Tweet 1193

    Tweet 1193
    September 19, 2025 • Friday
    Post Header

    തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളും സമീപനങ്ങളും സംബന്ധിച്ച സുപ്രധാനമായ ഒരു അധ്യായമാണ് നമുക്ക് വായിക്കാനുള്ളത്. തിരുനബിﷺ മുന്നോട്ടുവച്ചത് തന്നെ പഠനവും വായനയും അറിവും മുന്നിൽവച്ച് കൊണ്ടുള്ള മഹത്തായ ഒരു വിപ്ലവത്തെയാണല്ലോ! അദ്ധ്യാത്മികം, ആത്മീയം ദൈവത്തിലേക്കുള്ള വഴി എന്നൊക്കെ പറയുമ്പോൾ പലപ്പോഴും വായനക്കും പഠനത്തിനും മനനത്തിനും നിരീക്ഷണത്തിനും ഒന്നും പ്രസക്തിയില്ലാത്ത വിധം കേവലമായ അനുകരണവും അന്ധമായ വിധേയത്വവും അഭൗതികം എന്ന് തോന്നുന്ന ചില മാനങ്ങളും ഒക്കെയായിരിക്കും. എന്നാൽ മുഹമ്മദ് നബിﷺ ‘വായിക്കൂ’ എന്ന് തുടങ്ങി തന്നെയാണല്ലോ അവിടുത്തെ പ്രബോധനത്തിന്റെയും നവോത്ഥാനത്തിന്റെയും പ്രാരംഭം കുറിച്ചത്. അതുകൊണ്ടുതന്നെ തിരുനബിﷺയുടെ വൈജ്ഞാനിക സമീപനങ്ങളും പഠന അന്വേഷണ മേഖലകളെ സമീപിച്ച രീതികളും വളരെ പ്രാധാന്യത്തോടെ തന്നെ നമുക്ക് വായിക്കാനുണ്ട്.
    തിരുനബിﷺയുടെ അറിവിന്റെ ഉറവിടവും സ്രോതസ്സും ഭൗതികലോകത്തെ ഏതെങ്കിലും ഒരു അധ്യാപകനിൽ നിന്ന് പകർന്നെടുത്തതല്ല. അങ്ങനെയൊരു സാമ്പ്രദായിക ശിക്ഷണത്തിനും അറിവന്വേഷണത്തിനും വിദ്യാലയത്തിലും ഒന്നും നബിﷺ പോയിട്ടുമില്ല. അല്ലാഹുവിൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട പ്രവാചകൻ എന്ന അർത്ഥത്തിൽ എല്ലാ അറിവും എല്ലാ അർത്ഥത്തിലും അല്ലാഹു നേരിട്ട് നൽകിയതായിരുന്നു. തിരുനബിﷺയുടെ വൈജ്ഞാനിക റഫറൻസ് മുഴുവനും പ്രപഞ്ചത്തിനധിപനായ അല്ലാഹുവാണ്. തങ്ങൾക്ക് അറിയാത്തതെല്ലാം അവിടുത്തേക്ക് പഠിപ്പിച്ചു തന്നിരിക്കുന്നു എന്നാണ് ഖുർആൻ പ്രസ്താവിച്ചത് തന്നെ. വിശുദ്ധ ഖുർആനിലെ നാലാം അധ്യായത്തിലെ 113 ആം സൂക്തത്തിന്റെ ഒരു ഭാഗം ഉൾക്കൊള്ളുന്ന ആശയം ഇങ്ങനെയാണ്. “തങ്ങൾക്ക് അറിവില്ലാതിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. തങ്ങൾക്ക് അല്ലാഹു ചെയ്തുതന്ന അനുഗ്രഹം എത്ര മഹത്തരമാകുന്നു. ”
    അറിവിലും ബഹുമതിയിലും തിരുനബിﷺയെ മറികടക്കാൻ ആരുമില്ല എന്ന് എത്ര മനോഹരമായിട്ടാണ് ഇമാം ബൂസീരി(റ) കാവ്യവൽക്കരിച്ചിട്ടുള്ളത്. തിരുനബിﷺയുടെ വൈജ്ഞാനിക സമീപനങ്ങളെ സംബന്ധിച്ച ചില നിവേദനങ്ങളും സന്ദർഭങ്ങളും നമുക്ക് വായിച്ചു തുടങ്ങാം.
    ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ജുബൈർ ബിൻ മുത്ത്ഇം(റ) പറഞ്ഞു. ഒരാൾ തിരുനബിﷺയുടെ അടുക്കൽ വന്നു. അയാൾ ചോദിച്ചു. നാടുകളിൽ ഏറ്റവും മോശമായത് ഏതാണ്? തിരുനബിﷺ പറഞ്ഞു. എനിക്കറിയില്ല. ജിബ്‌രീൽ(അ) തിരുനബിﷺയുടെ അടുക്കൽ വന്നപ്പോൾ ഇതേ ചോദ്യം നബിﷺ ജിബ്‌രീലി(അ)നോട് ചോദിച്ചു. എനിക്കറിയില്ല അല്ലാഹുവിനോട് ചോദിച്ചറിഞ്ഞെങ്കിലെ പറയാനാവൂ എന്ന് ജിബ്‌രീൽ(അ) മറുപടി പറഞ്ഞു. സമയങ്ങൾക്കുശേഷം ജിബ്‌രീൽ(അ) വന്ന് നബിﷺയോട് പറഞ്ഞു. അല്ലയോ മുഹമ്മദ് നബിﷺയെ, അവിടുന്ന് എന്നോട് ചോദിച്ചിരുന്നുവല്ലോ പ്രദേശങ്ങളിൽ ഏറ്റവും മോശമായത് ഏതാണെന്ന്? അത്യുന്നതനായ അല്ലാഹുവിനോട് ഞാൻ ഇക്കാര്യം ചോദിച്ചു. ഓരോ നാടുകളിലെയും അങ്ങാടികളാണ് എന്ന് അല്ലാഹു മറുപടി പറഞ്ഞു.
    ആശ്ചര്യകരമായ ഈ നിവേദനം കൗതുകകരമായ പല സന്ദേശങ്ങളും നൽകുന്നുണ്ട്. അറിയാത്ത കാര്യം അറിയില്ലെന്ന് പറയാൻ അല്ലാഹുവിൻ്റെ ദൂതർക്കും ദിവ്യ സന്ദേശങ്ങൾ എത്തിച്ചു കൊടുക്കുന്ന മലക്കിനും യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല. ഏത് അറിവുള്ളവർക്കും അറിയാത്ത കാര്യങ്ങളുണ്ടാവും. സൃഷ്ടികളുടെ മുഴുവൻ അറിവും സ്രഷ്ടാവിൽ നിന്ന് സിദ്ധിച്ചത് മാത്രമാണ്. സ്രഷ്ടാവിന് മാത്രമേ സ്വന്തമായി എല്ലാമുള്ളൂ. അവൻ നൽകിയത് മാത്രമാണ് സൃഷ്ടികൾക്ക് മുഴുവനും ലഭ്യമായത്. അല്ലാഹുവിൽ നിന്ന് ഏറ്റവും കൂടുതൽ അറിവും അവബോധവും ലഭിച്ചിട്ടുള്ളത് അല്ലാഹുവിന്റെ ഏറ്റവും പ്രിയപ്പെട്ട ദാസനും ദൂതനുമായ മുഹമ്മദ് നബിﷺക്കാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...