
പടക്കളത്തിലെ ക്രമീകരണങ്ങൾക്ക് തിരുനബിﷺ തന്നെ നേതൃത്വം നൽകി. സ്വഹാബികളെ അണിയൊപ്പിച്ച് നിർത്തുന്നതിൽ തിരുനബിﷺ പ്രത്യേകം ജാഗ്രത പുലർത്തി. ബദ്ർ പടക്കളത്തിൽ സ്വഹാബികളെ കൃത്യമായ നിരയൊപ്പിച്ച രംഗം അബൂ അയ്യൂബ്(റ) നിവേദനം ചെയ്യുന്നുണ്ട്. ഓരോ ജനതയുടെയും പതാകകൾ നിർണയിച്ച സ്ഥലങ്ങളിൽ, അതാത് ഗോത്രക്കാർ അവരവരുടെ പതാകക്ക് കീഴിൽ അണിനിരക്കാനും പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു.
കൂലിപ്പണിക്കാരെയും മറ്റുളളവരുടെ ഉടമസ്ഥതയിൽ കഴിയുന്ന അടിമകളെയും ആക്രമിക്കുകയോ കൊന്നുകളയുകയോ ചെയ്യരുതെന്ന് പ്രത്യേകം നിർദ്ദേശം നൽകിയ രംഗങ്ങളുമുണ്ട്.
യുദ്ധ വേളയിൽ ശബ്ദമുണ്ടാക്കുന്നതും ശബ്ദമുയർത്തുന്നതും തിരുനബിﷺ താല്പര്യപ്പെട്ടിരുന്നില്ല. അങ്ങനെ ശബ്ദമുയർത്തരുതെന്ന് പ്രത്യേകം നിർദ്ദേശം നൽകിയ ഹദീസുകൾ ഖൈസ് ബിൻ സാഇദ(റ)യിൽ നിന്നും അബൂ മൂസ(റ)യിൽ നിന്നും ഇമാം അബുദാവൂദ്(റ) നിവേദനം ചെയ്തിട്ടുണ്ട്.
യുദ്ധം ലക്ഷ്യം വെച്ചും അല്ലാതെയും യാത്ര ചെയ്യുമ്പോൾ ഒറ്റക്ക് യാത്ര ചെയ്യരുതെന്നും ഒറ്റയ്ക്കൊരു സ്ഥലത്ത് ഉറങ്ങരുതെന്നും പ്രത്യേകം തിരുനബിﷺ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഒരു നേതൃത്വത്തിന്റെ സർവ്വതലസ്പർശിയായ ജാഗ്രതയോടെയുള്ള ക്രമീകരണങ്ങളുടെ അധ്യായങ്ങളായിട്ടാണ് ഇതൊക്കെ നാം വായിച്ചു പോകുന്നത്. ഓരോ അണിയും അനുയായിയും എപ്പോൾ എവിടെ എങ്ങനെയൊക്കെ ഉണ്ടാകണമെന്ന കൃത്യമായ ശ്രദ്ധയോടുകൂടിയായിരുന്നു സൈനിക സഞ്ചാരങ്ങളെ തിരുനബിﷺ നിയന്ത്രിച്ചിരുന്നത്.
നയതന്ത്ര പരമായ സമീപനങ്ങൾ സ്വീകരിക്കുന്നതിൽ ഏറ്റവും സമയോചിതമായ ഇടപെടലുകളായിരുന്നു തിരുനബിﷺ നിർവഹിച്ചിരുന്നത്. ചില സ്ഥലങ്ങളിൽ യോദ്ധാക്കൾ പലയിടങ്ങളിലായി താമസിക്കാനും, മറ്റു ചിലപ്പോഴൊക്കെ ഒരുമിച്ചൊരു സ്ഥലത്തുണ്ടായാൽ ഒരു മേൽക്കൂരയ്ക്ക് കീഴെ ഉണ്ടാകണമെന്നും തുടങ്ങിയ നിർദ്ദേശങ്ങൾ ഒക്കെ സന്ദർഭോചിതമായി സ്വഹാബികൾക്ക് ലഭിച്ചിരുന്നു. ചിലപ്പോൾ ചിതറി കഴിയുന്നത് പൈശാചിക വിചാരമാണെന്ന് പറഞ്ഞ സന്ദർഭങ്ങളുമുണ്ട്.
പ്രതിസന്ധിഘട്ടങ്ങളിൽ പ്രത്യേക നിർദ്ദേശങ്ങൾ നൽകും. ഉള്ളവർ ഒരുമിച്ചു നിൽക്കാനും സഹിഷ്ണുത കൈവരിക്കാനും ഏതു ഘട്ടത്തെയും അതിജീവിക്കാൻ ആത്മസന്നദ്ധരാകാനും അപ്പപ്പോൾ ഉചിതമായ നിർദ്ദേശങ്ങൾ നൽകും.
ദുർബലരായ ആളുകൾക്ക് ശാരീരികമായി യുദ്ധക്കളങ്ങളിൽ സന്നദ്ധരാവാൻ കഴിയാതിരിക്കുമ്പോഴും അവരുടെ പ്രാർഥനയ്ക്ക് വലിയ മൂല്യമുണ്ടെന്നും അല്ലാഹുവിൻ്റെ സഹായം നമുക്ക് ലഭിക്കുന്നത് ദുർബലരുടെ പ്രാർഥന കൊണ്ടാണെന്നും തിരുനബിﷺ ഉൽബോധിപ്പിച്ചു കൊണ്ടിരുന്നു.
ഒരു നേതാവിന്റെ മനശാസ്ത്രപരമായ ഇടപെടലിന്റെ ഉദാഹരണമാണിത്. യോദ്ധാക്കൾക്ക് അഹംഭാവം ഉണ്ടാവാതിരിക്കാനും ദുർബലർക്ക് മനസ്സിൽ സങ്കോചം ഇല്ലാതിരിക്കാനും ഏറ്റവും പ്രയുക്തമായ ഒരു മാർഗ്ഗമായിരുന്നു ഇത്. ദുർബലരായ ആളുകൾ പ്രാർഥനയിലൂടെ യുദ്ധത്തിന്റെ ഭാഗമാവുകയും അവരുടെ പ്രാർഥന കൂടിയുള്ളപ്പോഴാണ് നമുക്ക് ശക്തി എന്ന് നേതാക്കൾ വിചാരിക്കുകയും ചെയ്യുമ്പോൾ പരസ്പരം ലഭിക്കുന്ന ഒരു ബന്ധവും ആത്മബലവുമുണ്ട്. അതിനെ വളരെ മനോഹരമായി തിരുനബിﷺ ചേർത്തുപിടിച്ചു.
വളരെയേറെ സന്നിഗ്ധമായ ഘട്ടങ്ങളിൽ തിരുനബിﷺ പ്രത്യേകമായ പ്രാർഥനകൾ നിർവഹിച്ചു. സൈന്യങ്ങളെ സഹായിക്കേണമേ എന്നും ശത്രുക്കളെ പരാജയപ്പെടുത്തണമേ എന്നും മനസ്സറിഞ്ഞുകൊണ്ടുള്ള പ്രാർഥനകളുടെ ഫലം സ്വഹാബികൾ നേരിട്ട് അനുഭവിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
