഉപ്പ ഉമർ ബിൻ ഖത്താബി(റ)നോട് പറഞ്ഞു. തിരുനബിﷺ ചോദിച്ചപ്പോൾ തന്നെ ഉത്തരം എന്റെ ഹൃദയത്തിൽ വന്നിരുന്നു. അപ്പോൾ ഉമർ(റ) പറഞ്ഞു. നിങ്ങൾ ആ ഉത്തരം പറഞ്ഞിരുന്നെങ്കിൽ എത്ര സന്തോഷമായിരുന്നു. പിന്നീട് രൂപപ്പെട്ട സന്ദർഭത്തേക്കാൾ നല്ലത് അതായിരുന്നല്ലോ.

    തിരുനബിﷺ സദസ്സിനോട് നടത്തിയ വൈജ്ഞാനിക വ്യവഹാരം. കൂട്ടത്തിൽ പ്രായം കുറഞ്ഞ സ്വഹാബിയുടെ മനസ്സിൽ ഉത്തരമുണ്ടായെങ്കിലും ഉന്നതരും പ്രായമേറിയവരുമുള്ള സദസ്സിൽ പറയുന്നത് ഉചിതമല്ലെങ്കിലോ എന്ന ലജ്ജ. തിരുനബിﷺയോട് തന്നെ വിശദീകരണം തേടി മനസ്സിലാക്കുന്ന വൈജ്ഞാനിക പ്രതികരണങ്ങൾ. ഉമറുബ്നു ഖത്താബി(റ)നോട് മകൻ സ്വതന്ത്രമായി സന്ദർഭം പങ്കുവെച്ചത്. ഉത്തരം പറഞ്ഞിരുന്നെങ്കിൽ എത്ര സന്തോഷമായിരുന്നു എന്ന് വാത്സല്യത്തോടെ പിതാവ് പ്രതികരിച്ചത്. ഇങ്ങനെ വായിച്ച നിവേദനത്തിൻ്റെ ഓരോ വരികൾക്കും ചന്തവും കൗതുകവും ഏറെയാണ്. തിരുനബിﷺയുടെ ഒരു സദസിന്റെ ഭംഗിയും ഹൃദയത്തിൽ തെളിയിച്ചു തരുന്ന സംഭവമാണിത്.

    ഇമാം ബുഖാരി(റ) ഇബ്നു മസ്ഊദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. അല്ലാഹുവിൻ്റെ റസൂൽﷺ ഉപദേശങ്ങൾ പങ്കുവെക്കുന്ന നേരത്ത് ഞങ്ങളെ മടുപ്പിക്കുന്നത് ഭയന്ന് ഉപദേശങ്ങളിൽ വിട്ടുവീഴ്ച കാണിക്കാറുണ്ടായിരുന്നു.

    മനശാസ്ത്രപരമായ സമീപനങ്ങളായിരുന്നു തിരുനബിﷺയുടെ അധ്യാപനങ്ങളിലുണ്ടായിരുന്നത് എന്ന് മറ്റൊരു ഭാഷയിലും ശൈലിയിലും അവതരിപ്പിക്കുകയാണിവിടെ. തിരുനബിﷺ ഉപദേശങ്ങൾ നൽകുമ്പോൾ സമയവും സന്ദർഭവും സംബോധിതന്റെ മനോഗതിയും ജീവിത സാഹചര്യങ്ങളും എല്ലാം മനസ്സിലാക്കിയിരുന്നു. ഏറ്റവും ഉചിതമായ സമയത്ത് ഏറ്റവും ഉചിതമായ ഉപദേശമായിരുന്നു അവിടുത്തെ ഇടപെടലിന്റെ സൗന്ദര്യം. വൈജ്ഞാനിക പ്രചോദനങ്ങളിലൂടെ പരിസരങ്ങളെ കൂടുതൽ പ്രകാശിതമാക്കാൻ തിരുനബിﷺയുടെ പ്രബോധന വഴികൾ സജീവമായി നിലനിന്നു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...